08:01am 03 July 2024
NEWS
രാഹുലും ഇന്ത്യയും മുന്നോട്ട്; മോടിയില്ലാതെ മോദി അധികാരത്തിൽ
30/06/2024  11:01 AM IST
ചെറുകര സണ്ണിലൂക്കോസ്
രാഹുലും  ഇന്ത്യയും മുന്നോട്ട്; മോടിയില്ലാതെ മോദി അധികാരത്തിൽ

പതിനായിരത്തിലേറെ കിലോമീറ്റർ ഇന്ത്യയുടെ വിരിമാറിലൂടെ നടന്ന് നടന്ന് ജനങ്ങളുടെ ഹൃദയനൊമ്പരങ്ങൾ തൊട്ടറിഞ്ഞ രാഹുൽഗാന്ധി രാജ്യത്തിന് പുതിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്. ഇന്ത്യാസഖ്യത്തെ അധികാരത്തിലെത്തിക്കാനായില്ലെങ്കിലും, അധികാരം നിലനിർത്താൻ ഭരണഘടനാസ്വാതന്ത്ര്യമുള്ള എല്ലാ സംവിധാനങ്ങളെയും ദുർവിനിയോഗം ചെയ്തും വർഗ്ഗീയ വിദ്വേഷം ചൊരിഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ചും മഹാഭൂരിപക്ഷം ഉറപ്പെന്നഹങ്കരിച്ച് ഫലം വരും മുമ്പേ അടുത്ത ഭരണം തുടങ്ങിയവരെ വിറകൊള്ളിച്ച രാഹുൽ ആണ് ഈ തെരഞ്ഞെടുപ്പിലെ താരം.

വോട്ടെണ്ണലിന് തലേദിവസം എ.ഐ.സി.സി ആസ്ഥാനത്ത് ലോക്‌സഭാ സ്ഥാനാർത്ഥികളുമായുള്ള ഓൺലൈൻ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ എക്‌സിറ്റ്  പോൾ ഫലങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽഗാന്ധി നൽകിയ മറുപടി ഇങ്ങനെ 'ഇതിനെ എക്‌സിറ്റ് പോളുകൾ എന്നല്ല വിളിക്കുക, ഇതിന്റെ പേര് മോദി മീഡിയ പോൾ എന്നാണ്. ഇത് മോദിജിയുടെ പോളാണ്. അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലുള്ള പോൾ.'

ജനങ്ങളുടെ പൾസ് അറിയുന്ന ഒരു ജനനേതാവിന് മാത്രമേ ഇത്ര ആത്മവിശ്വാസത്തോടെ ഒന്നര ഡസനോളം ദേശീയമാധ്യമങ്ങളുടെ എക്‌സിറ്റ്‌പോൾ ഫലങ്ങളെ തള്ളിപ്പറയാനാവൂ. ഒടുവിൽ ഫലം വന്നപ്പോൾ നാണംകെട്ടത് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ.'ഇത്തവണ 400 ന് മുകളിൽ' എന്ന നിരന്തരം വീരവാദം മുഴക്കിയ മോദിയുടെ ബി.ജെ.പിക്ക് സ്വന്തം നിലയിൽ ലഭിച്ചത് 240 സീറ്റുമാത്രം. സഖ്യകക്ഷികളെ ആശ്രയിച്ച് ഭരണമുറപ്പിക്കാൻ ലഭിച്ചത് 292 സീറ്റ് മാത്രം. 543 അംഗ ലോക്‌സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റ് വേണമെന്നിരിക്കെ ഇനി ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിന് 2025 ൽ മതേതരം എന്ന വാക്കോ സുപ്രധാനമായ മറ്റെന്തെങ്കിലും കാര്യങ്ങളോ ഭരണഘടനയിൽ നിന്നെടുത്തു കളയാനാവില്ല.

വാരാണാസിയിൽ 2019 ൽ 4,79,505 വോട്ടിന് ജയിച്ച പ്രധാനമന്ത്രി ഈ മണ്ഡലത്തിൽ ശതകോടികൾ മുടക്കിയെങ്കിലും കേന്ദ്ര ക്യാബിനറ്റ് ഒന്നാകെ ഇവിടെ പ്രചാരണത്തിനെത്തിയെങ്കിലും ഇത്തവണ മോദിക്ക് ലഭിച്ച ഭൂരിപക്ഷം 1,52513 ആയി ഇടിഞ്ഞു. അതേസമയം റായ്ബറേലിയിൽ രാഹുൽഗാന്ധിക്ക് 3,90,030 വോട്ടുകളുടേയും വയനാട്ടിൽ 3,64,422 വോട്ടുകളുടേയും ഭൂരിപക്ഷമാണ് ലഭിച്ചത്.

234 എന്ന അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഇന്ത്യാസഖ്യത്തെ നയിക്കുന്ന കോൺഗ്രസിന് 99 സീറ്റുകളോടെ പാർലമെന്റിൽ ഔദ്യോഗികമായും പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പായി.അയോദ്ധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തിലെ പരാജയവും രാഹുലിനെ കഴിഞ്ഞ തവണ അമേത്തിയിൽ തോൽപ്പിച്ച സ്മൃതി ഇറാനിയുടെ പരാജയവും ബി.ജെ.പിക്കുണ്ടാക്കിയ നാണക്കേട് ഒട്ടും ചെറുതല്ല.

നിതീഷ് കുമാറിന്റെയും(ജെ.ഡി.യു) ചന്ദ്രബാബു നായിഡു(ടി.ഡി.പി) പിന്തുണയോടെ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനായെങ്കിലും ഒരർത്ഥത്തിൽ ജനവിധി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരാണെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ജയിക്കാൻ ന്യായമായതും അന്യായമായതുമായ എല്ലാ മാർഗ്ഗങ്ങളും ബി.ജെ.പി സ്വീകരിച്ചിരുന്നു.

രണ്ടോ മൂന്നോ ഘട്ടങ്ങളായി അവസാനിപ്പിക്കാവുന്ന മോദിയുടെ പ്രചാരണപര്യടനം സൗകര്യാർത്ഥം ഏഴു ഘട്ടങ്ങളായി ഷെഡ്യൂൾ ചെയ്തു തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യം മുഴുവൻ പറന്നുനടന്ന് ഇരുന്നൂറിലേറെ യോഗങ്ങളിൽ പ്രസംഗിച്ച് മോദി രാഹുൽഗാന്ധിക്കും കുടുംബത്തിനും കോൺഗ്രസിനും എതിരെയും മുസ്ലീം സമുദായത്തിനെതിരേയുമാണ് തന്റെ വാഗ്‌ധോരണി മുഴുവൻ ഉപയോഗപ്പെടുത്തിയത്. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്ഥാനാർത്ഥിത്വം നൽകിയും കൂടെക്കൂട്ടി ഇൻഡ്യാസഖ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു.

വഴങ്ങാത്ത പ്രതിപക്ഷ നേതാക്കളെ ഇ.ഡിയെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് ജയിലിലാക്കുകയോ കേസുകളിൽ കുടുക്കുകയോ ചെയ്തു. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചു. കോർപ്പറേറ്റുകളുടെയും ദേശീയ മാധ്യമങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ടായിരുന്ന ബി.ജെ.പിക്ക് പണമോ പ്രചാരണമോ ആവശ്യത്തിലേറെയായിരുന്നു.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അയോദ്ധ്യാക്ഷേത്രം യാഥാർത്ഥ്യമാക്കിയതും തുടർന്ന് രാജ്യത്തെ ദരിദ്രർക്ക് നൽകിയ ആനുകൂല്യങ്ങളെക്കുറിച്ചും വികസനകുതിപ്പിനെക്കുറിച്ചും വല്ലാതെ വാചകമടിച്ചു. ഏപ്രിൽ 19 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് 102 മണ്ഡലങ്ങളിൽ നടന്നപ്പോൾ മോദിക്ക് കിട്ടിയ ഫീഡ് ബാക്ക് എൻ.ഡി.എയെക്കാൾ ഇരട്ടി സീറ്റ് അവിടെ ഇന്ത്യാസഖ്യം നേടുമെന്നായിരുന്നു.

ഇതോടെ പരിഭ്രാന്തിയിലായ മോദിയുടെ നാവിൽ നിന്ന് പ്രചാരണ യോഗങ്ങളിലൊക്കെയും വന്നത് വർഗ്ഗീയ വിദ്വേഷത്തിന്റെ പരമാവധിയായിരുന്നു. രാജസ്ഥാനിലെ ബൻസ്‌വാരയിലായിരുന്നു തുടക്കം. 'കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിങ്ങളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് കൊടുക്കും. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള തീവ്രവാദികൾക്ക് കൊടുക്കണമെന്നാണോ?' പിന്നീട് അങ്ങോട്ട് ഓരോ യോഗങ്ങളിലും മതവിദ്വേഷം മാത്രമാണ് പ്രചാരണമാണ് ആയുധമാക്കിയത്. ഏറ്റവും ഒടുവിൽ തന്റേത് സാധാരണ ജന്മമല്ലെന്നും തന്നെ അയച്ചത് ദൈവമാണെന്നും വരെ ഒരു പ്രധാനമന്ത്രി അവകാശപ്പെടുന്നത് രാജ്യം കേൾക്കേണ്ടിവന്നു. ഇതിലൊരു പ്രസംഗം പോലും തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ല.

ഒടുവിൽ ഏഴാം ഘട്ട ഇലക്ഷൻ നടക്കുന്ന ജൂൺ 1 ന് വോട്ട് ചെയ്യുന്നവരെ ആകർഷിക്കാനായി സകല മീഡിയാകളുടെയും വെള്ളിവെളിച്ചത്തിൽ 48 മണിക്കൂർ കന്യാകുമാരിയിലെ ധ്യാനം. മാധ്യമങ്ങൾ കൊട്ടിഘോഷിച്ച മോദിപ്രഭാവം വളരുകയല്ല ഇടിയുകയാണെന്ന് ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മോദി എന്ന ഏക നേതാവിനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഏശിയില്ല. പൗരത്വനിയമം, ഏക സിവിൽകോഡ്, മുത്തലാഖ്, അയോധ്യ, 370-ാം വകുപ്പ് തുടങ്ങിയ ബി.ജെ.പിയുടെ ഹിന്ദുത്വ വിഷയങ്ങൾ ഹിന്ദി ഹൃദയഭൂമിയിൽ ക്ലച്ചുപിടിക്കാതാകുന്നു എന്ന തിരിച്ചറിവ് ബി.ജെ.പിയെ മാത്രമല്ല ആർ.എസ്.എസിനേയും ഞെട്ടിക്കാതിരിക്കില്ല.

2014 ൽ അധികാരത്തിൽ നിന്ന് പുറത്തായശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കോൺഗ്രസിന് നടത്താനായത്. അതിനുള്ള എല്ലാ ക്രഡിറ്റും രാഹുൽഗാന്ധിക്കുള്ളതാണ്. 2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് നൽകിയ രാജിക്കത്തിൽ രാഹുൽ പറഞ്ഞു. 'നമ്മുടെ സ്ഥാപനങ്ങളെ വീണ്ടെടുക്കാനും പുനർജീവിപ്പിക്കാനും ഇന്ത്യാ ദേശം ഒത്തുചേരണം. ഈ പുനർജീവനത്തിനുള്ള ഉപകരണമായിരിക്കും കോൺഗ്രസ് പാർട്ടി.

രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള കേവല മത്സരമായിരുന്നില്ല എന്റെ പോരാട്ടം. എനിക്ക് ബി.ജെ.പിയോട് വെറുപ്പോ ദേഷ്യമോ ഇല്ല. പക്ഷേ ഇന്ത്യയെ സംബന്ധിച്ച അവരുടെ ആശയത്തെ എന്റെ ശരീരത്തിലെ ഓരോ അണുവും ചെറുക്കുന്നു. അവർ ഭിന്നതകൾ കാണുമ്പോൾ ഞാൻ സമാനതകൾ കാണുന്നു. അവർ വെറുപ്പ് കാണുമ്പോൾ ഞാൻ സ്‌നേഹം കാണുന്നു. അവർ ഭയപ്പെടുന്നത് ഞാൻ ആലിംഗനം ചെയ്യുന്നു.

നമ്മുടെ രാജ്യത്തിനും ഭരണഘടനയ്ക്കുമെതിരായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ലക്ഷ്യമിടുന്നത് നമ്മുടെ രാഷ്ട്രഘടനയെ തകർക്കലാണ്. ഇരുട്ടിനെതിരായ പോരാട്ടത്തിൽ നിന്ന് ഞാൻ ഒരു രീതിയിലും പിന്നോക്കം പോകുന്നില്ല. ഞാൻ കോൺഗ്രസ് പാർട്ടിയുടെ കൂറുള്ള പടയാളിയാണ്. ഇന്ത്യയുടെ സമർപ്പിത പുത്രനായ ഞാൻ അവസാനശ്വാസം വരെ രാജ്യത്തിനായുള്ള പോരാട്ടവും സേവനവും തുടരും.'

2019 ലെ രാഹുൽഗാന്ധിയുടെ വാക്കുകളുടെ പ്രസക്തി ഇന്ന് വീണ്ടും വർദ്ധിച്ചിരിക്കുന്നു. രാഹുൽഗാന്ധിയെ ഒരിക്കലും നരേന്ദ്രമോദി ചെറുതായി കണ്ടില്ല എന്നതുകൊണ്ടാണ് രാഹുലിന്റെ മനോവീര്യം തകർക്കാൻ സർവ്വത്രശ്രമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരുന്നത്. 2019 ൽ പാർട്ടിയധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞപ്പോൾ യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയെന്ന് പരിഹസിച്ചവർ ഏറെയാണ്. ഒരുപാട് വിശ്വസ്തരും സഹപ്രവർത്തകരും ഉപേക്ഷിച്ചുപോയി. പോകുന്നവരെല്ലാം പോകട്ടെയെന്നായിരുന്നു രാഹുലിന്റെ നിലപാട്.

ഭരണഘടനയിൽ ആലേഖനം ചെയ്ത നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന് എന്ന് പ്രഖ്യാപിച്ചുകൊണ്ട് 2022 സെപ്തംബർ 7 ന് കന്യാകുമാരിയിൽ തുടങ്ങി ജനുവരി 30 ന് കാശ്മീരിലെ ശ്രീനഗറിൽ സമാപിച്ച ഭാരത് ജോഡോയാത്രയും രണ്ടാംഘട്ടമായി മണിപ്പൂരിൽ തുടങ്ങി മുംബൈയിൽ സമാപിച്ച ഭാരത് ജോഡോ ന്യായ് യാത്രയും കരുത്തനായ ജനനേതാവിലേക്ക് രാഹുലിനെ പരിവർത്തനപ്പെടുത്തി എന്നതാണ് വാസ്തവം. രാഷ്ട്രീയ യാത്രയായിരുന്നു അതെങ്കിലും സ്‌നേഹത്തിന്റെയും പക്വതയുടെയും ഭാഷയായിരുന്നു യാത്രയിലുടനീളം ഉപയോഗിച്ചത്.

തെരഞ്ഞെടുപ്പ് ആയപ്പോൾ എല്ലാവരേയും കൂട്ടി യോജിപ്പിക്കുന്ന കണ്ണിയായി രാഹുൽ മാറി. 'ഇന്ത്യാ' എന്ന സഖ്യത്തിന്റെ പേരും രാഹുലിന്റെ കണ്ടെത്തലായിരുന്നു. വലിയ പാർട്ടിയെന്ന എല്ലാ ഭാവവും മാറ്റിവച്ച് സീറ്റ് ചർച്ചകളിൽ വിട്ടുവീഴ്ച ചെയ്തു. അങ്ങനെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്തു.

കോൺഗ്രസും ഇന്ത്യാസഖ്യവും പക്വതയോടെയും പോരാട്ടവീറോടെയും കരുതലോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റ് കക്ഷികളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള സമീപനത്തിനുള്ള അംഗീകാരം കൂടിയാണ് കോൺഗ്രസിനുണ്ടായ മുന്നേറ്റം. പാർട്ടിയുടെ ദളിത് മുഖമായ മല്ലികാർജ്ജുന ഖാർഗയെ മുന്നിൽ നിർത്തി സംഘടനയെ ചലിപ്പിച്ചതും ഗുണം ചെയ്തു.

രാഹുലും അഖിലേഷ് യാദവുമായുള്ള സഖ്യമാണ് ബി.ജെ.പിയുടെ ഉറച്ച കോട്ടയായി കരുതിയ യു.പിയിൽ അപ്രതീക്ഷിത വിജയം ഇൻഡ്യാസഖ്യത്തിന് നേടിക്കൊടുത്തത്. ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങളേയും, മുസ്ലീങ്ങളുടേയും വോട്ടുകൾ ഇൻഡ്യാസഖ്യത്തിലേക്ക് കൊണ്ടുവരാൻ കോൺഗ്രസിനായി. അഖിലേഷ് യാദവും എം.കെ. സ്റ്റാലിനും, ശരത് പവാറും, ഉദ്ധവ് താക്കറേയും, സീതാറാം യെച്ചൂരിയും എല്ലാം പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. അരവിന്ദ് കെജരിവാളുമായി സഹകരിച്ച ഗുണം കോൺഗ്രസിന് ലഭിച്ചു. വേറിട്ടുനിന്നെങ്കിലും മമതാബാനർജിയേയും പ്രതിപക്ഷനിരയ്ക്ക് അവഗണിക്കാനാവില്ല.

ദേശീയ ജനാധിപത്യസഖ്യം തുടർച്ചയായി മൂന്നാം തവണ അധികാരത്തിനുള്ള ഭൂരിപക്ഷം നേടിയെന്നത് അംഗീകരിക്കപ്പെടുമ്പോഴും ജനാധിപത്യത്തിന്റെ ശോഭ ഉയർത്തിപിടിക്കുന്ന ജനവിധിയാണ് ഇത്തവണത്തേതെന്ന് പറയാതെ വയ്യ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE