12:08pm 08 July 2024
NEWS
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു
31/10/2023  07:13 AM IST
nila
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു
HIGHLIGHTS

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകൾ.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു. ഇന്നലെ അർധരാത്രിയിൽ ആരംഭിച്ച സമരം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകൾ.

മുൻപ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1നകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. 

ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. നവംബർ ഒന്നിന് ശേഷം ഫിറ്റ്‌നസ് തീരുന്നതുവരെ ക്യാമറ സ്ഥാപിക്കാൻ സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് സ്വകാര്യ ബസുടമകളെ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA