09:37am 01 July 2024
NEWS
അന്റാർട്ടിക്കൻ മഞ്ഞുപാളികളിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം

11/06/2022  10:25 PM IST
Veena
അന്റാർട്ടിക്കൻ മഞ്ഞുപാളികളിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം
HIGHLIGHTS

തുണിത്തരങ്ങളിലും കുപ്പികളിലും പൊതുവേ കാണപ്പെടുന്ന തരത്തിലുള്ള പ്ലാസ്റ്റിക്‌ പദാർത്ഥങ്ങളാണ് കണ്ടെത്തിയവയിൽ ഏറിയ പങ്കും.

റോസ് ദ്വീപ്  അന്റാർട്ടിക്കൻ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ. അന്റാർട്ടിക്കയിലെ റോസ് ദ്വീപ് പ്രദേശത്തെ വിവിധയിടങ്ങളിലായിട്ടാണ് മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഒരു സാംപിളിൽ നിന്നു തന്നെ ശരാശരി 29 -ഓളം പദാർത്ഥങ്ങളും കണ്ടെത്തി. തുണിത്തരങ്ങളിലും കുപ്പികളിലും പൊതുവേ കാണപ്പെടുന്ന തരത്തിലുള്ള പ്ലാസ്റ്റിക്‌ പദാർത്ഥങ്ങളാണ് കണ്ടെത്തിയവയിൽ ഏറിയ പങ്കും. പലപ്പോഴും പരിസ്ഥിതിക്ക് വീണ്ടെടുക്കാനാവാത്ത തരത്തിലുള്ള പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനും ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്താനും ഇവയ്ക്ക് സാധിക്കും. മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പദാർത്ഥങ്ങൾ കാരണമാകാറുണ്ട്.

തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം പ്രദേശം സന്ദർശിച്ച ഗവേഷകർ സ്റ്റെയിൻലെസ് ബോട്ടിലുകളിലായി മഞ്ഞ് ശേഖരിച്ചു. തുടർന്ന്‌ ഇവ ന്യൂസീലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ് കാന്റർബറിയിൽ പരിശോധനയ്ക്കായി കൊണ്ടുപോയി. മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട രീതിയിലുള്ള ശ്രദ്ധയും ഗവേഷകർ പുലർത്തിയിരുന്നു.

13 ഇടങ്ങളിൽ നിന്നും ശേഖരിക്കപ്പെട്ട മൈക്രോപ്ലാസ്റ്റിക് സാംപിളുകൾ ഇവിടെ പരിശോധിച്ചപ്പോൾ മറ്റ് 6 സാംപിളുകൾ റോസ് ദ്വീപിന് സമീപമുള്ള നിരീക്ഷണ കേന്ദ്രങ്ങളിലായിരുന്നു പരിശോധനയ്ക്ക് വിധേയമാക്കിയത്. 13 തരത്തിലുള്ള പ്ലാസ്റ്റിക് പദാർത്ഥങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. പിഇടി (Polyethylene terephthalate) എന്ന വിഭാഗത്തിൽ പെടുന്ന പ്ലാസ്റ്റിക്കുകളാണ് കണ്ടെത്തിയവയിൽ ഏറിയ പങ്കും. അതായത് സാംപിളുകളുടെ 79 ശതമാനത്തോളം.

കാറ്റിലോ മറ്റോ വളരെ ദൂരത്തിൽ യാത്ര ചെയ്താണിവ അന്റാർട്ടിക്കൻ പ്രദേശത്ത് എത്തുന്നത്. റോസ് ദ്വീപിലെ റിസർച്ച്‌ സ്റ്റേഷനുകളായ സ്‌കോട്ട് ബേസ്, മക്മുർഡോ സ്റ്റേഷൻ എന്നിവിടങ്ങളിലുപയോഗിക്കുന്ന നിർമാണ സാമഗ്രികളോ, തുണിത്തരങ്ങളിലോ നിന്നും ഇവ എത്താനുള്ള സാധ്യതയും പഠനം തള്ളിക്കളയുന്നില്ല.

അഞ്ച് മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള പോളിമർ പദാർത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റികുകൾ. അന്റാർട്ടിക്കയിലെ ഭക്ഷ്യശൃംഖലയ്ക്ക് തന്നെ മൈക്രോപ്ലാസ്റ്റികുകൾ ഭീഷണിയാണ്. അന്റാർട്ടിക്കൻ ക്രിൽ പോലെയുള്ളവയ്ക്ക് ഇത്തരത്തിലുള്ള മൈക്രോപ്ലാസ്റ്റികുകൾ ഭീഷണിയാണ്. പെൻഗ്വിനുകളുടെ ഭക്ഷണങ്ങളിലും മറ്റും മൈക്രോപ്ലാസ്റ്റിക് പദാർത്ഥങ്ങളെത്തുന്നത് അവയുടെ നിലനിൽപിന് തന്നെ ഭീഷണിയാണ്. ക്രൈയോസ്പിയർ എന്ന ജേണലിൽ ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL