07:27am 29 June 2024
NEWS
പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗ്: മെട്രോവാര്‍ത്ത ചാമ്പ്യന്‍മാര്‍
24/06/2024  06:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗ്: മെട്രോവാര്‍ത്ത ചാമ്പ്യന്‍മാര്‍

കൊച്ചി: വിനോദ് കരിമാട്ട് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പ്രസ്‌ക്ലബ്ബ് ക്രിക്കറ്റ് ലീഗിന്റെ (പി.സി.എല്‍) ആദ്യ സീസണില്‍ മെട്രോവാര്‍ത്ത ചാമ്പ്യന്‍മാരായി. കലൂര്‍ ഡി.എന്‍.എ ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മനോരമ ന്യൂസ് ടീമിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് മെട്രോവാര്‍ത്ത ടീം കിരീടം നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മനോരമ ന്യൂസ് നിശ്ചിത ആറോവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ മെട്രോവാര്‍ത്ത 3.4 ഓവറില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. 

മെട്രോവാര്‍ത്തയുടെ അഭിലാഷ് ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അമൃത ടി.വി, ദേശാഭിമാനി ടീമുകള്‍ സെമിഫൈനലിസ്റ്റുകളായി. എറണാകുളത്തെ 15 മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ടീമുകളാണ് രണ്ട് ദിവസത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ്-ലക്ഷ്യ, വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും മുന്‍ രാജ്യാന്തര വോളിബോള്‍ താരവും കാലിക്കറ്റ് ഹീറോസിന്റെ പരിശീലകനുമായ കിഷോര്‍കുമാര്‍, വിനോദ് കരിമാട്ടിന്റെ ഭാര്യ സൗമ്യ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ആര്‍ ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം.സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി, സ്‌പോര്‍ട്‌സ് ക്ലബ്ബ് കണ്‍വീനര്‍ അഷ്‌റഫ് തൈവളപ്പ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ഭാസി, ശ്രീജിത്ത് വി.ആർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam