07:23am 29 June 2024
NEWS
'പേരറിവാളന്മാർ' ഒന്നും രണ്ടുമല്ല: പൂജപ്പുര ജയിലിലും മാഫിയാ വേരുകൾ - 4
31/12/2023  10:41 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
'പേരറിവാളന്മാർ' ഒന്നും രണ്ടുമല്ല: പൂജപ്പുര ജയിലിലും മാഫിയാ വേരുകൾ - 4

വൈകിയെത്തുന്ന നീതി അനീതിയാണെന്ന അമൂല്യ സിദ്ധാന്തത്തിന് സെൻട്രൽ ജയിലുകൾ എക്കാലവും അപവാദമായി നിൽക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന കേസുകൾ ധാരാളം. തടവറയുടെ ഇരുട്ടിൽ മൂന്ന് പതിറ്റാണ്ട് കഴിച്ചുകൂട്ടിയ പേരറിവാളൻ എന്ന പഴയ പത്തൊമ്പതുകാരൻ അമ്പതാമത്തെ വയസ്സിൽ ലോകത്തിന്റെ വെളിച്ചത്തിലേക്ക് മോചിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെങ്കിലും രാജീവ് ഗാന്ധി വധിക്കപ്പെട്ട കേസിലെ പ്രതിയായിരുന്നതിനാൽ പേരറിവാളന്റെ കഥ ചരിത്രമായി മാറി.

പുറം ലോകത്ത് ജീവിച്ച ജീവിതത്തിന്റെ ഇരട്ടിയിലധികം ജയിലറയിൽ ചെലവഴിച്ചു പേരറിവാളൻ. അതിൽ ഏറിയ കാലവും ഏകാന്ത തടവിൽ. ഇന്നോ നാളെയോ തൂക്കിലേറ്റപ്പെടുമെന്ന ഭീതിയിൽ അയാൾ തള്ളി നീക്കിയത് 16 വർഷങ്ങൾ. കൊടിയ മർദനങ്ങളും പീഡനവും സമ്മാനിച്ച നിത്യരോഗാവസ്ഥ വേറെയും. ഭരണകൂട സന്നാഹങ്ങളുടെ വ്യാജ തിരക്കഥകളിൽപ്പെട്ട് ഒറ്റ രാത്രി കൊണ്ട് ജീവിതം തകിടം മറിഞ്ഞുപോകുന്ന, അതിന്റെ പ്രഹരങ്ങളിൽ നിന്ന്, വേദനകളിൽ നിന്ന്, യാതനകളിൽ നിന്ന് ഒരു കാലത്തും പുറത്തുകടക്കാൻ സാധിക്കാതെ ജീവിതം നരകതുല്യമാകുന്ന നിരാലംബരായ മനുഷ്യരുടെ പ്രതീകമാണ്  പേരറിവാളനും അമ്മ അർപ്പുതമ്മാളും.

നിരപരാധിയായ തന്റെ മകനെ പുറംലോകത്തെത്തിച്ചേ താൻ അടങ്ങൂ എന്ന നിശ്ചയദാർഢ്യത്തിൽ ജീവിച്ച അർപ്പുതമ്മാൾ എന്ന സമര ജീവിതത്തിന്റെ, എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ടിട്ടും തളരാത്ത പോരാട്ട വീര്യത്തിന്റെ വിജയമാണ് പേരറിവാളന്റെ ഒടുവിലത്തെ ഈ മോചനമെങ്കിലും ഒരിക്കലും 'നീതി ലഭിച്ചു' എന്ന് പറയാൻ കഴിയാത്തവിധത്തിൽ ഭരണകൂടവും അതിന്റെ സംവിധാനങ്ങളും മാപ്പർഹിക്കാത്ത തെറ്റ് ആ മനുഷ്യജീവിതത്തോട് ചെയ്തു.

1991 മെയ് 21 ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ നടന്ന ഉഗ്ര സ്‌ഫോടനത്തിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം 14 പേർ അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ ഭീകരാന്തരീക്ഷത്തിൽ രാജ്യമാസകലം വിറങ്ങലിച്ചു നിന്ന തുടർ ദിവസങ്ങളിലൊന്നിൽ തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലുള്ള ജോലാർപേട്ട് എന്ന ഗ്രാമത്തിലെ അർപ്പുതമ്മാളിന്റെ വീട്ടിലേക്ക് ഒരു സംഘം പോലീസുകാർ എത്തി. 19 വയസ്സുകാരനായ അറിവ് എന്ന പേരറിവാളനെക്കുറിച്ചായിരുന്നു പോലീസുകാർക്ക് അറിയേണ്ടിയിരുന്നത്. ഇലക്‌ട്രോണിക്‌സ് ഡിപ്ലോമ പഠനത്തിന് ശേഷം ചെന്നൈയിൽ ജോലി ചെയ്യുകയായിരുന്നു അറിവ് അന്ന്.

ചില വിവരങ്ങൾ ചോദിക്കാനായി ചെന്നൈയിലെ മല്ലിഗൈയിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിൽ അറിവിനെ എത്തിക്കണമെന്ന് പോലീസുകാർ ആവശ്യപ്പെട്ടു. അടുത്ത ദിവസം അർപ്പുതമ്മാൾ ചെന്നൈയിലേക്ക് പുറപ്പെട്ടു; അറിവിനെയും കൂട്ടി. പൊലീസുകാരെ ചെന്ന് കണ്ട ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ഒന്നിച്ച് നാട്ടിലേക്കു മടങ്ങാമെന്നായിരുന്നു അവർ കണക്കുകൂട്ടിയത്. ദിവസങ്ങൾക്ക് ശേഷം പരസ്പരം കണ്ട സന്തോഷത്തിൽ അമ്മയും മകനും ചെന്നൈ നഗരത്തിൽ ചുറ്റിക്കറങ്ങി. ശേഷം താമസ സ്ഥലത്തെത്തിയപ്പോൾ, അവിടെ അവരെയും കാത്ത് ഒരു സംഘം സി ബി ഐ ഉദ്യോഗസ്ഥരുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തിരികെയെത്തിക്കാം എന്ന് അർപ്പുതമ്മാളിന് വാക്ക് നൽകിയ ശേഷം, അവർ അറിവിനെയും കൂട്ടിക്കൊണ്ടുപോയി.

പിറ്റേ ദിവസത്തെ പത്രത്തിൽ നിന്നാണ് അർപ്പുതമ്മാൾ അറിയുന്നത് തന്റെ മകനെ പോലീസ് കൊണ്ടുപോയത് രാജ്യത്തെ നടുക്കിയ രാജീവ് ഗാന്ധി വധക്കേസിലാണെന്നത്. പത്തൊമ്പതാമത്തെ വയസ്സിൽ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം പോയ അറിവ് എന്ന എ. ജി പേരറിവാളൻ പിന്നീടുള്ള മുപ്പത് വർഷം പുറംലോകം കണ്ടില്ല. പ്രധാനമന്ത്രിയുടെ ഘാതകർക്കെതിരായ പൊതുബോധത്തെയും ജനരോഷത്തെയും തൃപ്തിപ്പെടുത്താനായി കരുവാക്കപ്പെട്ടയാൾ. കെട്ടിച്ചമച്ച കുറ്റപത്രങ്ങളുടെയും ഉദാസീനമായ കേസന്വേഷണ വഴികളുടെയും ക്രൂരമായ മനുഷ്യാവകാശനീതി നിഷേധങ്ങളുടെയും കഥയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ പേരറിവാളന്റെ ജീവിതം.

പെരിയാറിന്റെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യുക്തിവാദ മാർഗം പിന്തുടർന്നിരുന്ന കുടുംബത്തിലാണ് അറിവ് വളർന്നത്. ദ്രാവിഡ കഴകത്തോടുള്ള ചായ്‌വും തമിഴ് ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആശയപരമായ അടുപ്പവും അയാളെ അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയദൃഷ്ടിയിൽ എത്തിക്കുകയായിരുന്നു. അന്ന് നിരോധിച്ചിട്ടില്ലാത്ത എൽ.ടി.ടി.ഇ എന്ന സംഘടനയോട് മനസ്സുകൊണ്ട് ഐക്യപ്പെട്ടിരുന്ന തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് കൗമാരക്കാരിൽ ഒരാൾ മാത്രമായിരുന്നു പേരറിവാളൻ. സി ബി ഐയുടെ കസ്റ്റഡിയിൽ എത്തിയ ശേഷം കോടതിയിൽ ഹാജരാക്കുന്നതുവരെ നേരിട്ട അതിക്രമങ്ങളെയും അനീതിയെയും കുറിച്ച് ജയിലിൽ നിന്ന് എഴുതിയ അനവധി കത്തുകളിലും ലേഖനങ്ങളിലുമായി പേരറിവാളൻ പലതവണ വിശദീകരിച്ചിട്ടുണ്ട്.

എ. ജി. പേരറിവാളന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് ചോദിച്ചറിയുകയും ഇലക്ട്രോണിക്‌സിൽ ഡിപ്ലോമയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത ശേഷമുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ചോദ്യം 'നീയല്ലേ ബോംബ് ഉണ്ടാക്കിയത്' എന്നായിരുന്നു. താൻ ഏറെ അഭിമാനിച്ചിരുന്ന തന്റെ വിദ്യാഭ്യാസം തനിക്കുള്ള കുരുക്കായി മാറുകയും ഞൊടിയിടയിൽ താനൊരു 'ബോംബ് സ്‌പെഷ്യലിസ്റ്റാ'യി അവതരിപ്പിക്കപ്പെടുകയും ചെയ്തുവെന്നാണ് അറിവ് പറഞ്ഞത്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബെൽറ്റ് ബോംബ് പ്രവർത്തിക്കാനാവശ്യമായിരുന്ന ഒമ്പത് വോൾട്ട് ബാറ്ററി, കേസിൽ പ്രതിയായ ശിവരശൻ എന്നയാൾക്ക് വാങ്ങി നൽകി എന്നതായിരുന്നു കുറ്റാരോപണം. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഈ ആരോപണം കെട്ടിച്ചയ്മക്കപ്പെട്ടതാണെന്ന് പേരറിവാളൻ തന്നെ തെളിയിച്ചു. ഇക്കാര്യം അന്വേഷകരും ഏറെ വൈകി സമ്മതിച്ചു.

അതിക്രൂരമായിരുന്നു ആ പത്തൊമ്പതുകാരൻ അന്നനുഭവിച്ച പീഡനങ്ങൾ. കോടതിയിൽ ഹാജരാക്കുന്ന സമയങ്ങളിൽ മർദന വിവരം പുറത്തറിയിച്ചാൽ പിന്നീടുള്ള പീഡനം ഇതിലും ക്രൂരമായിരിക്കും എന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും അറിവ് പറയുന്നു. അറുപത് ദിവസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്നു. ഇതിനിടയിലൊരിക്കൽ, ചില കടലാസുകളിൽ അറിവിനെക്കൊണ്ട് പോലീസ് ഒപ്പ് വെപ്പിക്കുകയും ചെയ്തു. എന്നാൽ തനിക്കുള്ള കൊലക്കയറായിരുന്നു അതെന്ന് അറിവ് അറിഞ്ഞില്ല. അന്ന് ഇന്ത്യയിലുണ്ടായിരുന്ന ഭീകര നിയമമായ 'ടാഡ' നിയമത്തിന് കീഴിൽ ഉദ്യോഗസ്ഥർ എഴുതി തയ്യാറാക്കിയ കുറ്റസമ്മത മൊഴിയിലായിരുന്നു ഉദ്യോഗസ്ഥർ അറിവിനെക്കൊണ്ട് ഒപ്പ് വെപ്പിച്ചത്.

അറിവിന്റെ നിരപരാധിത്വം തെളിയിക്കാൻ വിശ്രമമില്ലാത്ത നിയമ പോരാട്ടവുമായി അർപ്പുതമ്മാൾ രംഗത്ത് വന്നു. നീതി തേടി അവർ മുട്ടാത്ത വാതിലുകളില്ല. പക്ഷേ ഫലം കണ്ടില്ല. പേരറിവാളൻ അടക്കം രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട 26 പേർക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിയിൽ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി തൊട്ടടുത്ത വർഷം, 1999 മെയിൽ, നാല് പേരുടേതൊഴികെയുള്ളവരുടെ വധശിക്ഷകൾ ഇളവു ചെയ്തു. എന്നാൽ നളിനി, മുരുകൻ, ശാന്തൻ എന്നിവർക്കൊപ്പം വധശിക്ഷ ശരിവെക്കപ്പെട്ടവരിൽ പേരറിവാളനും ഉണ്ടായിരുന്നു. പേരറിവാളൻ അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തുവെന്ന പോലീസുകാർ തയ്യാറാക്കിയ മൊഴിയായിരുന്നു അറിവിനെ വധശിക്ഷാ വിധിക്ക് ഇരയാക്കിയത്. രാജീവ് ഗാന്ധി വധക്കേസ് അവസാനിച്ചുവെന്നും നീതി നടപ്പാക്കപ്പെട്ടുവെന്നും രാജ്യം വിശ്വസിച്ചു. കേസ് അവസാനിച്ചിട്ടില്ലെന്ന് പരിപൂർണബോധ്യമുള്ള രണ്ട് പേർ അപ്പോഴും പോരാട്ടം തുടർന്നു, പേരറിവാളനും അർപ്പുതമ്മാളും.

കുറ്റസമ്മതത്തിൽ രേഖപ്പെടുത്തി എന്നതല്ലാതെ, പേരറിവാളൻ ബാറ്ററി വാങ്ങിയതിനോ ശിവരശനു കൈമാറിയതിനോ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ബോംബ് നിർമ്മിച്ചത് ആര്, ഗൂഢാലോചനാ സംഘത്തിൽ ആരെല്ലാം ഉണ്ടായിരുന്നു തുടങ്ങി തന്ത്രപ്രധാനമായ പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരുന്നില്ല. കേസിലെ അന്താരാഷ്ട്ര ഗൂഢാലോചനകൾ പുറത്തു കൊണ്ടുവരാനായി സി ബി ഐയും റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങും സംയുക്തമായി രൂപം കൊടുത്ത മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി അഥവാ എം ഡി എം എ കോടതിയിൽ റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിരുന്നില്ല. എം ഡി എം എയുടെ റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കപ്പെടണമെന്നും പരിശോധിക്കപ്പെടണമെന്നും പേരറിവാളൻ നിരന്തരമായി ആവശ്യപ്പെട്ടു. തന്റെ കുറ്റസമ്മതം വളച്ചൊടിച്ചതും കെട്ടിച്ചമച്ചതുമാണെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു. പ്രതികളുടെ വയർലെസ് സംഭാഷണത്തിൽ നിന്ന്, ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നത് മൂന്ന് പേർക്ക് മാത്രമാണെന്നത് വ്യക്തമാണെന്ന് വാദിച്ചു. അക്കൂട്ടത്തിൽ തന്റെ പേരില്ലെന്ന് ചൂണ്ടിക്കാണിച്ചു.

2013-ൽ, കേസിൽ വലിയ വഴിത്തിരിവുണ്ടായി. വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് സി ബി ഐ ഉദ്യോഗസ്ഥൻ ത്യാഗരാജൻ പേരറിവാളന്റെ മൊഴിയിൽ താൻ കാണിച്ച കൃത്രിമം വെളിപ്പെടുത്തി. ഒമ്പത് വോൾട്ടിന്റെ ബാറ്ററികൾ വാങ്ങിയിരുന്നു എന്ന അറിവിന്റെ മൊഴിക്കൊപ്പം, 'ഈ ബാറ്ററികളാണ് ബോംബിൽ ഉപയോഗിച്ചത്' എന്ന വാചകം താൻ സ്വയം ഉൾപ്പെടുത്തിയതാണെന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ. ഗൂഢാലോചനയിൽ അറിവിന് പങ്കുണ്ടായിരുന്നു എന്നുറപ്പിക്കാൻ ആധാരമായ ഒരേയൊരു തെളിവായിരുന്നു ഈ വാചകം. മൊഴി തിരുത്തിയതാണെന്ന് വ്യക്തമായതോടെ, അറിവിന്റെ നിരപരാധിത്വം ഏറെക്കുറെ പൂർണമായും വെളിപ്പെട്ടു. 2017-ൽ ഇക്കാര്യം ത്യാഗരാജൻ സത്യവാങ്മൂലമായി സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. വർഷങ്ങളോളം പേരറിവാളൻ ആവർത്തിച്ചുകൊണ്ടിരുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ശരിവെച്ചിട്ടും, കേസിൽ പിന്നീടും യാതൊരു പുരോഗതിയും ഉണ്ടായില്ല. നീതിയുടെ വെളിച്ചം അപ്പോഴും അറിവിനെ തേടി എത്തിയില്ല. നിയമത്തിന്റെ സങ്കീർണതകളിൽപ്പെട്ട് തടവറയുടെ ഇരുട്ടിൽ തന്നെ പേരറിവാളന്റെ ജീവിതം വർഷങ്ങളോളം കുരുങ്ങിക്കിടന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ കാലയളവിൽ പേരറിവാളൻ ധാരാളം ഹർജികൾ പലർക്കും നൽകി. താൻ ശേഖരിച്ച രേഖകളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിക്കയച്ച വിശദമായ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. വധശിക്ഷയ്‌ക്കെതിരായി പേരറിവാളനും മറ്റ് മൂന്ന് പേരും നൽകിയ ദയാഹർജി പതിനൊന്ന് വർഷത്തോളമാണ് പ്രതികരണമില്ലാതെ കിടന്നത്. താൻ ആവശ്യപ്പെടുന്നത് ദയ അല്ലെന്നും നീതിയാണെന്നും പേരറിവാളൻ ജയിലിൽ നിന്ന് എഴുതി. ഒടുവിൽ, ദയാഹർജി വർഷങ്ങളോളം പരിഗണിക്കാതെ പോയെന്നത് കണക്കിലെടുത്ത്, 2014 ഫെബ്രുവരി 18 ന് പേരറിവാളന്റെയും മറ്റ് രണ്ട് പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.

പേരറിവാളൻ എന്തുകൊണ്ട് വധശിക്ഷ അർഹിക്കുന്നില്ല എന്ന് അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും വാദിച്ചപ്പോൾ, തന്റെ നിരപരാധിത്വം വിശദീകരിക്കാനാണ് പേരറിവാളൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഒടുവിൽ പേരറിവാളന്റെ മോചനഹർജിയിൽ ഉചിതമായ തീരുമാനം സ്വീകരിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി അറിയിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പേരറിവാളന്റെ മോചനത്തിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ അതൃപ്തി അറിയിച്ച സുപ്രീം കോടതി ഒടുവിൽ ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ച് പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

പേരറിവാളന്റെ മോചനത്തിന്റെ സാഹചര്യത്തിൽ അന്യായമായ തടവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങൾ വീണ്ടും ചർച്ചയായി. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ  പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ 76 ശതമാനവും വിചാരണാ തടവുകാരാണ്. അതിൽ 73 ശതമാനം പേർ ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. വിചാരണ പോലും നേരിടാതെ രാജ്യത്തെ ജയിലുകളിൽ കാലങ്ങളോളം കഴിയേണ്ടി വരുന്നവരിൽ ബഹുഭൂരിപക്ഷവും അതിദുർബല വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതിന് സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ വലിയ രാഷ്ട്രീയ മാനങ്ങളാണുള്ളത്. പതിറ്റാണ്ടുകൾ തടവിൽ കഴിയേണ്ടി വരുന്ന നിരപരാധികൾ പലപ്പോഴും സമൂഹത്തിലെ അജ്ഞാത കഥാപാത്രങ്ങൾ; പേരറിവാളനെപ്പോലെ തങ്ങൾക്കു നീതി എന്നെങ്കിലും ലഭിക്കുമെന്ന പ്രത്യാശ അവരിൽ പലർക്കുമില്ല.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE