02:04pm 05 July 2024
NEWS
യതീന്ദ്ര വീഡിയോ: മുഖ്യമന്ത്രി സിദ്ധരാമയ്യയെ വെട്ടിലാക്കി പ്രതിപക്ഷം
17/11/2023  11:28 AM IST
വിഷ്ണുമംഗലം കുമാർ
യതീന്ദ്ര വീഡിയോ: മുഖ്യമന്ത്രി സിദ്ധരാമയ്യയെ വെട്ടിലാക്കി പ്രതിപക്ഷം
HIGHLIGHTS

ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ സ്ഥലംമാറ്റത്തിന് കുറഞ്ഞത് മുപ്പത് ലക്ഷമാണ് സിൻഡിക്കേറ്റ് ഈടാക്കുന്നതെന്നും അത് തെളിയിക്കുന്ന പെൻഡ്രൈവ് പുറത്തുവിടുമെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു

ബംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ ഡോക്ടർ യതീന്ദ്ര ഭരണകാര്യങ്ങളിൽ കൈകടത്തുന്നു എന്ന ആരോപണം കോൺഗ്രസ്സ് അധികാരത്തിൽ വന്നതുമുതലേയുണ്ട്. യതീന്ദ്രയുടെ നേതൃത്വത്തിൽ ഒരു സ്ഥലമാറ്റ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ജെഡി എസ് നേതാവ് കുമാരസ്വാമി മാസങ്ങൾക്ക് മുമ്പുതന്നെ ആരോപിച്ചിരുന്നു. ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ സ്ഥലംമാറ്റത്തിന് കുറഞ്ഞത് മുപ്പത് ലക്ഷമാണ് സിൻഡിക്കേറ്റ് ഈടാക്കുന്നതെന്നും അത് തെളിയിക്കുന്ന പെൻഡ്രൈവ് പുറത്തുവിടുമെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

ആ വിവാദം പക്ഷെ ക്രമേണ ശമിച്ചു. കുമാരസ്വാമി പെൻഡ്രൈവ് ഉയർത്തിക്കാട്ടിയതല്ലാതെ അതിന്റെ ഉള്ളടക്കം പുറത്തുവിട്ടിരുന്നില്ല. ബിജെപിയുമായി സഖ്യ മുണ്ടാക്കി കരുത്താർജ്ജിച്ച കുമാരസ്വാമി ഇന്നലെ പുറത്തുവിട്ടത് സിദ്ധരാമയ്യയെ വെട്ടിലാക്കുന്ന വിഡിയോയാണ്. ഒരു ചടങ്ങിനിടയിൽ യതീന്ദ്ര സിദ്ധരാമയ്യയുമായി സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ അത് വൈറലായി. "ഹലോ അപ്പാ... ഞാൻ കൊടുത്ത പട്ടികയിൽ മാറ്റം വരുത്തിയതാരാണ്?ആരാണ് വിവേകാനന്ദ? എവിടേക്കാ? ഞാൻ കൊടുത്ത പട്ടികയിൽ ആ പേര് ഉണ്ടായിരുന്നില്ലല്ലോ?" ഈ സംഭാഷണത്തിന് ശേഷം ഫോൺ മഹാദേവയ്ക്ക് കൈമാറാൻ ആവശ്യപ്പെടുന്നു.

പട്ടികയിൽ മാറ്റം വരുത്തരുതെന്ന് അയാൾക്ക് നിർദ്ദേശം നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയ മഹാദേവ സ്ഥലംമാറ്റ സിൻഡി ക്കേറ്റിന്റെ പ്രധാന കണ്ണിയാണെന്ന് കുമാരസ്വാമി ആരോപിക്കുന്നു. നഗ്നമായ അഴിമതി തെളിഞ്ഞ സാഹചര്യത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കുമാരസ്വാമിയും ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. "വരുണ മണ്ഡലത്തിലെ വികസന കമ്മിറ്റി ചെയർമാനാണ് യതീന്ദ്ര. മണ്ഡലത്തിലെ അഞ്ചു സ്കൂളുകളെ കുറിച്ച് പറഞ്ഞതാണ് കുമാരസ്വാമി വളച്ചൊടിച്ച് വിവാദമാക്കിയത്. അധികാരം കിട്ടാത്ത നിരാശയാൽ തരംതാണ രാഷ്ട്രീയം കളിക്കുകയാണ് അദ്ദേഹം"സിദ്ധരാമയ്യ വ്യക്തമാക്കി. ആ വിശദീകരണം പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ല. യതീന്ദ്ര വിഡിയോ വിവാദം സംസ്ഥാനമൊട്ടാകെ കത്തിപ്പടരുകയാണ്

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL