07:50am 03 July 2024
NEWS
മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന പാവപ്പെട്ട രോഗികളോടും മനുഷ്യത്വത്തോടെ പെരുമാറണം:ഡോക്ടർമാരോട് സിദ്ധരാമയ്യ
01/12/2023  11:36 AM IST
വിഷ്ണുമംഗലം കുമാർ
മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന പാവപ്പെട്ട രോഗികളോടും മനുഷ്യത്വത്തോടെ പെരുമാറണം:ഡോക്ടർമാരോട് സിദ്ധരാമയ്യ
HIGHLIGHTS

ആരോഗ്യ കവച 108 ആംബുലൻസ് സർവ്വീസ് അതിന്റെ ഭാഗമാണ്. ഒരു താലൂക്കിൽ നാല് എന്ന കണക്കിൽ സംസ്ഥാന മൊട്ടാകെ 108 ആംബുലൻസുകൾ സർവ്വീസ് നടത്തുന്നുണ്ട്

ബംഗളുരു: ഏതൊരാൾക്കും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിൽ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ കവച 108 ആംബുലൻസ് സർവ്വീസ് അതിന്റെ ഭാഗമാണ്. ഒരു താലൂക്കിൽ നാല് എന്ന കണക്കിൽ സംസ്ഥാന മൊട്ടാകെ 108 ആംബുലൻസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഗവണ്മെന്റ് ആശുപത്രികളിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനം ത്വരിതഗതിയിൽ നടന്നുവരികയാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല. ഇൻഷുറൻസൊക്കെ ഉണ്ടെങ്കിലും ചികിത്സാ ചെലവിന് ഗവണ്മെന്റിനെ സമീപിക്കുന്ന സാധാ രണക്കാരുടെ എണ്ണം വർധിച്ചുവരികയാണ്.

ആരോഗ്യ പരിപാലന രംഗത്ത് ഗുണപരമായ മാറ്റം വരുത്താനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്" കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളുള്ള 262 ആംബുലൻസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവർഷത്തിലേറെ പഴക്കവും പരിമിതമായ സൗകര്യങ്ങളുമുള്ള ആംബുലൻസുകളാണ് 108 ആരോഗ്യ കവച പദ്ധതിയുടെ ഭാഗമായി സർവ്വീസ് നടത്തിയിരുന്നത്. അവ മാറ്റിയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ജീവൻരക്ഷാ ആംബുലൻസുകൾ പുറത്തിറക്കുന്നത്. എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. "പഴയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ചെത്തുന്ന രോഗികളോടും മനുഷ്യത്വത്തോടെ പെരുമാറി അവർക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണം"ഡോക്ടർമാരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിധാനസൗധ പരിസരത്ത് നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു,ഗതാഗത മന്ത്രി രാമലിംഗ റെഡി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ആംബുലൻസ് ഡ്രൈവർമാർ സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിച്ച് അപകടത്തിൽ പെടുന്നവരെയും ആസന്നനിലയിലുള്ള രോഗികളെയും ചൂഷണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. "കമ്മീഷൻ കിട്ടുന്ന സ്വകാര്യ ആശുപത്രികളിലേക്കാണ് ഡ്രൈവർമാർ രോഗികളെ എത്തിക്കുക. ആശുപത്രികളിലെ ഭീമമായ ബില്ലുകൾ അടക്കാനാവാതെ ആളുകൾ സഹായത്തിനായി ജനപ്രതിനിധികളെ സമീപിക്കും. ഒരു മാസം ഇരുപത് ലക്ഷത്തോളം രൂപ ആളുകളുടെ ആശുപത്രി ബില്ലുകൾ അടക്കാനായി ഞാൻ സ്വന്തം കീശയിൽ നിന്ന് ചെലവിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാണ് കോൺഗ്രസ്സ് ഗവണ്മെന്റ് ശ്രമിക്കുന്നത്" ഉപമുഖ്യമന്ത്രി വിശദമാക്കി

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL