01:33pm 05 July 2024
NEWS
അങ്ങിനെ പഞ്ചാബിലും അടിതുടങ്ങി
ഇങ്ങിനെ പോയാല്‍ എങ്ങിനെ ?
രാഹുല്‍ ഗാന്ധിക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല

23/10/2019  12:13 PM IST
Keralasabdam Online Desk
പഞ്ചാബിലും പ്രശ്‌നംതന്നെ
HIGHLIGHTS

അടുത്തിടെ മുന്‍കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാചതുര്‍വേദിയും നടി ഊര്‍മ്മിളാ മന്ദരോത്കറും പാര്‍ട്ടി വിട്ടിരുന്നു. ഇത് മഹാരാഷ്ട്രയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമാണ് നടക്കുന്നതെങ്കിലും അവിടെ ഏതുസമയത്തും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കണ്ടകശനി ആണെന്ന് തോന്നുന്നു. തൊടുന്നതെല്ലാം പരാജയം. തിരഞ്ഞെടുപ്പുകളിലെല്ലാം ഒന്നിനുപുറകേ ഒന്നായി ഗംഭീര തോല്‍വി. ഇനി വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ അവിടെല്ലാം പ്രശ്‌നങ്ങളാണ്. ഓരോ ദിവസവും പാര്‍ട്ടി വിട്ടുപോകുന്നവരുടെ എണ്ണം കൂടി വരികയാണ്. വിട്ടുപോകുന്നവരൊക്കെ പോട്ടെ എന്നുവിചാരിച്ചാലും രക്ഷയില്ല. ഇവന്‍മാരെല്ലാം കൂടി ചെന്നുകയറുന്നത് ബി.ജെ.പി. പാളയത്തിലേക്കാണ് എന്നതാണ് ദുരന്തം. അവിടെ ചെന്ന് ഗാന്ധികുടുംബത്തെയും ഇപ്പോഴത്തെ പാര്‍ട്ടി ചേട്ടന്‍മാരെയും പച്ചയ്ക്ക് തെറിവിളിക്കുകയാണ്. ഇതിങ്ങിനെപോയാല്‍ എവിടെ ചെന്ന് അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ലത്രെ.

ഏറ്റവും ഒടുവില്‍ ദേ മുന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മുന്‍ മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവന്റെ  ഭാര്യ നവജ്യോത് കൗര്‍ കോണ്‍ഗ്രസ് വിട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് കൗറിന് സീറ്റ് കൊടുക്കാത്തതിനെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. നവജ്യോത് കൗറിന് ചണ്ഡീഗഡ് സീറ്റ് കൊടുക്കാതിരുന്നത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന് കൗര്‍ ആരോപിച്ചിരുന്നു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കൗര്‍ നേരത്തെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആര്‍ക്കും സീറ്റ് നിഷേധിച്ചിട്ടില്ലെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് നവജ്യോത് സിംഗ് സിദ്ദു അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. അങ്ങിനെ പഞ്ചാബിലും അടിപിടികളും അടിയൊഴുക്കുകളും തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ മുന്‍കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാചതുര്‍വേദിയും നടി ഊര്‍മ്മിളാ മന്ദരോത്കറും പാര്‍ട്ടി വിട്ടിരുന്നു. ഇത് മഹാരാഷ്ട്രയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമാണ് നടക്കുന്നതെങ്കിലും അവിടെ ഏതുസമയത്തും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എസ്.പി., ബി.എസ്.പി. എന്നിവരുമായി ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കിയിട്ട് പോലും നിലംതൊടാന്‍ പറ്റിയില്ല. അത്ര ദയനീയമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷം രൂപവത്കരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷംപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. ഇതിങ്ങിനെ പോയാല്‍ എന്താകും എന്ന് രാഹുല്‍ ഗാന്ധി ചിന്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളം ഒഴികെ എല്ലായിടത്തും പ്രശ്‌നങ്ങളാണ്. ഇങ്ങിനെ പോയാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നുള്ളത് കേരളാനാഷണല്‍ കോണ്‍ഗ്രസ് എന്നാക്കേണ്ടിവരുമെന്നാണ് ബി.ജെ.പി. ക്യാമ്പ് പരിഹസിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL