11:38am 05 July 2024
NEWS
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ ദുരൂഹമരണം:
പരാതി നല്‍കിയ സഹോദരനെതിരെ പരാതിയുമായി ഭാര്യ

05/01/2024  12:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ടിന്‍റെ  ദുരൂഹമരണം: പരാതി നല്‍കിയ സഹോദരനെതിരെ പരാതിയുമായി ഭാര്യ

കൊച്ചി: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന  ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി.വൈ.എസ്.പി) കെ ഹരികൃഷ്ണന്‍റെ ദുരൂഹ മരണത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വിശദമായ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കു പരാതി നല്‍കിയ സഹോദരന്‍ കെ മുരളീകൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കി ഹരികൃഷ്ണന്‍റെ ഭാര്യ വാണി.ڔ

ഏറെ സംശയങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് ഹരികൃഷ്ണന്‍റെ മരണമെന്ന് ചൂണ്ടിക്കാട്ടിയ മറ്റു സഹോദരങ്ങളായ സൗമിനി ദേവി, ശോഭലത എന്നിവരുടെയും വേദന പങ്കുവച്ചാണ്ڔ മുരളീകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ഡിജിപിക്കും പരാതി നല്‍കിയത്. ആത്മഹത്യയാണെന്ന നിഗമനവുമായി ഈ ദുരൂഹ മരണത്തിന്‍റെ ഫയല്‍ڔ ക്ലോസ് ചെയ്യാനുള്ള ലോക്കല്‍ പോലീസിന്‍റെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു.
പൊലീസ് സേനയില്‍ വിജയകരമായി സേവനം പൂര്‍ത്തിയാക്കിയ, സമ്മര്‍ദങ്ങളെയൊക്കെ അതിജീവിക്കുകയും നിരവധി വേദികളില്‍ മന:ശാസ്ത്ര ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തിരുന്ന പ്രൊഫഷണലായ ഹരികൃഷ്ണന്‍ മാനസിക വിഷമങ്ങളാല്‍ സ്വയം ജീവനൊടുക്കിയെന്ന പോലീസ് ഭാഷ്യം വിശ്വസിക്കാനാവില്ലെന്ന അഭിപ്രായമാണ് സഹോദരങ്ങള്‍ക്കുള്ളത്.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മുരളീകൃഷ്ണനെതിരെ ഹരികൃഷ്ണന്‍റെ ഭാര്യ വാണി ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്തൃസഹോദരനെതിരെയുള്ള ഹരികൃഷ്ണന്‍റെ ഭാര്യ വാണിയുടെ പരാതി ലഭിച്ചതായി ഹരിപ്പാട് പോലീസ് സ്ഥിരീകരിച്ചെങ്കിലും ഉള്ളടക്കം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ദോഹയിലുള്ള മുരളീകൃഷ്ണനോട് വിവര ശേഖരണത്തിനായി ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായാണറിയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 29ന് പുലര്‍ച്ചെ ആലപ്പുഴ ഹരിപ്പാട് ഏവൂരില്‍ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവല്‍ ക്രോസിനു സമീപത്താണ് ഹരിപ്പാട് കുമാരപുരം പുത്തേത്ത് പരേതനായ കരുണാകരന്‍ നായരുടെ മകനായ ഹരികൃഷ്ണന്‍റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ക്രോസിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അദ്ദേഹത്തിന്‍റെ കാറും കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.കാറില്‍ നിന്നു കിട്ടിയ കത്ത്, ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് ആത്മഹത്യാ നിഗമനത്തിലെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS