12:27pm 26 June 2024
NEWS
എന്‍ ഡി എ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടാത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

15/06/2024  04:18 PM IST
സണ്ണി ലൂക്കോസ് ചെറുകര
എന്‍ ഡി എ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടാത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എൽ ഡി എഫിലും മന്ത്രിസഭയിലും ജെ ഡി എസ് തുടരുന്നത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സി പി എമ്മും വ്യക്തമാക്കണം. എൻ ഡി എ മുന്നണിയുടെ ഭാഗമായി ദേശീയ അധ്യക്ഷൻ കേന്ദ്രമന്ത്രി, എൽ ഡി എഫിന്റെ ഭാഗമായി കേരള മന്ത്രിസഭയിലും പ്രാതിനിധ്യം. ജെ ഡി എസിനെ ഒക്കത്തിരുത്തി ഇത്തരമൊരു ഇരട്ടത്താപ്പ് കാട്ടാൻ സി പി എമ്മിനും പിണറായി വിജയനും മാത്രമെ കഴിയൂ.

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ ഡി എസ്, എൻ ഡി എയിൽ ചേർന്നത്. അന്ന് മുതൽ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെ ഡി എസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചു. സി പി എമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച് ഡി കുമാരസ്വാമി എൻ ഡി എ പാളയത്തിൽ നിന്നും കേന്ദ്ര മന്ത്രിയായത്. 

എൻ ഡി എ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസിനേയും യു ഡി എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ട. എൻ ഡി എ ഘടകകക്ഷിയായ ജെ ഡി എസിന് രാഷ്ട്രീയ സംരക്ഷണം നൽകി എൽ ഡി എഫിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത് സി പി എമ്മാണ്. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകൾ ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ജെ ഡി എസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി പി എം നേതൃത്വവും. കേരളത്തിലും എൻ ഡി എ - എൽ ഡി എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

അധാർമികമായ രാഷ്ട്രീയ നീക്കത്തെ മുന്നണിയിലെ മറ്റൊരു ഘടകകക്ഷി കടുത്ത ഭാക്ഷയിൽ വിമർശിച്ചിട്ടും മുഖ്യമന്ത്രിയും എൽ ഡി എഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. എൻ ഡി എ സഖ്യകക്ഷിയായ ജെ ഡി എസ് ഏത് സാഹചര്യത്തിലാണ് എൽ ഡി എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന - ദേശീയ  നേതൃത്വങ്ങളും തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA