08:05am 08 July 2024
NEWS
ആര്യ രാജേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിഷേധിക്കുന്നവരെ പിരിച്ച് വിടുന്നത് പാർട്ടി നയമല്ലെന്ന് എം വി ​ഗോവിന്ദൻ
09/09/2022  04:38 PM IST
Maya
ആര്യ രാജേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിഷേധിക്കുന്നവരെ പിരിച്ച് വിടുന്നത് പാർട്ടി നയമല്ലെന്ന് എം വി ​ഗോവിന്ദൻ
HIGHLIGHTS

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്

തിരുവനന്തപുരം:  ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.


ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.


ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.


ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഐഎൻടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം. വിവാദം ശക്തമായതടെ സിപിഐഎം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സിപിഐഎം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA