10:30am 08 July 2024
NEWS
ജനം മുണ്ട് മുറുക്കിയുടുത്തു; സർക്കാർ എട്ട് ഇന്നോവ ക്രിസ്റ്റ കൂടി വാങ്ങി; മന്ത്രി മുഹമ്മദ് റിയാസിന് ഇനി മുതൽ രണ്ട് കാറുകൾ

01/02/2023  04:19 PM IST
nila
ജനം മുണ്ട് മുറുക്കിയുടുത്തു; സർക്കാർ എട്ട് ഇന്നോവ ക്രിസ്റ്റ കൂടി വാങ്ങി; മന്ത്രി മുഹമ്മദ് റിയാസിന് ഇനി മുതൽ രണ്ട് കാറുകൾ
HIGHLIGHTS

ധനമന്ത്രി ബാലഗോപാല്‍ ഒഴികെ എല്ലാവരും പുതിയ വാഹനം ടൂറിസം വകുപ്പില്‍നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവൊന്നുമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയതിന് പിന്നാലെ എട്ട് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി സർക്കാർ വാങ്ങിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിക്കും മന്ത്രിമാർക്കും വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങിയത്. 

ചീഫ് സെക്രട്ടറിക്ക് പുറമേ, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ എന്നിവർക്കായാണ് കാറുകൾ വാങ്ങുന്നത്. 

ധനമന്ത്രി ബാലഗോപാൽ ഒഴികെ എല്ലാവരും പുതിയ വാഹനം ടൂറിസം വകുപ്പിൽനിന്ന് ഏറ്റുവാങ്ങി. ബജറ്റ് അവതരണത്തിന് ശേഷമേ ബാലഗോപാൽ വാഹനം കൈപ്പറ്റുകയുള്ളൂ. അതേസമയം, പുതിയ വാഹനം വാങ്ങിയെങ്കിലും മുഹമ്മദ് റിയാസ് പഴയ കാർ നിലനിർത്തും. പഴയവാഹനം കോഴിക്കോട് ജില്ലയിലെ യാത്രയ്ക്കായി മാത്രം ഉപയോഗിക്കുമെന്നാണ് വിവരം.

2021 മേയിൽ മന്ത്രിമാർക്കനുവദിച്ച ഔദ്യോഗികവാഹനങ്ങൾ ഒരുലക്ഷം മുതൽ 1.5 ലക്ഷം കിലോമീറ്റർവരെയാണ് ഓടിയത്. ഇത് പരിഗണിച്ചാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന് കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതലയുള്ളത്. 

അതേസമയം, സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ജനം നട്ടം തിരിയുകയാണ്. അതിനിടയിൽ ഇന്ന് മുതൽ വൈദ്യുതി ചാർജ്ജിലും വർധനവ് വരുത്തി. വെള്ളക്കരവും വർധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെൻഷൻ മുടങ്ങിയിരിക്കുകയാണ്. സർവമേഖലകളിലും വിലക്കയറ്റം ജനത്തെ പൊറുതി മുട്ടിക്കുന്നു. സർക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞ് പല പദ്ധതികൾക്കും അനുമതി നിഷേധിക്കുന്നു. ഇതിനിടയിലാണ് ആഢംബര വാഹനങ്ങൾ വാങ്ങാനായി സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ പൊടിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA