11:21am 01 July 2024
NEWS
ഇത്രയും സൗജന്യങ്ങൾ ലോകത്ത് മറ്റൊരിടത്തുമില്ല: ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ
14/01/2024  02:33 PM IST
പി. ജയചന്ദ്രൻ
ഇത്രയും സൗജന്യങ്ങൾ ലോകത്ത് മറ്റൊരിടത്തുമില്ല: ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ
HIGHLIGHTS

കേരളത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെടുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച്... നവകേരള സദസിന്റെ വിജയത്തെക്കുറിച്ച്.. 'കേരളശബ്ദം' സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി. ജയചന്ദ്രനോട് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ

? ഈ മന്ത്രിസഭയിൽ ഏറ്റവും വലിയ കുരിശുചുമക്കുന്ന മന്ത്രി താങ്കളാണോ.

ഏത് മന്ത്രിസഭയിലായാലും വളരെ ചലഞ്ചിംഗ് ആയിട്ടുള്ള ഒരു ഉത്തരവാദിത്വമാണ് ധനകാര്യവകുപ്പ്. കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തോട് ഏറ്റവും വലിയ ചിറ്റമ്മനയം സ്വീകരിച്ചുനടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഈ മന്ത്രിസഭയുടെ കാലത്താണ്. അതുകൊണ്ടുതന്നെ ആ അർത്ഥത്തിൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ, സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന ഒരു ഘട്ടം തന്നെയാണിത്. അതാകെ പരിഹരിക്കുക എന്നുപറയുന്നത് എളുപ്പമല്ലെങ്കിലും മറികടന്നുപോകാനാണ് ശ്രമിക്കുന്നത്. കാരണം ചെലവിന്റെ കാര്യത്തിൽ ഈ ഘട്ടത്തിലും നമുക്ക് കുറവൊന്നും വന്നിട്ടില്ല. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ ചെലവുണ്ടായത് കോവിഡിന്റെ കാലത്താണ്. ഭക്ഷ്യക്കിറ്റ്, മരുന്ന് തുടങ്ങി എല്ലാം കൊടുക്കേണ്ടിവന്നതിനാൽ 2016 മുതൽ 2021 വരെയുള്ള പിണറായി സർക്കാരിന്, 2021 അവസാനത്തെ ഒരു വർഷം വന്ന ആകെ ചെലവ് 1,38000 കോടി രൂപയാണ്. എന്നാൽ ഈ ഗവൺമെന്റ് വന്ന് ആദ്യവർഷം തന്നെ 1,63000 കോടി രൂപ ചെലവാക്കേണ്ടിവന്നു. കാരണം, ശമ്പളപരിഷ്‌ക്കരണം, മറ്റ് പല ബാധ്യതകൾ, സാമൂഹ്യ ക്ഷേമ പെൻഷനുകൾ.. എന്നുവേണ്ട സാധാരണഗതിയിൽ ഗവൺമെന്റ് കുറേ കമ്മിറ്റ്‌മെന്റുകൾ ഏറ്റെടുക്കും. അതെല്ലാം കൊടുക്കേണ്ടിവന്നത് ഈ സമയത്താണ്.

അപ്പോൾ ആ ചെലവുകളെല്ലാം കൊടുക്കണം. പിന്നെ കെ.എസ്.ആർ.ടി.സിയുടെ ഒക്കെ കണക്കെടുത്താലറിയാം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1530 കോടിയാണ് കൊടുത്തത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4900 കോടി കൊടുത്തു. അതേസമയം ഈ സർക്കാർ രണ്ടരവർഷം കൊണ്ടുകൊടുത്തത് 4700 കോടിയാണ്.

ഇങ്ങനെ എല്ലാം കൊടുക്കേണ്ടി വരുന്നു. ചെലവാണെങ്കിൽ ചുരുങ്ങുന്നുമില്ല. വരുമാനത്തിന്റെ കാര്യത്തിൽ ഏകദേശം 57000 കോടിയോളമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. അതിനൊക്കെ പ്രത്യേകം കണക്കുകളുണ്ട്. ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ, ജി.എസ്.ടിയുടെ കുറവിന് ആനുപാതികമായി നഷ്ടപരിഹാരം തന്നിരുന്നു. അത് അഞ്ചുവർഷത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞപ്പോൾ തരുന്നില്ല. പിന്നീട് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് എന്ന ഒരു ഗ്രാന്റ് തന്നിരുന്നു. അത് 19000 കോടി കറഞ്ഞുകുറഞ്ഞ് ഈ വർഷം 4000 കോടിയേയുള്ളൂ. അടുത്തവർഷം ഒന്നുമില്ല.

കോവിഡായതുകൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും കടമെടുക്കാനുള്ള പരിധി പ്രത്യേകമായി വർദ്ധിപ്പിച്ചിരുന്നു. നമുക്ക് 48000 കോടിയായിരുന്നു. ജി.എസ്.ടിയുടെ 5 ശതമാനം വരെയായിരുന്നു കടമെടുക്കുവാനുള്ള പരിധി. അതിപ്പോൾ 3 ശതമാനമാക്കി. എന്നുപറഞ്ഞാൽ അതിൽതന്നെ 20,000 കോടിയുടെ കുറവുണ്ട്. അങ്ങനെയുള്ള കുറവ് വന്നതിന്റെ കൂടെ കിഫ്ബിയും പെൻഷൻ കമ്പനി എന്നുപറയുന്ന ഒരു കമ്പനിയുമുണ്ടായിരുന്നു. അതുരണ്ടും സർക്കാർ ഗ്യാരണ്ടിയിലെടുത്ത കടം സർക്കാരിന്റെ കടമായി വന്ന് അതും കുറച്ചു. ഇങ്ങനെ വലിയ ശ്വാസം മുട്ടിക്കലാണ് വന്നത്.

കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് കൊടുക്കുന്ന ഒരു വിഹിതമുണ്ട്. അതായത് സംസ്ഥാനങ്ങളിൽ നിന്ന് നികുതി പിരിക്കുന്നതാണല്ലോ കേന്ദ്രത്തിന്റെ വരുമാനം. അങ്ങനെ ആകെ കിട്ടുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകും. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ഈ ഇനത്തിൽ കേരളത്തിന് തന്നിരുന്നത് നൂറുരൂപ താഴോട്ടു കൊടുക്കുമ്പോൾ 3.80 പൈസയായിരുന്നു. ഈ രണ്ട് വർഷമായി. 15-ാം ധനകാര്യ കമ്മീഷന്റെ സമയം വന്നപ്പോൾ 1.90 പൈസയേ തരുന്നുള്ളൂ. 50 ശതമാനം കുറച്ചു. പൈസയിൽ പറയുമ്പോൾ ചെറിയതുകയാണെങ്കിലും ഈ 1.9 ശതമാനം വച്ച് കേരളത്തിന്റെ വിഹിതം 21000 കോടി രൂപയാണ്. അടുത്ത വർഷം 24000 കോടി കിട്ടണം. എന്നുപറഞ്ഞാൽ നേരത്തെയുള്ള ഈ കണക്കനുസരിച്ച് 21000 കോടി കൂടി കിട്ടേണ്ടതായിരുന്നു. എന്നാൽ കേരളത്തിനും വേറെ ഒന്നുരണ്ട് സംസ്ഥാനങ്ങൾക്കും വലിയ വെട്ടിക്കുറയ്ക്കൽ വരുത്തി. അപ്പോൾ ഇതെല്ലാം സംസ്ഥാനത്തിന്റെ പൊതുവായ വരുമാനത്തെ ബാധിക്കുന്നതാണ്.

എന്നാലും ധനകാര്യ മേഖലയിൽ നമ്മൾ കുറേയേറെ അഡ്വാൻസ് ചെയ്തിട്ടുണ്ടെന്നാണ് ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ പറഞ്ഞത്. ഫിനാൻഷ്യൽ കൺസോളിഡേഷന്റെ കാര്യത്തിൽ കേരളം നാലഞ്ച് സ്റ്റേറ്റുകളുടെ കൂട്ടത്തിൽ വന്നിട്ടുണ്ടെന്ന് അവർ അംഗീകരിച്ചു. ഏഷ്യയിലെ കണക്കനുസരിച്ചും റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കണക്കനുസരിച്ചും കേരളത്തിന്റെ ആകെ കടത്തിന്റെ അളവ് കുറഞ്ഞു. എടുക്കുന്ന കടത്തിന്റെ അളവ് കുറഞ്ഞു. ചെലവ് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം വരുമാനം വർദ്ധിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നതാണ്.

1956 മുതൽ 2021 മാർച്ച് വരെ ഓരോ വർഷവും ടാക്‌സ് വർദ്ധിപ്പിച്ച് വർദ്ധിപ്പിച്ച് 47000 കോടിയായിരുന്നു നമ്മുടെ തനത് ടാക്‌സ്. അത് കോവിഡ് കഴിഞ്ഞ് 2021-22, 2022-23 കാലത്ത് 71000 കോടിയായി. എന്നുപറഞ്ഞാൽ രണ്ട് വർഷം കൊണ്ട് 23000 കോടിയിലധികം(50 ശതമാനം) വർദ്ധിച്ചു. എന്നും അങ്ങനെ വർദ്ധിക്കില്ല. കോവിഡിന്റെ കാലത്തെ തകർച്ചയിൽ നിന്നും കരകയറിവന്നതാണ്. ആ പണം വന്നതുകൊണ്ടാണ് ഈ 57000 കോടി കുറഞ്ഞിട്ടും ശമ്പളം നിൽക്കാതെ, അത്യാവശ്യം ബാക്കി കാര്യങ്ങൾ മുന്നോട്ടുപോയത്. ഇപ്പോൾ ഏതെങ്കിലും മേഖലയിൽ വലുതായി കൊടുക്കാനില്ല. പക്ഷേ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഇത്രയും വലിയ പ്രതിസന്ധി ഘട്ടമാണെങ്കിലും സംസ്ഥാനത്തിന് സാമ്പത്തികവളർച്ച ഉണ്ടാകുന്നുണ്ട്. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതുപോലെ സാമ്പത്തികവളർച്ചയുടെ കാര്യത്തിൽ അഖിലേന്ത്യാ ശരാശരിയേക്കാളും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. എന്നാലും നമുക്കർഹമായത് കിട്ടേണ്ടതാണ്. എന്നുപറഞ്ഞാൽ നമ്മുടെ നികുതി വിഹിതം കിട്ടേണ്ടതാണ്. അത് ഇടതുപക്ഷ മന്ത്രിസഭയുടെ പ്രശ്‌നമല്ല. ധനകാര്യവകുപ്പുമന്ത്രി എന്ന നിലയിൽ എന്റെ വ്യക്തിപരമായ നഷ്ടത്തിന്റെ പ്രശ്‌നമല്ല. സംസ്ഥാനത്തെ ഇടതുപക്ഷമായാലും വലതുപക്ഷമായാലും, ഒരു പക്ഷവുമില്ലാത്തവർക്കുകൂടി കിട്ടേണ്ട പണമാണ്. അതിനകത്ത് വലിയ തോതിൽ വെട്ടിക്കുറവ് വരുന്നു. അതൊരു വലിയ ഗൗരവമേറിയ പ്രശ്‌നമാണ്. അത് പരിഹരിച്ചില്ലെങ്കിൽ കേരളത്തിന്റെ മുന്നോട്ടള്ള പോക്കിനെ വലിയ രീതിയിൽ ബാധിക്കും. കാരണം നമ്മൾ വളരെ വളരെ റിവേഴ്‌സ് ഗിയറിൽ പോകുന്ന സ്ഥിതിയിലേക്ക് വരും. നമ്മുടെ വളർച്ച മുന്നോട്ടുപോകണമെങ്കിൽ നമുക്കർഹമായ നികുതി വിഹിതം കിട്ടണം. ആ പ്രശ്‌നമാണ് നമ്മൾ ഉന്നയിക്കുന്നത്.

അതുകൊണ്ട് ഇതൊരു വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് സംസ്ഥാനത്തെ ഓരോരുത്തർക്കും വേണ്ടിയുള്ള കാര്യങ്ങൾ പറയാനും അത് പൊതുവേദിയിലേക്ക് വളരെ സജീവമായി കൊണ്ടുവരാനും കഴിയുംവിധം വളരെ സജീവമായി പ്രവർത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

? ഗവർണർ കൂടെക്കൂടെ സാമ്പത്തിക അടിയന്തിരാവസ്ഥയെപ്പറ്റി പറയുന്നല്ലോ. അങ്ങനൊരവസ്ഥയുണ്ടോ.

ഗവർണർ ആ പറയുന്നതിൽ യാതൊരടിസ്ഥാനവുമില്ല. ഒരു സംസ്ഥാനത്തെ സംബന്ധിച്ച് വിലയിരുത്തുന്നതാരാണ്; കേന്ദ്ര സർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റെയുമൊക്കെ റിപ്പോർട്ടുകളല്ലേ. കേന്ദ്ര ഗവൺമെന്റ് ചിലപ്പോൾ രാഷ്ട്രീയമായ എതിർപ്പ് പറയാം. എന്നാൽ ഗവർണറെപ്പോലുള്ളവർ കേന്ദ്ര ഗവൺമെന്റ് നിയമിക്കുന്ന ഉദ്യോഗസ്ഥ സ്വഭാവത്തിലുള്ള ആൾക്കാരാണ്. രാഷ്ട്രീയമായി പ്രസംഗം നടത്തുന്നത് വേറൊരു കാര്യമാണ്.എന്നാൽ റിസർവ്വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇൻഡ്യയിലെ ഏറ്റവും മെച്ചപ്പെട്ട ഫിനാൻസ് പൊസിഷനിൽ കൺസോളിഡേറ്റ് ചെയ്തിട്ടുള്ള സ്റ്റേറ്റുകളിൽ ഒന്ന് കേരളമാണ്. എ.ജിയുടെ പ്രാഥമിക കണക്കനുസരിച്ച് ഇൻഡ്യയിലാകെ ഒരു വർഷത്തെ ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം കടം എടുക്കാം എന്നുള്ളപ്പോൾ കഴിഞ്ഞവർഷം നമുക്ക് 2.5 ശതമാനമേ എടുക്കാൻ കഴിഞ്ഞുള്ളൂ. എടുക്കാൻ അനുവദിച്ചുള്ളൂ. ഇന്ത്യാ ഗവൺമെന്റിന് 5.9 ശതമാനമാണ് ഈ വർഷം ആകുന്നെന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം 6.4 ആണ്. നമ്മുടെ ഇരട്ടി അവർ എടുക്കുന്നുണ്ട്.

അപ്പോൾ സാമ്പത്തിക അടിയന്തിരാവസ്ഥ കേന്ദ്രത്തിന്റെ സാമ്പത്തിക സ്ഥിതിയിലാണോ കേരളത്തിലാണോ ഉള്ളത്.

സംസ്ഥാനത്തിന് വാസ്തവത്തിൽ അങ്ങനൊരു സ്ഥിതിയില്ല. പല സംസ്ഥാനങ്ങളും നമ്മളെക്കാൾ മോശം സ്ഥിതിയിലാണ്. എന്നാൽ അത്രയും മെച്ചമാണെന്നുപറഞ്ഞ് ആഹ്ലാദിക്കാനുള്ള വകയുമില്ല. കാരണം നമുക്ക് കിട്ടാനുള്ള പലതും കിട്ടുന്നില്ല. അതുകൊണ്ട് ഇനിയും പല കാര്യങ്ങളും ചെയ്യാനുള്ളത് ചെയ്യാൻ പറ്റുന്നില്ല.

അതുകൊണ്ട് സാമ്പത്തിക അടിയന്തിരാവസ്ഥ തുടങ്ങിയ കാര്യങ്ങൾക്കൊന്നും യാതൊരടിസ്ഥാനവുമില്ല. കാര്യങ്ങൾ വേണ്ടത്ര മനസ്സിലാക്കാതെ രാഷ്ട്രീയ പ്രചരണം എന്ന നിലയിൽ പറയുകയാണ്.

? ഇതൊക്കെപ്പറയുമ്പോഴും പലതിനും സെസ് ഏർപ്പെടുത്തിയും, ചാർജ്ജ് വർദ്ധിപ്പിച്ചുമൊക്കെ ജനങ്ങളെ വീർപ്പുമുട്ടിക്കുന്നു എന്നുപറഞ്ഞാൽ നിഷേധിക്കാനാകുമോ.

വീർപ്പുമുട്ടൽ അനുഭവപ്പെടുന്നതിനേക്കാൾ അങ്ങനെ തോന്നിപ്പിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം. കാരണം കേന്ദ്ര ഗവൺമെന്റ് എത്രയാണ് പെട്രോൾ സെസും ഡീസൽ സെസും വാങ്ങിക്കുന്നതെന്നറിയാമോ? 20 രൂപയിലധികമാണ്. എന്നുവച്ചാൽ കേന്ദ്ര സർക്കാരിന് പെട്രോളിന് നികുതി വാങ്ങിക്കുവാനവകാശമില്ല. എക്‌സൈസ് ഡ്യൂട്ടിയേ വാങ്ങിക്കാനവകാശമുള്ളൂ. എന്നിട്ടും 20 രൂപയിലധികം വാങ്ങുന്നു. സംസ്ഥാനം കഴിഞ്ഞ വർഷം 2 രൂപയാണ് സെസ് ഏർപ്പെടുത്തിയത്. ആ രണ്ട് രൂപ ഒഴിവാക്കിയാൽ 750 കോടിയുടെ കുറവേ ഉണ്ടാകു. അല്ലാതെ വലിയ തുകയില്ല. പക്ഷേ എന്തുകൊണ്ടാണ് പെട്രോൾ സെസ് ഏർപ്പെടുത്തിയതെന്ന് ചിന്തിക്കണം. ഇങ്ങനൊരു സീരിയസായ സിറ്റുവേഷൻ ഉണ്ടെന്ന കാര്യം ചർച്ച ചെയ്യുന്നതിനാണ്. 750 കോടിയെങ്കിൽ 750 കോടി. ഒരു മാസത്തെ സാമൂഹ്യ ക്ഷേമകാര്യങ്ങൾക്കുള്ള പണം കിട്ടുമല്ലോ.

കേന്ദ്ര സർക്കാർ പറയുന്നതുനമ്മൾ അനാവശ്യച്ചെലവുകൾ നടത്തുന്നു എന്നാണ്. 12000 കോടിയാണ് നിങ്ങൾ സാമൂഹ്യ പെൻഷനും മറ്റ് കാര്യങ്ങൾക്കുമായി മാറ്റിവയ്ക്കുന്നതെന്നും അത് മാറ്റിയാൽ മതി എന്നുമാണ് അവർ പറയുന്നമത്. അത് മാറ്റിയാൽ ഈ കടമൊന്നുമില്ല. പക്ഷേ ഇൻഡ്യയിൽ ഒരു സംസ്ഥാനവും അങ്ങനെ കൊടുക്കുന്നില്ല. കേരളം മാത്രമേ കൊടുക്കുന്നുള്ളു. 1600 രൂപ വച്ച് ഒരു മാസം 62 ലക്ഷത്തിലധികം ആൾക്കാർക്കാണ് കൊടുക്കുന്നത്. അത് നിർത്തണമെന്നാണ് അവർ പറയുന്നത്. നമ്മൾ നിർത്തിയില്ല. നിർത്തുകയുമില്ല.

ലോകത്തെയാകെ കണക്കെടുത്തു നോക്കൂ. കേരളത്തിൽ വീടില്ലാത്ത ഒരാൾക്ക് വീടുകിട്ടും. സ്ഥലവും വീടും ഇല്ലാത്തവർക്ക് രണ്ടും കിട്ടും. കേരളത്തിലിനി 3 ലക്ഷം പേർക്കേ അങ്ങനെ കിട്ടാനുള്ളൂ. ഇങ്ങനൊരു പദ്ധതി ലോകത്തുമറ്റെവിടെയുണ്ട്? അങ്ങനുള്ള ഏറ്റവും ബുദ്ധിമുട്ടുള്ളവരുടെ കാര്യമാണ് ഞാൻ പറയുന്നത്. അങ്ങനുള്ള ഒരാൾക്ക് കറന്റ് സൗജന്യമാണെന്നറിയാമല്ലോ. പൈപ്പ് ലൈൻ ഉള്ളിടത്ത് വെള്ളം സൗജന്യമാണെന്നറിയാമല്ലോ. റേഷൻ സൗജന്യമാണെന്നറിയാമല്ലോ. 42 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെയള്ള ചികിത്സ സൗജന്യമാണെന്നറിയാമല്ലോ. ഇതെല്ലാം കഴിഞ്ഞിട്ടാണ് ഒരാൾക്ക് 1600 രൂപ വച്ച് നൽകുന്നത്. രണ്ടുപേരുള്ള ഒരു വീട്ടിൽ 3200 രൂപ ലഭിക്കും. ഞാൻ വെല്ലുവിളിച്ചുപറയുകയാണ്, ലോകത്ത് വേറെ എവിടുണ്ട് ഇങ്ങനെ? സന്തോഷം കൊണ്ടാണ് ഞാനിത് പറയുന്നത്. അല്ലാതെ ആരെയും കുറ്റപ്പെടുത്തുകയല്ല. ലോകത്തൊരിടത്തും ഇത്രയും ആളുകൾക്ക് ഇങ്ങനെ സൗജന്യങ്ങൾ കൊടുക്കില്ല.

ഇതൊക്കെയാണെങ്കിലും അതി ദരിദ്രരായ ഒരു വിഭാഗമുണ്ട്. നമ്മുടെ നാട്ടിൽ ആഹാരത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കിട്ടിയാലും അത് വച്ചുകഴിക്കാനാകാത്തവർ. ആശുപത്രിയിൽ പോകാനാകാത്തവർ. അങ്ങനുള്ളവർ 64000 ഉണ്ട്. അവരെ കണ്ടെത്തി പ്രത്യേക പാക്കേജ് കൊടുത്ത് പ്രത്യേകം സഹായിക്കാനുള്ള സംവിധാനങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഇത്രയും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്ന സ്ഥലം ലോകത്തില്ല.

അതേസമയം ഈ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്ന് പറയുമ്പോൾ എന്റെ വ്യക്തിപരമായ നിർദ്ദശം ശേഷിയുള്ളവർ കുറച്ചുകൂടി സ്‌പെന്റ് ചെയ്യണം എന്നാണ്. ഒരാൾ ദിവസവും കാറിൽ പോകുന്നു. അയാൾക്ക് ദിവസവും 250 രൂപ ചെലവാകുന്നു. അങ്ങനുള്ളവർ ഏറ്റവും ദരിദ്രരായവർക്ക് കൂടി കിട്ടേണ്ട ആനുകൂല്യം പറ്റാൻ പാടില്ല. നമ്മുടെ നാട്ടിലെ മിഡിൽ/ഹൈ മിഡിൽ ക്ലാസിൽപ്പെട്ടവർ പലപ്പോഴും പല അനർഹമായ ആനുകൂല്യങ്ങളും പറ്റുന്നു. അതൊന്നും ആരും തടയാൻ പോകുന്നില്ല. പക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ളവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് ഇങ്ങനെ അനർഹർ കൈവശപ്പെടുത്തുന്നത്. പല മേഖലകളിലും നോക്കിക്കോളൂ. ഇതാണ് സംഭവിക്കുന്നത്. അങ്ങനെ വന്നാൽ അത് പൊതുവിപണിയെ ബാധിക്കും.

അതുപോലെതന്നെയാണ് നമ്മുടെ പബ്ലിക് സർവ്വീസ് കമ്മീഷൻ നമ്മുടെ സർക്കാർ ആനുകൂല്യത്തിന്റെയൊന്നും വില നമ്മൾ മനസ്സിലാക്കുന്നില്ല. ഇൻഡ്യയിൽ പല സംസ്ഥാനങ്ങളിലും പി.എസ്.സി ഇപ്പോൾ വർക്ക് ചെയ്യുന്നില്ല. അതുവഴി ആളുകളെ കാര്യമായി എടുക്കുന്നുമില്ല. ശമ്പളം കൃത്യമായി കൊടുക്കുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്മാർക്കുൾപ്പെടെ മാസാമാസം ശമ്പളം കിട്ടാത്ത സംസ്ഥാ ങ്ങളുണ്ട്. എന്നാൽ കേരളത്തിൽ ഇതൊന്നും മനസ്സിലാക്കാതെ ബഹളമുണ്ടാക്കുകയാണ്.

കേരളം സവിശേഷമായ ഒരു സ്ഥലമാണ്. ഇവിടെ നമുക്ക് വലിയ ജനാധിപത്യമുണ്ട്. എന്തുവന്നാലും ആൾക്കാർക്ക് പരസ്പരം സ്‌നേഹമുണ്ട്. മതനിരപേക്ഷതയുണ്ട്. ഇവിടെ സ്വസ്ഥമായി ജീവിക്കാം. രാഷ്ട്രീയമായി എതിർക്കുമ്പോഴും കുറച്ചുകൂടി ബാലൻസ് ചെയ്ത് കാര്യങ്ങൾ നോക്കി മുന്നോട്ടുപോകുന്ന സ്റ്റേറ്റ് ആണ്. അല്ലെങ്കിൽ ഈ നേട്ടങ്ങൾ നിലനിർത്താൻ പറ്റില്ല. എൽ.ഡി.എഫ്- യു.ഡി.എഫ് എന്ന നിലയിലൊന്നുമല്ല ഞാനിതു പറയുന്നത്. ഞാൻ പറയുന്നത് കേരളത്തിന്റെ ഭാവിയെക്കുറിച്ചാണ്. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ കുറച്ചുകൂടി മെച്ചപ്പെടുത്താൻ നമുക്ക് പണം വേണം. അതിന് സ്റ്റേറ്റിന് കിട്ടേണ്ട പണം ചോദിച്ചുവാങ്ങേണ്ടതാണ്. എല്ലാ കേരളീയന്റേയും ആവശ്യമാണന്നത്. ഉത്തരവാദിത്വമാണ്.

? ഇതിനൊക്കെയിടയിലും സർക്കാർ അനാവശ്യമായ ധൂർത്ത് നടത്തുന്നു എന്നാണല്ലോ ആക്ഷേപം.

പറയാം. നവകേരള സദസിനെ എടുത്തുകാട്ടിയാണല്ലോ ധൂർത്ത് പറയുന്നത്. എന്ത് ധൂർത്താണ് അതിലുള്ളത്. മുഴുവൻ ദിവസവും നവകേരള സദസുമായി ബന്ധപ്പെട്ട് ആ ബസിൽ പോയിരുന്ന ഒരാളാണ് ഞാൻ. അത് വലിയ വിജയമായിരുന്നു. മാത്രമല്ല, ഇപ്പോൾ തന്നെ കേരളത്തിന് കിട്ടാനുള്ളത് കിട്ടണമെന്ന ഒരു ചിന്ത ഓരോ കേരളീയനും ഉണ്ടാകുന്നല്ലോ, കേരളത്തിന് ഇത്രയും കിട്ടാനുണ്ടെന്ന കാര്യം ആളുകൾ അറിയുന്നതെങ്ങനെയാണ്? അത് ജനങ്ങളോട് പറയണ്ടേ. യഥാർത്ഥത്തിൽ ഇതിലെവിടെയാണ് ധൂർത്ത്?

ഞാൻ പറയട്ടെ, ഒരു മാസം സാമൂഹ്യപെൻഷൻ കൊടുക്കാൻ 900 കോടിയോളം മാറ്റിവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. അതിലൊ ന്നും ഒരു കുറവും കാണിക്കാനില്ല. അഞ്ഞൂറ്റി ചില്ലാനം കോടി രൂപയാണ് ചികിത്സാസഹായത്തിന് വേണ്ടത്. ഇപ്പോൾതന്നെ കാരുണ്യയ്ക്ക് നൂറുകോടി കൊടുത്തിട്ടാണ് വന്നത്. ഇതൊന്നും മറ്റൊരിടത്തുമില്ല. നവകേരള സദസുമായി ബന്ധപ്പെട്ട് ധൂർത്ത് ധൂർത്ത് എന്നുപറഞ്ഞതുമുഴുവൻ ബസിന്റെ കാര്യത്തിലാണല്ലോ. ഒരു ട്രാൻസ്‌പോർട്ട് ബസ്സിന്റെ സംവിധാനമേ അതിലുള്ളൂ. അതിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോയത്. അതിനുവേണ്ടി സർക്കാർ അധികം പണമൊന്നും മുടക്കിയിട്ടില്ല. എന്നാൽ ആളുകൾ വലിയ തോതിൽ വന്നു. അതനുസരിച്ച് വലിയ പന്തലിട്ടു. ഉത്സവം നടക്കുന്നിടത്ത് പന്തലിടുന്നതിന്റെ എത്രയോ കുറഞ്ഞ ചെലവേ ഉണ്ടായിട്ടുള്ളൂ.

നാട്ടിലെ ആളുകൾ ഒത്തുകൂടി പന്തലിടുന്നു. ഓരോ സ്ഥലത്തും പതിനയ്യായിരം ഇരുപതിനായിരവുമൊക്കെ ആളുകളാണ് തടിച്ചുകൂടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും അവരോട് നേരിട്ട് സംവദിക്കുകയും അതിന്റെ ഭാഗമായി ബാക്കിയുള്ള പ്രചരണം നടത്തുകയും ചെയ്യുന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. മാത്രമല്ല ജനാധിപത്യത്തിന്റെ നല്ല മോഡലല്ലേ ഇത്. ഉദാഹരണത്തിന് 'കേരളശബ്ദം' ഒരു സാധനം പ്രിന്റ് ചെയ്യുന്നു. അത് ആൾക്കാർ വായിക്കുന്നു. അതുപോലെ സർക്കാരിന് പറയാനുള്ള കാര്യങ്ങൾ പറയുന്നു. അവിടെ യു.ഡി.എഫിനെ മോശമായി പറഞ്ഞോ? അവർ വളരെ മോശമായി പറഞ്ഞപ്പോൾ വല്ലതും പറഞ്ഞുകാണും. അല്ലാതെ ആരെയും രാഷ്ട്രീയമായി ആക്രമിക്കുവാനായിരുന്നില്ല നവകേരള സദസ്. ഞങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ ജനങ്ങളുടെ അടുത്തേയ്ക്ക് പോയി. അവരോട് രണ്ട് മണിക്കൂർ സംസാരിക്കുന്നു. ഒരു ദിവസം അങ്ങനെ നാല് മണ്ഡലങ്ങളിൽ വീതം പോയി. അവിടെ സാധാരണക്കാരെപ്പോലെ പോയതല്ലാതെ എന്തോ ആർഭാടം കാണിച്ചു. ഞങ്ങളെ അതിനിശിതമായി വിമർശിക്കുന്ന യു.ഡി.എഫിന്റെ ഏറ്റവും ആർഭാടം കാണിക്കുന്ന ആളിന് പോലും ഇതിൽ കൂടുതൽ ആർഭാടമില്ലേ. നമുക്കിവിടെ മറ്റ് സ്റ്റേറ്റുകളിലെപ്പോലെ ആർഭാടം കാട്ടാൻ പറ്റില്ല. ഇവിടെ ചെക്ക് ആന്റ് ബാലൽസുണ്ട്.

എന്നുമാത്രമല്ല ഇടതുപക്ഷത്തിന് അങ്ങനെ ആർഭാടം കാണിക്കുന്ന ശീലമുണ്ടെന്നൊന്നും ആരും പറയില്ല. ബസിനെപ്പറ്റിയാണ് ആദ്യം പറഞ്ഞത്. വലിയ വില കൂടിയ ബസ് ആണെന്നുപറഞ്ഞു. വന്നുകഴിഞ്ഞപ്പം റൂട്ടിലോടുന്നതിന്റെ അൽപ്പം കൂടി നല്ല ബസ്. അതിനിയിപ്പോ, റൂട്ടിലോടാൻ പോവുകയാണ്. ഗീബൽസിന്റെ സിദ്ധാന്തം വച്ച് സ്ഥിരമായി കള്ളം പറഞ്ഞുപറഞ്ഞ് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ എന്താർഭാടമാണിതിലുള്ളത്.

വാസ്തവത്തിൽ പാർട്ടിക്കാരൊക്കെ സാധാരണ നടത്തുന്ന ജാഥയില്ലെ, അങ്ങനൊരു ജാഥയിൽ പോകുന്ന വാഹനങ്ങളുടെ സ്ഥിതി പോലും ഉണ്ടായിരുന്നില്ല. അനാവശ്യ കാര്യങ്ങൾ പർവ്വതീകരിച്ചു കാട്ടി ത്രിപുരയേയും ബംഗാളിനേയുംപോലെ കേരളത്തേയും തകർക്കാനുള്ള അതിശക്തമായ പ്രചരണമാണ് നടത്തുന്നത്. ഒരു കാര്യം ഞാ ൻ പറയാം, ബംഗാളിൽ ഇടതുപക്ഷം ഭരണത്തിൽ നിന്ന് പോയിട്ട് 13 വർഷമായി. ഇക്കാലത്തിനിടയിൽ അവിടെ പി.എസ്.സി വഴി ജോലി ലഭിച്ചത് പതിനായിരത്തിൽ താഴെ ആൾക്കാർക്ക് മാത്രമാണ്. ഏറ്റവും കൂടുതൽ പേർക്ക് പി.എസ്.സി വഴി ജോലി നൽകിയിരുന്ന സ്ഥലമാണ്. 6 മാസം മുൻപ് 8300 സ്‌ക്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിക്കുകയും അദ്ധ്യാപകരെ പിരിച്ചുവിടുകയും ചെയ്തു. ഇവിടെ പലപ്പോഴും ഒരു ഡി.എ കിട്ടിയില്ല. രണ്ട് ഡി.എ കിട്ടിയില്ല എന്നുപറഞ്ഞ് യു.ഡി.എഫിന്റെ സർവ്വീസ് സംഘടനകൾ ബഹളം വയ്ക്കുമല്ലോ. അവിടെ ഒന്നുമില്ല. സർക്കാർ ജീവനക്കാരെ സ്‌ക്കൂളുകൾ തന്നെ അടച്ചുപൂട്ടി പിരിച്ചുവിടുകയാണ്.

പിന്നെ പെൻഷന്റെ കാര്യം. ഞാ ൻ പറയണ്ടല്ലോ. അവിടെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഞാൻ പറയണ്ടല്ലോ. ഈ രണ്ട് സറ്റേറ്റും, ഇടതുപക്ഷം ഉണ്ടായിരുന്നവയായിരുന്നതുകൊണ്ട് പറഞ്ഞതാണ്. യു.പി.എസ്.സി വഴി  നിയമിക്കേണ്ട 10 ലക്ഷം ഒഴിവുകളുണ്ടെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ പറഞ്ഞിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 32 ലക്ഷത്തോളം വേക്കൻസികൾ ഒഴിഞ്ഞുകിടക്കുകയാണ്.

അവിടെയാണ് കേരളം ഇതൊക്കെ ചെയ്യുന്നത്. അതിൽ നിന്നുതന്നെ ഈ പറയുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുകാണാം. ഇപ്പോഴും എല്ലാ മേഖലയിലും നമ്മളത് സ്‌ട്രെംഗ്തൻ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

? നവകേരളാ സദസിനുള്ള യാത്രയിലുടനീളം പോലീസിന്റെ അതിക്രമമായിരുന്നെന്ന് ആക്ഷേപമുണ്ട്.

പോലീസിന്റെ സെക്യൂരിറ്റിയുണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്. സെക്യൂരിറ്റി എന്നുപറഞ്ഞാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്നതിന്റെ ഭാഗമായിരുന്നു അത്. അവർക്ക് ചില രീതികളുണ്ടല്ലോ. ഇതുവരെ ഞങ്ങൾക്ക് നാട്ടിലിറങ്ങി നടക്കാൻ ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല. മറ്റ് പല സ്റ്റേറ്റുകളിലും അതുണ്ട്. ഇവിടെയില്ല. ഇപ്പോൾ ഗവർണർ പറയുകയാണ്, ഞാനൊറ്റയ്ക്ക് പൊയ്‌ക്കോളാം എനിക്ക് സെക്യൂരിറ്റി വേണ്ട എന്ന്.  ഗവർണർക്ക് ഒറ്റയ്ക്ക് അലുവ തിന്നാൻ പോകാൻ കഴിഞ്ഞത് കേരളത്തിൽ നല്ല ക്രമസമാധാനനില ഉള്ളതുകൊണ്ടുമാത്രമാണ്. എന്നോടൊപ്പം സെക്യൂരിറ്റിക്കാർ ആരും വേണ്ട എന്നുപറഞ്ഞ് ഗവർണർ മിഠായിത്തെരുവിലിറങ്ങി നടന്നാൽ പോലീസിന് നോക്കിയിരിക്കാൻ പറ്റുമോ. അതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോൾ അതിന്റേതായ പ്രൊട്ടക്ഷനൊക്കെ കാണും.

? കരിങ്കൊടിയോട് എന്തിനാണിത്ര അസഹിഷ്ണുത.

കരിങ്കൊടി കാണിക്കുന്നതിൽ ആരും എങ്ങും എതിരുപറഞ്ഞില്ല. കരിങ്കൊടി കാണിച്ചിട്ട് വേണ്ടത്ര ഏൽക്കുന്നില്ല എന്നുകണ്ടിട്ട് വണ്ടിക്കിട്ട് എറിയാൻ നോക്കി. അപ്പോൾ സ്വാഭാവികമായും പോലീസ് ഇടപെടുമല്ലോ. മുഖ്യമന്ത്രിയുടെ വാഹനത്തിനകത്തുള്ള വയർലെസ് സിസ്റ്റമൊക്കെ കൊല്ലത്തുവന്നപ്പോഴാണ് അടിച്ചുതകർത്തത്. അതിനുമുൻപ് വണ്ടിയിൽ കല്ലെറിഞ്ഞു, ഷൂ എറിഞ്ഞു. അങ്ങനെ എന്തൊക്കെയാണ് ഇവിടെ നടന്നത്. കടപ്പാക്കടയിൽ എന്നാണ് നടന്നത്. ഇതൊക്കെ ന്യായമായ കാര്യങ്ങളാണോ?

ഞാൻ പറഞ്ഞത് ഇതുതമ്മിലുള്ള അതിർത്തികൾ വളരെ കുറവാണ്. സമരം ചെയ്യുന്നതിനപ്പുറം ഒരു വണ്ടിയങ്ങ് അടിച്ചുതകർത്താലോ. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കുറച്ചു യൂത്ത് കോൺഗ്രസുകാർ കുറുവടിയും ആയുധങ്ങളുമായിട്ടാണ് സമരത്തിന് പോയത്. എന്നിട്ട് ആദ്യം ടി.വിക്കാർ പറഞ്ഞു, ഇതാ പോലീസ് നിഷ്‌ക്രിയമാണ്. നിഷ്‌ക്രിയമാണെന്ന് വെള്ളം ചീറ്റിയപ്പം പോലീസ് വെള്ളം ചീറ്റുന്നു എന്നായി. മുട്ടയ്ക്കകത്ത് മുളകുപൊടിയുമായി പോകുന്ന സമരമുറ നമ്മൾ കേട്ടിട്ടുണ്ടോ. ഞാൻ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പലപ്പോഴും പോലീസിന്റെ മർദ്ദനം ഏറ്റിട്ടുണ്ട്. ആ സമയത്ത് എന്റെ ഇന്റർവ്യൂ 'കേരളശബ്ദം' പ്രസിദ്ധീകരിച്ചിട്ടുണ്ട്. വലിയ പരിക്കുപറ്റി, കൈ മൂന്നായി ഒടിഞ്ഞിട്ടുണ്ട്. ഇന്ന കാര്യത്തിൽ പ്രതിഷേധം എന്നുപറഞ്ഞുകൊണ്ടാണ് ഞങ്ങളന്ന് സമരം ചെയ്തത്. പക്ഷേ ആയുധം കൊണ്ടുപോയിട്ടും അൻപതുപേരെ കൊണ്ടുപോയിട്ടും കലാപമുണ്ടാക്കിയിട്ടില്ല. പതിനായിരക്കണക്കിന് ആളുകളെ ഇറക്കിയിട്ടാണ് സമരം ചെയ്തിട്ടുള്ളത്.

അതായത് സമരത്തിന് ഞങ്ങൾ എതിരല്ല. പക്ഷേ ഇവർ ഈ വണ്ടി വരുമ്പോൾ മനഃപൂർവ്വം കലാപമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോയി പ്രശ്‌നം ഉണ്ടാക്കുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നോ? ജനങ്ങളെ ബോധ്യപ്പെടുത്താൻ പറ്റുന്ന കാര്യങ്ങളുണ്ടെങ്കിൽ അവർക്ക് ബോധ്യപ്പെടുത്താമില്ലോ. അവർക്ക് വിചാരണ സദസിൽ പറയാം. കേരളത്തിൽ പ്രതിപക്ഷത്തിനും തുല്യപ്രാധാന്യമാണ് നൽകുന്നത്. ആരും വാർത്ത കൊടുക്കാതിരിക്കുന്നില്ല. പക്ഷേ അതിന് ആളുകുറയുമ്പം കാണിക്കുന്ന അക്രമത്തിന്റെ സ്വഭാവം ശരിയായ കാര്യമല്ല. ഒരു കാര്യം നിങ്ങളെല്ലാവരും കണ്ടല്ലോ. സാധാരണയിൽ കവിഞ്ഞ ആൾക്കൂട്ടമാണ് എല്ലായിടത്തും വന്നത്. ആരും ആരേയും നിർബന്ധിച്ചിട്ടല്ല പങ്കെടുത്തത്. അവർക്കിഷ്ടമല്ലെങ്കിൽ അവർ വരില്ല. ആളുകളുടെ മുഖം കണ്ടാൽ ഞങ്ങൾക്കറിയാം. കോൺഗ്രസ് കുറ്റവിചാരണ സദസ് നടത്തിയല്ലോ. എന്താണ് ആള് വരാത്തത്. അങ്ങനെ ആത്മാർത്ഥമായി അത് നടത്തി വിജയിപ്പിക്കുവാൻ പറ്റുന്നില്ല എന്ന തോന്നൽ കൊണ്ടാണ് അവർ അക്രമത്തിലേക്ക് വന്നത്.

ദൗർഭാഗ്യകരമായ കാര്യം മാധ്യമങ്ങൾ പലപ്പോഴും ഒൺസൈഡായി വാർത്തകൾ നൽകുന്നു എന്നതാണ്. അതൊരു ശരിയായ കാര്യമല്ല. പക്ഷേ അങ്ങനെ ഒൺസൈഡായി വാർത്ത കൊടുത്താലും ഒടുവിൽ സത്യം അംഗീകരിക്കേണ്ടിവരും. അതുകൊണ്ട് ആർഭാടമാണ്, അക്രമമാണ് എന്നൊക്കെ പറയുന്നതിലർത്ഥമില്ല. പിന്നെ, അക്രമിക്കും എന്നൊരു വാർത്ത വരുമ്പോൾ, വേണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞാലും പോലീസ് ചുമ്മാതിരിക്കുമോ. അവസാനത്തെ ദിവസം കഴക്കൂട്ടത്ത് നിന്ന് വട്ടിയൂർക്കാവിലേക്ക് സമാപനം നടത്തുവാനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം വിടില്ല എന്ന് ഇവർ പറഞ്ഞു. അപ്പോൾ പ്രൊട്ടക്ഷനുവേണ്ടി സ്ട്രംഗ്ത് കൂട്ടേണ്ടിവരും. വേറൊന്നും ഉണ്ടായില്ല. പക്ഷേ അത് പറയുന്നതാരാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ഉത്തരവാദപ്പെട്ട വ്യക്തി.

കഴിഞ്ഞ ദിവസം നമ്മുടെ സാംസ്‌ക്കാരിക രംഗത്തെ ഉൾപ്പെടെയുള്ള ആൾക്കാരുടെ ഒരു പരിപാടിയിൽ ഞാൻ പറഞ്ഞു, കേരളം വളരെ ഡെയിഞ്ചറസ് ആയ അവസ്ഥയിലേക്ക് പോകുന്നു എന്ന്, ഇപ്പോഴേ ചർച്ച ചെയ്തുതുടങ്ങണം എന്ന്.

എന്റെ അറിവിൽ ഏതാണ്ട് 50 വർഷത്തിലധികമായി പൊളിറ്റിക്കൽ ക്രൈസിസ് തുടർച്ചയായി വിശകലനം ചെയ്തിരുന്ന ഒരു പ്രസിദ്ധീകരണമാണ് 'കേരളശബ്ദം'. ഇവിടെ നൂറ് വർഷം കൊണ്ടുണ്ടായ മാറ്റം ജനങ്ങളെ ചേർത്തുവച്ചതാണ്. അതിനെ അടിച്ചമർത്തുന്ന അങ്ങേയറ്റം വലതുപക്ഷ ആശയങ്ങളുടെ രാഷ്ട്രീയം ശരിക്കും ഇവരുടെ മൂശയിൽ കിടന്ന് വിളയുകയാണ്. അത് ജനങ്ങൾ കാണണം. മതനിരപേക്ഷത ശക്തിപ്പെടുത്തണം. കേരളത്തിന്റെ ഈ വലിയ കുതിച്ചുചാട്ടം വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ രംഗത്തും കരുതിയിരിക്കേണ്ട സമയമാണ്.

അതാണ് നവകേരള സദസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉയർത്തിവിടാനും തടസ്സങ്ങൾ ഉണ്ടാക്കാനും യു.ഡി.എഫ് ശ്രമിക്കുന്നതിലൂടെ പുറത്തുവരുന്ന കാര്യം.

? അപ്പോൾ ഉറക്കം...

പാടാണ്.. കുറവാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW