10:31am 08 July 2024
NEWS
കുമാരസ്വാമി പ്രതിപക്ഷ നേതാവാകുമോ? കർണാടകത്തിൽ തിരക്കിട്ട രാഷ്ട്രീയചർച്ചകൾ
11/11/2023  11:26 AM IST
വിഷ്ണുമംഗലം കുമാർ
കുമാരസ്വാമി പ്രതിപക്ഷ നേതാവാകുമോ? കർണാടകത്തിൽ തിരക്കിട്ട രാഷ്ട്രീയചർച്ചകൾ
HIGHLIGHTS

സംസ്ഥാന നേതാക്കൾ എത്ര വലിയവരായാലും അവരെ താഴ്ത്തിക്കെട്ടി അവഗണിക്കുന്ന അമിത്ഷായുടെ അധീശത്വ ശൈലി കർണാടകത്തെ സംബന്ധിച്ചേടത്തോളം മാറിയിരിക്കുന്നു. 

ബംഗളുരു: ആറുമാസം മുമ്പ് ഭരണം നഷ്ടപ്പെട്ടതുമുതൽ കർണാടകത്തിലെ ബിജെപിയിൽ നിലനിന്നുപോന്ന അനിശ്ചിതത്വവും അവ്യക്തതയും അവസാനിക്കുകയാണ്. സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത മുൻമുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ സംസ്ഥാന അധ്യക്ഷനായതോടെ തുടർന്നുണ്ടാകുന്ന രാഷ്ട്രീയമാറ്റവും സ്ഥാനാ രോഹണങ്ങളും പാർട്ടിക്ക് പുത്തനുണർവ്വും ആത്മവിശ്വാസവും പ്രദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാന നേതാക്കൾ എത്ര വലിയവരായാലും അവരെ താഴ്ത്തിക്കെട്ടി അവഗണിക്കുന്ന അമിത്ഷായുടെ അധീശത്വ ശൈലി കർണാടകത്തെ സംബന്ധിച്ചേടത്തോളം മാറിയിരിക്കുന്നു. 

യെദിയൂരപ്പയെ മാറ്റിനിർത്തിയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി അടിപതറാൻ കാരണം. സ്വന്തം സംസ്ഥാനത്തെ പാർട്ടിയിൽ പിടിമുറുക്കാനുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ പരിശ്രമങ്ങളും പരാജയപ്പെട്ടു എന്നാണ് വിജയേന്ദ്ര സംസ്ഥാന അധ്യക്ഷനായതോടെ വ്യക്തമാകുന്നത്. പാർട്ടിയുടെ പൂർണ്ണനിയന്ത്രണം വീണ്ടും യെദിയൂരപ്പയുടെ കയ്യിലെത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവാകാനുള്ള ബസവനഗൗഡ പാട്ടീൽ യത് നാളുടെ സ്വപ്നവും പൊലിയുകയാണ്. യെദിയൂരപ്പയുടെ കടുത്ത   വിമർശകനാണ് യത് നാൽ.  നിയുക്ത അധ്യക്ഷനും ശിക്കാരിപുര എം എൽ എ യുമായ വിജയേന്ദ്ര ലിങ്കായത്ത് വിഭാഗക്കാരനാണ്. സമുദായിക സമവാക്യം പരിഗണിക്കുമ്പോഴും ലിങ്കായത്തുകാരനായ യത് നാളിന് പ്രതിപക്ഷ നേതൃപദവി ലഭിക്കാനിടയില്ല.

വൊക്കലിഗ വിഭാഗക്കാർക്കാണ് സാധ്യത കൂടുതൽ. മുൻമന്ത്രിമാരായ   ആർ. അശോകും അശ്വത് നാരായണും വൊക്കലിഗ വിഭാഗത്തിൽപെട്ട പ്രമുഖ നേതാക്കളാണ് .ഈഡിഗ സമുദായക്കാരനായ വി സുനിൽകുമാറിനോ ബ്രാഹ്മണനായ മുതിർന്ന നേതാവ് എസ് സുരേഷ് കുമാറിനോ പ്രതിപക്ഷ നേതൃപദവി ലഭിച്ചുകൂടായ്കയില്ല. നിലവിൽ നാലുപേരും നിയമസഭയിലുണ്ട്. എന്നാൽ അതിനുമപ്പുറത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബിജെപി നേതാക്കളെക്കാൾ ശക്തമായി പ്രതിപക്ഷ ധർമ്മം നിർവ്വഹിച്ച് കോൺഗ്രസ്സ് ഗവണ്മെന്റിന് നിരന്തരം തലവേദന സൃഷ്ടിക്കുന്നത്   മുൻമുഖ്യമന്ത്രിയായ ജെഡിഎസ് നേതാവ് കുമാരസ്വാമിയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഏറെ ഭയക്കുന്നതും പ്രവചനതീതമായി രാഷ്ട്രീയനീക്കങ്ങൾ നടത്തുന്ന ഇദ്ദേഹത്തെയാണ്.

കുമാരസ്വാമിയുമായി അടുപ്പമുള്ള യെദിയൂരപ്പയാണ് ബിജെപി- ജെഡിഎസ് സഖ്യം യാഥാർഥ്യമാക്കിയത്. കുമാരസ്വാമിയെ പ്രതിപക്ഷ നേതാവാക്കാൻ യെദിയൂരപ്പ തീരുമാനിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. വലിയ പാർട്ടി ചെറിയ പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവാക്കുന്ന കീഴ് വഴക്കമില്ലെങ്കിലും അത് അസാധ്യമല്ല. വൊക്കലിഗ നേതാവാണ് എന്നതും കുമാരസ്വാമിയ്ക്ക് അനുകൂലഘടകമാണ്. ആറുമാസത്തിനകം നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പിൽ ബിജെപി- ജെഡിഎസ് സഖ്യത്തിന് കൂടുതൽ സീറ്റുനേടാൻ കുമാരസ്വാമി പ്രതിപക്ഷ നേതാവാകുന്നത് ഉപകരിക്കുമെന്ന്‌  യെദിയൂരപ്പ കരുതുന്നുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന. ബിജെപി പ്രതിപക്ഷ നേതൃപദവി വെച്ചുനീട്ടിയാൽ കുമാരസ്വാമി അത് പൂർണ്ണമനസ്സോടെ സ്വീകരിക്കുമെന്ന് തീർച്ചയാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL