09:24am 01 July 2024
NEWS
ദേശീയ വേതന നിയമത്തിന്‍റെ കരടില്‍
ജോലി സമയം 9 മണിക്കൂറാക്കാന്‍ നിര്‍ദ്ദേശം

05/11/2019  11:38 AM IST
KERALASABDAM
ദേശീയ വേതന നിയമത്തിന്‍റെ കരടില്‍ ജോലി സമയം 9 മണിക്കൂറാക്കാന്‍ നിര്‍ദ്ദേശം
HIGHLIGHTS

പതിമൂന്ന് തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ നിയമപരിഷ്ക്കരണത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് അനുമതി നല്‍കിയിരിക്കുകയാണ്. ഒ.എസ്.എച്ച്. കോഡ് എന്നാണ് ഈ പുതിയ ബില്ലിന്‍റെ പേര്. 

 


ജോലി സമയം 9 മണിക്കൂറായി നിജപ്പെടുത്തണമെന്ന് ദേശീയ വേതന നിയമത്തിന്‍റെ കരടില്‍ നിര്‍ദ്ദേശം. സാധാരണ പ്രവര്‍ത്തി ദിനമെന്നത് 9 മണിക്കൂറായിരിക്കും. 12 മണിക്കൂറില്‍ കൂടരുത്. അതേസമയം ദിവസവേതനം 8 മണിക്കൂര്‍ അടിസ്ഥാനമാക്കിയും മാസവേതനം 28 ദിവസം 8 മണിക്കൂര്‍ എന്ന് അടിസ്ഥാനമാക്കിയുമാകും നിശ്ചയിക്കുക. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ഒരു മാസം സമയമുണ്ട്.

 

1-15 ആഗസ്റ്റ് 2019   'കേരളശബ്ദം'ത്തില്‍ പ്രസിദ്ധീകരിച്ച പ്രസാധകക്കുറിപ്പ് 

പതിമൂന്ന് തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ നിയമപരിഷ്ക്കരണത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് അനുമതി നല്‍കിയിരിക്കുകയാണ്. ഒ.എസ്.എച്ച്. കോഡ് എന്നാണ് ഈ പുതിയ ബില്ലിന്‍റെ പേര്. പത്തും അതിലധികവും തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഈ പുതിയ തൊഴില്‍ നിയമം ബാധകമാകും. ഒ.എസ്.എച്ച് കോഡ് പ്രകാരം 14 മണിക്കൂര്‍ വരെ ജോലി സമയം ദീര്‍ഘിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് കഴിയും, ഓവര്‍ ടൈമിലും മറ്റും മാറ്റം വരും. നിലവിലെ കരാര്‍ തൊഴിലാളി നിയമം പുതിയ ബില്ലിന്‍റെ ഭാഗമാക്കുമെന്നതിനാല്‍, തുല്യജോലിക്ക് തുല്യവേതനം എന്ന ജനാധിപത്യപരമായ അവകാശം ഇല്ലാതാകും, തൊഴില്‍ശാലകളും മറ്റ് സ്ഥാപനങ്ങളും പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍ക്ക് പകരം 'ഫെലിസിറ്റേര്‍' ആയിരിക്കും. ഇതൊക്കെകൊണ്ട് ഈ ബില്‍ പൂര്‍ണ്ണമായും തൊഴിലുടമകള്‍ക്ക് അനുകൂലമാണ്, അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് തുടങ്ങി നിരവധി വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഒ.എസ്.എച്ച് കോഡിനെതിരെ ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. തൊഴിലാളികള്‍ സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത 888 (8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം) ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ഈ ബില്‍ മോദി സര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നീക്കത്തിന്‍റേയും മുതലാളി വര്‍ഗ്ഗ ചായ്വിന്‍റേയും സുപ്രധാനകാല്‍വയ്പ്പാണെന്നും, ഇനിയും കൂടുതല്‍ അപകടകരമായ നിയമനീക്കങ്ങള്‍ ഉണ്ടാകുമെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജോലിസമയം 14 മണിക്കൂര്‍ വരെയാക്കാവുന്ന ഈ നീക്കം ഒറ്റപ്പെട്ടതല്ലെന്നും, ആഗോളതലത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, തൊഴില്‍ മേഖലകളിലെ പുത്തന്‍ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ചൈനയിലേയും ജപ്പാനിലേയും സംരംഭങ്ങളില്‍ പരക്കെ പ്രാവര്‍ത്തികമാക്കി കഴിഞ്ഞിരിക്കുന്ന പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‍റെ കോഡാണ് '996.' കാലത്ത് 9 മണിക്ക് ആരംഭിച്ചു രാത്രി 9 മണിക്ക് അവസാനിക്കുന്ന പ്രവര്‍ത്തിസമയത്തെയാണ് '99' എന്നീ അക്കങ്ങള്‍ സൂചിപ്പിക്കുന്നത്. '6' എന്നത് ഒരു ആഴ്ചയിലെ പ്രവര്‍ത്തിദിവസങ്ങളുടെ എണ്ണമാണ്. അതായത് ആഴ്ചയില്‍ 72 മണിക്കൂര്‍ പണിയെടുക്കേണ്ടി വരുന്ന സമയക്രമീകരണം.


'ആലിബാബ' എന്ന ബഹുരാഷ്ട്ര ടെക് കമ്പനി ശൃംഖലയിലൂടെ ലോകത്തെ വമ്പന്‍ കോടീശ്വരന്മാരിലൊരാളായി തീര്‍ന്നിരിക്കുന്ന, ചൈനയിലെ പഴയ സ്ക്കൂള്‍ മാഷായ ജാക്ക് മാ യുന്‍ ആണ് ഈ പുതിയ തൊഴില്‍ സംസ്ക്കാരത്തിന്‍റെ ഉപജ്ഞാതാവ്. തന്‍റെ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന ഈ തൊഴില്‍ സമയക്രമം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കണമെന്നും, കടുത്ത മത്സരത്തില്‍ അധിഷ്ഠിതമായ ആഗോള സാമ്പത്തിക കമ്പോളത്തില്‍, കുറഞ്ഞ ജോലിസമയം എന്ന 'കംഫര്‍ട്ട് സോണ്‍' ഭേദിച്ചാലേ പുരോഗതി ഉണ്ടാകൂ എന്നും ജാക്ക് മാ യുന്‍ ആഹ്വാനം ചെയ്യുന്നു.


പിന്‍കാഴ്ച:

'996' നെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ സമ്പ്രദായം കര്‍ശനമായി നടപ്പിലാക്കിയിരിക്കുന്ന ജപ്പാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന 'ഖരോഷി' എന്ന മഹാവിപത്തിനെതിരെയാണ് (ഈ ജാപ്പനീസ് വാക്കിന്‍റെ അര്‍ത്ഥം 'അമിതജോലി ഭാരം കൊണ്ടുണ്ടാകുന്ന മരണം' എന്നാണ്) . ജോലിഭാരം താങ്ങാനാവാതെ, കടുത്ത മാനസിക പിരിമുറുക്കത്തില്‍പ്പെട്ട് ജീവനൊടുക്കുന്നവരുടെയും ആരോഗ്യം ക്ഷയിച്ചുമരണത്തിന് കീഴടങ്ങുന്നവരുടേയും എണ്ണം ജപ്പാനില്‍ ഭീതിദമാംവിധം വര്‍ദ്ധിച്ചുവരികയാണ്.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.