12:17pm 08 July 2024
NEWS
ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

18/09/2023  12:24 PM IST
nila
 ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
HIGHLIGHTS

എംപിയായി ആദ്യം പാർലമെന്റ് മന്ദിരത്തിലേക്കു വന്നപ്പോൾ ജനാധിപത്യത്തിന്റെ ക്ഷേത്രത്തോടുള്ള ആദരവായി ഞാൻ പടികൾ തൊട്ടുവന്ദിച്ചു. 

ന്യൂഡൽഹി:  ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയുടെ വിജയവും ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാന്റിം​ഗും ചൂണ്ടിക്കാട്ടിയാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘ചരിത്രപരമായ കെട്ടിടത്തോടു യാത്രപറയാൻ ഒരുങ്ങുകയാണ് നാം. സ്വാതന്ത്ര്യത്തിനു മുൻപ് ഈ കെട്ടിടം ബ്രിട്ടിഷ് ഇന്ത്യയുടെ ഇംപീരിയൽ ലെജിസ്‍ലേറ്റീവ് കൗൺസിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം ഇത് ഇന്ത്യയുടെ പാർലമെന്റായി. വിദേശ ഭരണാധികാരികളാണ് ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് എന്നത് ശരിയാണ്. എന്നാൽ ഇത് നിർമിക്കാൻ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്തത് ഇന്ത്യക്കാരാണ്. എംപിയായി ആദ്യം പാർലമെന്റ് മന്ദിരത്തിലേക്കു വന്നപ്പോൾ ജനാധിപത്യത്തിന്റെ ക്ഷേത്രത്തോടുള്ള ആദരവായി ഞാൻ പടികൾ തൊട്ടുവന്ദിച്ചു. അതെനിക്കു ശരിക്കും വൈകാരികമായി നിമിഷമായിരുന്നു. ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു കുട്ടിക്ക്, റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയ ബാല്യമുള്ള ഒരാൾക്ക് പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കാൻ കഴിയുമെന്നുപോലും കരുതിയിരുന്നില്ല. ജനങ്ങളിൽനിന്ന് ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ന് ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണ്. നമ്മുടെ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തിന്റെ കൂട്ടായ പ്രയത്‌നങ്ങളുടെ ഫലമാണിത്. ചന്ദ്രയാൻ 3ന്റെ വിജയം ഇന്ത്യയെ മാത്രമല്ല ലോകത്തിനു മുഴുവൻ അഭിമാനമാകുന്നതാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ്, 140 കോടി ജനങ്ങളുടെ കരുത്ത് എന്നിങ്ങനെ ഒരു പുതിയ ഇന്ത്യയെ തന്നെ ലോകം അറിഞ്ഞു. ഇന്ന ഞാൻ വീണ്ടും ഇന്ത്യയുടെ ശാസ്ത്രജ്ഞരം അഭിനന്ദിക്കുകയാണ്. 

ജി 20 ഉച്ചകോടിയുടെ വിജയത്തിൽ നിങ്ങളെല്ലാവരും അഭിനന്ദിക്കുന്നു. ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ജി20യുടെ വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ വിജയമാണ്. ഇത് ഒരു വ്യക്തിയുടെയോ പാർട്ടയുടെയോ വിജയമല്ല, മറിച്ച് ഇന്ത്യയുടെ വിജയമാണ്. ഇത് നാം എല്ലാവരും ആഘോഷിക്കേണ്ട വിജയമാണ്’’– മോദി പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL