09:47am 01 July 2024
NEWS
ദേ കേട്ടോ... 6.49 ലക്ഷത്തിന് ‘മിനികൂപ്പര്‍’
മൈലേജ് 25, നാടുനീളെ സര്‍വ്വീസ് സെന്ററും

10/05/2024  06:51 AM IST
News Desk
ഞെട്ടും ! ഉറപ്പായും ഞെട്ടും ...
HIGHLIGHTS

സുരക്ഷയുടെ കാര്യത്തിൽ പണ്ട് ഇച്ചിരി ചീത്തപ്പേരുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പഴങ്കഥ ആക്കിയിരിക്കുകയാണ് മാരുതി. ആഡംബരപൂര്‍ണമാണ് ക്യാബിൻ. പിന്നിൽ എ.സി. വെന്റുകൾ ലഭ്യം. വയർലെസ് ചാർജറും ഡ്യുവൽ ചാർജിംഗ് പോർട്ടുകളും ഉണ്ട്

News Desk – 6.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ‘മിനി കൂപ്പര്‍’. 25.75 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. കൂപ്പറാണെന്ന് കരുതി സര്‍വ്വീസ് കോസ്റ്റൊന്നും കൂടത്തില്ല. എല്ലാം എകണോമിക് ആണ്. കേരളത്തിന്റെ മുക്കിലും മൂലയിലും സര്‍വ്വീസ് സെന്ററുകൾ ഉള്ളതുകൊണ്ട് അക്കാര്യത്തിലും പേടി വേണ്ടാ...! കേൾക്കുമ്പോൾ ആരായാലും ഒന്നുഞെട്ടും. നട്ടാൽകുരുക്കാത്ത നുണ ആരാണ് പടച്ചുവിടുന്നതെന്നാകും അടുത്ത ചിന്ത. എന്നാൽ പൂര്‍ണ്ണമായി ചിരിച്ചുതള്ളേണ്ട. ഇന്ത്യക്കാരുടെ ജനപ്രിയ വാഹനബ്രാന്റായ മാരുതി സുസുക്കി അവരുടെ ഐകോണിക് മോഡൽ സ്വിഫ്റ്റിന്റെ നാലാംതലമുറ അവതരിപ്പിച്ചിരിക്കുന്നത് കണ്ടാൽ മിനി കൂപ്പറാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. അത്രകണ്ട് പരിഷ്കാരങ്ങളാണ് മാരുതി സ്വിഫ്റ്റിന്റെ നാലാംതലമുറയിൽ വരുത്തിയിട്ടുള്ളത്. 6.49 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ ആരംഭിക്കുന്ന സ്വിഫ്റ്റിന്റെ ടോപ് എന്റ് വേരിയന്റിന് 9.64 ലക്ഷം രൂപ മാത്രമേ വിലയുള്ളൂ. എന്നാൽ ഇത്രയും കാശിന് ലഭിക്കുന്നതാകട്ടെ ‘അന്യായ’ ഫീച്ചറുകളും. 11,000 രൂപ ടോക്കൺ അഡ്വാൻസുമായി അടുത്തുള്ള മാരുതി അരീന ഷോപ്പിൽ ചെന്നാൽ സംഗതി ബുക്ക് ചെയ്യാം.

സുരക്ഷയുടെ കാര്യത്തിൽ പണ്ട് ഇച്ചിരി ചീത്തപ്പേരുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പഴങ്കഥ ആക്കിയിരിക്കുകയാണ് മാരുതി. പുതിയ സ്വിഫ്റ്റിലെ സുരക്ഷാ ഫീച്ചറുകൾ ഇവയാണ് - ഹിൽ ഹോൾഡ് കൺട്രോൾ, ഇ.എസ്.പി. (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), പുതിയ സസ്‌പെൻഷൻ, എല്ലാ വേരിയന്റുകൾക്കും ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, എല്ലാ സീറ്റുകൾക്കും 3-പോയിന്റ് സീറ്റ്‌ബെൽറ്റുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇ.ബി.ഡി.), ബ്രേക്ക് അസിസ്റ്റ് (ബി.എ.)

എഞ്ചിൻ പവർ - പുതിയ Z സീരീസ് എഞ്ചിനാണ് 2024 സ്വഫിറ്റിലുള്ളത്.  ഇത് മൈലേജ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. പുതിയ 1.2L Z12E 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 80bhp കരുത്തും 112nm ടോര്‍ക്കും പ്രദാനം ചെയ്യുന്നു. മൈൽഡ് ഹൈബ്രിഡ് സെറ്റപ്പാണ് ഇതിൽ കാണുന്നത്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എ.എം.ടി. ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. മാനുവൽ എഫ്.ഇ. വേരിയന്റിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് എഫ്.ഇ. വേരിയന്റിന് 25.75 കിലോമീറ്ററും മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്റീരിയർ -  ആഡംബരപൂര്‍ണമാണ് ക്യാബിൻ. പിന്നിൽ എ.സി. വെന്റുകൾ ലഭ്യം. വയർലെസ് ചാർജറും ഡ്യുവൽ ചാർജിംഗ് പോർട്ടുകളും ഉണ്ട്. റിയർ വ്യൂ ക്യാമറ മറ്റൊരു ആകര്‍ഷണം. ഒമ്പത് ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഇതിനുള്ളത്. പുതുതായി രൂപകല്പന ചെയ്ത ഡാഷ്‌ബോർഡാണ് മറ്റൊരു ഹൈലൈറ്റ്. വയർലെസ് കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ലഭ്യം. ബലെനോയുടെയും ഗ്രാൻഡ് വിറ്റാരയുടെയും അതേ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ പാനൽ ഉപയോഗിച്ച് സെന്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പുതിയ എൽ.ഇ.ഡി. ഫോഗ് ലാമ്പും സ്വിഫ്റ്റിലുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE