11:48am 01 July 2024
NEWS
പലസ്തീൻ ഐക്യദാർഢ്യത്തിൽ ഇടതു പക്ഷത്തിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമല്ല: ശൈഖ് മുഹമ്മദ് കാരകുന്ന്
15/12/2023  08:35 AM IST
പ്രദീപ് ഉഷസ്സ്
പലസ്തീൻ ഐക്യദാർഢ്യത്തിൽ ഇടതു  പക്ഷത്തിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമല്ല: ശൈഖ് മുഹമ്മദ് കാരകുന്ന്
HIGHLIGHTS

ഇന്ത്യയിൽ ഭീകരവാദം  ഉണ്ടാക്കുന്നതും വളർത്തുന്നതും സംഘപരിവാർ - ശൈഖ് മുഹമ്മദ് കാരകുന്ന് 
(ജമാഅത്തെ ഇസ്ലാമി മുൻ അസിസ്റ്റന്റ് അമീർ)

''എല്ലാ വിധത്തിലും അടിച്ചമർത്തപ്പെട്ട, നിസ്സഹായരായ ഒരു ജനതയുടെ വിമോചനപ്പോരാട്ടമാണ് ഗസ്സയിലുണ്ടായത്. ശ്വാസംമുട്ടിയ ജനതയുടെ ജീവശ്വാസത്തിനായുള്ള പോരാട്ടമായിരുന്നു ഇത്...

കരിമ്പാറയെക്കാൾ കട്ടിയുള്ള മനസ്സുള്ളവർക്ക് മാത്രമേ ഹമാസ് വിരുദ്ധ സംവിധാനങ്ങൾ കൈക്കൊള്ളാൻ കഴിയൂ. ഇടതുപക്ഷം നടത്തുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമല്ല; സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനം തന്നെയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ മുൻ അസിസ്റ്റന്റ് അമീറും, കേരള മുസ്ലീം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് 'കേരളശബ്ദം' മലബാർ കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ്സിനോട് പറഞ്ഞു.

പലസ്തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.

ആ കൂടിക്കാഴ്ചയിൽ നിന്ന്...

? ഗസ്സയിലെ സംഭവവികാസങ്ങൾക്ക് പിന്നിലെ, സാമൂഹ്യ രാഷ്ട്രീയ അടിയൊഴുക്കുകൾ എന്തൊക്കെയാണ്?

ഏഷ്യൻ-ആഫ്രിക്കൻ നാടുകളിൽ കഴിഞ്ഞ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് പിന്നിൽ, സാമ്രാജ്യത്വ ശക്തികൾ ആണുള്ളത്. അതിനുവേണ്ടിയവർ സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി പരസ്പരം പോരടിപ്പിക്കുകയാണ് ചെയ്യുന്നത്.

സാമ്രാജ്യത്വ ശക്തികളുടെ ലക്ഷ്യങ്ങൾ പലതാണ്. മധ്യപൂർവ്വരാഷ്ട്രങ്ങളിൽ അവർക്ക് താവളം കിട്ടണം, സൈനിക കേന്ദ്രീകരണം നടത്തണം, ആയുധം വിൽക്കാനുള്ള ഇടം കിട്ടണം. വളരെയധികം ഭൂഗർഭ വസ്തുക്കളുള്ള മദ്ധ്യപ്രദേശങ്ങളിൽ അവർക്ക് ഒരു രാജ്യം വളർത്തിയെടുക്കണം. യഥാർത്ഥത്തിൽ ഇന്ന് ഇസ്രായേൽ ഒരു അമേരിക്കൻ രാജ്യം പോലെയാണല്ലോ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയവും, സാമ്പത്തികവും സൈനികവുമായ ആവശ്യങ്ങൾ തന്നെയാണ് സാമ്രാജ്യത്വ ശക്തികളെ ഇവിടം സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകങ്ങൾ. അതിന് വേണ്ടിയവർ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ വിദഗ്ദ്ധമായി തന്ത്രങ്ങൾ മെനയുന്നു. ഹമാസിനെ ഭീകരമായി ചിത്രീകരിക്കുന്നു. എന്നാൽ ഈ തന്ത്രത്തിൽ എല്ലാ ഇസ്രയേൽ ജനതയും പെട്ടുപോയിട്ടില്ല. ഇപ്പോഴും അവിടുത്തെ മഹാഭൂരിഭാഗം യഹൂദരും ഹമാസിന് എതിരല്ലാത്തത് അതുകൊണ്ടുതന്നെയാണ്.

ഹമാസ് നടത്തുന്നത് സ്വാതന്ത്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി നടത്തുന്ന പോരാട്ടമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന യഹൂദർ ഇന്നും അമേരിക്കയിലുണ്ട്. മറ്റ് പല നാടുകളിലുമുണ്ട്. ഇത് യഹൂദരുമായുള്ള സംഘർഷം എന്നതിനേക്കാളുപരി ഇസ്രയേൽ എന്ന വംശീയ രാഷ്ട്രവും പലസ്തീൻ നിവാസികളും തമ്മിലുള്ള പോരാട്ടമാണ്. അത് കത്തിയെരിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതാകട്ടെ, അമേരിക്കയും.

കേരളം മുന്നോട്ടുവയ്ക്കുന്നത് ഗാന്ധിജിയുടെ ചിന്താധാരകൾ

? പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമേകുന്നതിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. അതേസമയം ഈ നിലപാടിന് തികച്ചും വിഭിന്നമായി ഇസ്രയേൽ അനുകൂലനിലപാടാണ് കേന്ദ്ര ഭരണാധികാരികളുടേത്. ഈ സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.

ഇസ്രയേലിനെപ്പറ്റിയുള്ള തന്റെ അഭിപ്രായം, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പലതവണ പറഞ്ഞിട്ടുണ്ട്. എപ്രകാരം ഇംഗ്ലണ്ട്, ഇംഗ്ലണ്ടുകാരുടേതാണോ, റഷ്യ, റഷ്യക്കാരുടേതാണോ, ഇന്ത്യ, ഇന്ത്യാക്കാരുടേതാണോ അപ്രകാരം പലസ്തീൻ, പലസ്തീൻ ജനതയുടേതാണ്. അത്രമാത്രം സുവ്യക്തമായിരുന്നു മഹാത്മജിയുടെ ചിന്താധാരകൾ.

ഈ നിലപാടിൽ നിന്നും ഗാന്ധിയെ പിന്തിരിപ്പിക്കാൻ സയണിസ്റ്റുകൾ പലതവണ പ്രതിനിധികളെ അയച്ചു. ദീർഘനേരം അവർ ഗാന്ധിജിയുമായി ചർച്ചകൾ നടത്തി. അപ്പോഴെല്ലാം അദ്ദേഹം നയം വ്യക്തമാക്കിയത് തന്റെ നിലപാടിൽ മാറ്റമില്ല എന്നുതന്നെയായിരുന്നു. അതായത് പതിറ്റാണ്ടുകളായി ഇന്ത്യ കൈക്കൊണ്ടിരുന്ന നിലപാടുകളുടെ വ്യക്തമായ പിന്തുടർച്ച തന്നെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.

ഇന്ത്യയുടെ യഥാർത്ഥ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നത് കേരളമാണ്. സ്വാതന്ത്ര്യബോധവും ജനാധിപത്യത്തെ മുറുകെ പിടിക്കാനും ആഗ്രഹമുള്ള ഒരു ജനതയ്ക്ക് ഹമാസിനെ പിന്തുണക്കാതിരിക്കാൻ സാധ്യമല്ല. സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾ സ്വീകരിക്കാതിരിക്കാൻ സാധ്യമല്ല.

യഥാർത്ഥത്തിൽ ഇസ്രായേൽ യുദ്ധം ചെയ്യുന്നത് ഹമാസിനോടല്ല. ഈ യുദ്ധത്തിൽ ഏതെങ്കിലും ഹമാസ് നേതാക്കളെ അവർ വധിച്ചിട്ടുണ്ടോ? പിടികൂടിയിട്ടുണ്ടോ? അവർ ലക്ഷ്യമിടുന്നത് നിരപരാധികളായ സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമാണ്. അവർ ബോംബിടുന്നത്, ആശുപത്രികളിലും, അഭയാർത്ഥി ക്യാമ്പുകളിലും, വാഹനങ്ങളിലുമൊക്കെയാണ്. നിരപരാധികളെ തെരഞ്ഞുപിടിച്ചുള്ള വംശനശീകരണമാണവർ നടത്തുന്നത്. കൊല്ലപ്പെടുന്നവരിൽ അൻപത് ശതമാനത്തോളം കുട്ടികളാണ്. ആർക്കാണ് ഇതിനെയൊക്കെ ന്യായീകരിക്കാനാവുക.

ഹിറ്റ്‌ലറുടേയും, മുസ്സോളിനിയുടേയും മനസ്സുള്ളവർക്ക് മാത്രമേ ഇസ്രയേലിന് ഒപ്പം നിൽക്കാൻ കഴിയൂ. മനസ്സിന് കരിമ്പാറയേക്കാൾ കട്ടിയുള്ളവർക്ക് മാത്രമേ ഹമാസ് വിരുദ്ധ സമീപനം കൈക്കൊള്ളാൻ കഴിയൂ. കേരളത്തിലെ ജനതയുടെ മനസ്സിൽ നന്മയുണ്ട്; കാരുണ്യമുണ്ട്. അതുകൊണ്ടവർക്ക് പലസ്തീനെ പിന്തുണക്കാതിരിക്കാൻ കഴിയില്ല.

മഹാഭാരതയുദ്ധം നടന്ന രാജ്യമാണല്ലോ ഇന്ത്യ. അന്നത്തെ യുദ്ധനിയമങ്ങൾ നോക്കൂ. സ്ത്രീകളെ കൊല്ലാൻ പാടില്ല, കുട്ടികളെ കൊല്ലാൻ പാടില്ല. ആയുധങ്ങൾ ഇല്ലാത്തവരേയും, പിന്തിരിഞ്ഞ് പോകുന്നവരേയും കൊല്ലാൻ പാടില്ല. ആരാധനാലയങ്ങളിലുള്ളവരെ കൊല്ലരുത്. ഇതൊക്കെ ഒരു  സംസ്‌ക്കാരത്തിന്റെ സൂചകങ്ങളാണ്. ഈയൊരു തത്വം പാലിക്കാതെ ആർഷഭാരത സംസ്‌ക്കാരവും, ഋഷിമാരുടെ പാരമ്പര്യവും അവകാശപ്പെട്ടവർക്ക് എങ്ങിനെ പിന്തുണക്കാൻ കഴിയും?

ഇന്ത്യയുടേത് സാമ്രാജ്യത്വവിധേയ മനോഭാവം

? ഇസ്രയേലിനെ പിന്തുണക്കുന്നതിലൂടെ കേന്ദ്ര ഭരണാധികാരികൾ കൈക്കൊള്ളുന്നത് സാമ്രാജ്യത്വ അനുകൂല നിലപാട് ആണെന്നാണോ.

എന്താണ് സംശയം. സാമ്രാജ്യത്വ വിധേയവും, മനുഷ്യവിരുദ്ധവുമായ നിലപാട് തന്നെയാണിത്. ഇസ്രയേലും ഇന്ത്യയും തമ്മിൽ ആയുധവ്യാപാര ബന്ധങ്ങളുണ്ട്. അതിന്റെയെല്ലാം പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ തന്നെയാണ്. അതോടൊപ്പം, ഇന്ത്യൻ ഭരണാധികാരികളെ ഇപ്പോൾ നയിക്കുന്നത് മുസ്ലീം വിരുദ്ധ നിലപാടുകൾ തന്നെയാണ്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് പിന്നിൽ ഇസ്ലാമോഫോബിയ തന്നെയാണുള്ളത്.

സംഘപരിവാറിന്റെ വ്യാജപ്രചരണ തന്ത്രങ്ങൾ

? ആഗോള നിലപാടുകൾ പരിശോധിച്ചാൽ, ഹമാസിനെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാനും, കേരളവും മാത്രമാണെന്നാണല്ലോ ബി.ജെ.പിയുടെ ആരോപണം.

അതാണ് ഗീബൽസിയൻ തീയറി, എല്ലായ്‌പ്പോഴും സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തുന്ന പതിവ് വ്യാജപ്രചരണതന്ത്രം. ആയിരം തവണ നുണ പറഞ്ഞ്, അത് സത്യമാണെന്ന് ധരിപ്പിക്കുന്ന രീതി. അമേരിക്കൻ നാടുകളിൽവരെ ഹമാസിനനുകൂലമായി ഉയരുന്ന പ്രതികരണങ്ങൾ കാണാതെ പോകുന്നതെന്തുകൊണ്ടാണ്? ന്യൂയോർക്കിലും, വാഷിംഗ്ടണിലുമൊക്കെ പതിനായിരങ്ങൾ ഇസ്രയേലിനെതിരെ അണിനിരന്ന കാഴ്ചകൾ നാം കണ്ടതല്ലേ? ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റാലിയായിരുന്നു പലസ്തീന് അനുകൂലമായി ഉയർന്നത്. ഐക്യരാഷ്ട്ര സഭ ഇസ്രയേലിനെതിരെ പ്രമേയം പാസ്സാക്കിയില്ലേ? ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചത് യൂറോപ്യൻ രാജ്യങ്ങളല്ലേ.  വ്യാജപ്രചരണങ്ങൾക്ക് അത്ര വലിയ ആയുസ്സൊന്നുമില്ലെന്നുതന്നെയാണ് ചരിത്രയാഥാർത്ഥ്യം.

? കേരളത്തിലും ഹമാസ് മോഡൽ വ്യാപിപ്പിക്കാൻ നടക്കുന്നുവെന്നും, അതിന് ചുക്കാൻ പിടിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്? സോളിഡാരിറ്റി യോഗത്തിൽ, ഹമാസ് നേതാവ് ഖാലിദ് മഷാൽ ഓൺലൈനായി പ്രസംഗിച്ചത് അവർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്?

നിറമുള്ള കണ്ണടകൾ വെച്ചാൽ കാഴ്ചകൾ എല്ലാം ആവിധത്തിൽ മാറും. ഭീകരതയുടെ കണ്ണട വച്ചവർക്ക് എല്ലാം ഭീകരതയായി തോന്നും. ജന്മനാടിന് വേണ്ടി വാദിക്കുന്നവരെ, സ്വാതന്ത്ര്യത്തിനായി ചെറുത്തുനിൽക്കുന്നവരെ എങ്ങനെയാണ് ഭീകരവാദികളെന്ന് വിളിക്കുക.

ഖാലിദ് മഷാലിനെ ഒരു രാജ്യവും വിലക്കിയിട്ടില്ല. പ്രഭാഷണം തടഞ്ഞിട്ടില്ല. സോളിഡാരിറ്റിയോഗമാകട്ടെ പരസ്യവും സുതാര്യവുമായാണ് നടന്നത്. പോലീസുദ്യോഗസ്ഥർ ഖാലിദ് മഷാലിന്റെ പ്രസംഗവും കേട്ടിട്ടുണ്ട്, പരിശോധിച്ചിട്ടുണ്ട്. അതിലെവിടെയും ഒരു ഭീകരവാദവും കണ്ടെത്തിയിട്ടില്ല. അതിലെവിടെയും, ജനാധിപത്യവിരുദ്ധമായോ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എതിരായോ ചെറുപരാമർശം പോലും ഉണ്ടായിട്ടുമില്ല. ഞാൻ നേരത്തെ പറഞ്ഞ ഗീബൽസിയൻ പ്രചരണതന്ത്രം തന്നെയാണ് ഈ വിധം പ്രചരണങ്ങളിലുമുള്ളത്. ഒരു കാര്യമുറപ്പാണ്, ഇന്ത്യയിൽ ഭീകരവാദം ഉണ്ടാക്കുന്നതും, വളർത്തുന്നതും സംഘപരിവാർ കേന്ദ്രങ്ങൾ തന്നെയാണ്.

ഇടതുപക്ഷത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ല

? കേരളത്തിൽ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന പലസ്തീൻ ഐക്യദാർഢ്യപ്രവർത്തനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ടല്ലേ.

ഞാൻ അങ്ങനെ കരുതുന്നില്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുതന്നെയാണ്. അത് കേവലമൊരു വോട്ട് ബാങ്ക് രാഷ്ട്രീയമല്ല. ആഗോള നിലപാടിൽ പോലും എത്രയെത്ര ഇടതുപക്ഷ കവികളും ചിന്തകരുമാണ് ഫലസ്തീനുവേണ്ടി സാംസ്‌ക്കാരിക ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യസ്‌നേഹികൾക്ക് ഒരിക്കലും പലസ്തീനിൽ ഉയരുന്ന മുറവിളികൾ കേൾക്കാതിരിക്കാനാവില്ല.

? സി.പി.എമ്മിന്റെ പലസ്തീൻ സമ്മേളനത്തിൽ നിന്ന് മുസ്ലീം ലീഗ് വിട്ടുനിന്നത് ശരിയായോ.

ആദ്യം ലീഗ് പങ്കുചേരുമെന്ന പ്രതീതിയുണ്ടായിരുന്നു. പിന്നീടത് പിൻവലിച്ചു. ഇടക്കാലത്ത് ലീഗ് ഇടതുമുന്നണിയുമായി സഹകരണ നീക്കമുണ്ടാകുന്നുവെന്നും കേട്ടിരുന്നു. ഇപ്പോഴാകട്ടെ അത്തരമൊരു നീക്കുപോക്കുകളുമില്ലായെന്ന് മുസ്ലീം ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതെല്ലാം കേവലമായ രാഷ്ട്രീയകാരണങ്ങളാണ്.

പലസ്തീൻ വിഷയം സംബന്ധിച്ച് രണ്ടുകൂട്ടർക്കും ഒരേ കാഴ്ചപ്പാടാണ്. എന്നാൽ രാഷ്ട്രീയമായ ലാഭനഷ്ടങ്ങൾ കൂട്ടിക്കിഴിച്ചാണ്, ഒരേ ആശയത്തിനായി, വ്യത്യസ്ത വേദികളിൽ അവർ പങ്കെടുക്കുന്നത്. രാഷ്ട്രീയകാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ അവർക്ക് അതിന്റേതായ ശരികളും കണ്ടേക്കാം. എന്നാൽ ഈവിധമൊരു വിഷയത്തിൽ, ആ വിധത്തിലൊന്നും ചിന്തിക്കാതെ ഐക്യപ്പെടുകയാണ് വേണ്ടത്.

നോക്കൂ, വിയറ്റ്‌നാമിൽ യുദ്ധം നടന്നപ്പോൾ ജമാ അത്തെ ഇസ്ലാമി, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കൊപ്പം നിലകൊണ്ടത് ആർക്കാണ് വിസ്മരിക്കാൻ കഴിയുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW