12:28pm 08 July 2024
NEWS
ഇന്ത്യൻ പ്രതിരോധ മേഖലയുടെ പ്രധാനകേന്ദ്രമായി ​ഗുജറാത്ത് മാറുമെന്ന് പ്രധാനമന്ത്രി
19/10/2022  05:20 PM IST
nila
ഇന്ത്യൻ പ്രതിരോധ മേഖലയുടെ പ്രധാനകേന്ദ്രമായി ​ഗുജറാത്ത് മാറുമെന്ന് പ്രധാനമന്ത്രി
HIGHLIGHTS

 രാജ്യസുരക്ഷയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സംസ്ഥാനത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിനഗർ: ഇന്ത്യൻ പ്രതിരോധ മേഖലയുടെ പ്രധാനകേന്ദ്രമായി ​ഗുജറാത്ത് മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിൽ ഡിഫൻസ് എക്സ്പോ 2022-ന്റെ ഉദ്ഘാടനവും വ്യോമ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഡീസയിൽ നിർമാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയിൽ നിർണായകമാകുമെന്നും മോദി പറഞ്ഞു. 

'പുതിയ വ്യോമതാവളത്തിൻറെ നിർമാണത്തിൽ ജനങ്ങൾ ഏറെ ആഹ്‌ളാദചിത്തരാണ്. അതിർത്തിയിൽനിന്ന് 130 കിലോ മീറ്റർ മാത്രമാണ് ഡീസയിലേക്കുള്ള അകലം. പദ്ധതി നടപ്പിലാവുന്നതോടെ വ്യോമസേനക്ക് രാജ്യത്തിന്റെ പശ്ചിമഭാഗത്തുനിന്നുള്ള ഏതു ഭീഷണിയേയും ഉത്തമമായി പ്രതിരോധിക്കാനാകും', മോദി വ്യക്തമാക്കി.

 രാജ്യസുരക്ഷയിൽ സുപ്രധാന പങ്കുവഹിക്കാൻ സംസ്ഥാനത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിമാനത്താവളനിർമാണത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അന്നത്തെ കേന്ദ്രസർക്കാരിന്റെ അനാസ്ഥ മൂലം വർഷങ്ങളോളം പദ്ധതി വൈകിയതായും താൻ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ പ്രതിരോധസേനയിലെ അംഗങ്ങളുടെ സ്വപ്നം സഫലമാകാൻ പോകുകയാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രതിരോധമേഖല നേരിടുന്ന വിവിധ ഭീഷണികൾക്ക് പുതുതായി നടപ്പിലാകാൻ പോകുന്ന മിഷൻ ഡിഫൻസ് സ്പേസ് പദ്ധതി പരിഹാരമാകുമെന്നും ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL