10:19am 08 July 2024
NEWS
പിടിക്കുമോ കോൺഗ്രസ്സ് തെലങ്കാന? രാഹുലിന്റെ സ്വീകാര്യത വർധിക്കുന്നു
19/10/2023  12:19 PM IST
വിഷ്ണുമംഗലം കുമാർ
പിടിക്കുമോ കോൺഗ്രസ്സ് തെല ങ്കാന? രാഹുലിന്റെ സ്വീകാര്യത വർധിക്കുന്നു
HIGHLIGHTS

119 മണ്ഡലങ്ങളിൽ നിലവിൽ 98ഉം ബി ആർ എസ്സിന്റെ കയ്യിലാണ്. കോൺഗ്രസ്സ് 7, അസറുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 7, ബിജെപി 3, സ്വതന്ത്രർ 3, ഒഴിവ് 1-ഇതാണ് കക്ഷിനില

കർണാടകത്തിലെ എന്നപോലെ അയൽസംസ്ഥാനമായ തെലങ്കാനയിലെ വോട്ടർമാരെയും മോഹന സൗജന്യ വാഗ്ദാനങ്ങളിൽ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്സ്. എല്ലാവിഭാഗം വോട്ടർമാരെയും സ്വാധീനിക്കുന്ന ആറ് വാഗ്ദാനങ്ങളാണ് കോൺഗ്രസ്സ് മുന്നോട്ടുവെച്ചിട്ടുള്ളത്. 2014-ൽ ആന്ധ്രാപ്രദേശ് വിഭജിച്ച്  തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതൽ വൻ ഭൂരിപക്ഷത്തോടെ അധികാരം കയ്യടക്കി വെച്ചിരിക്കുന്നത് കെസിആർ (കെ. ചന്ദ്രശേഖർ റാവു ) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. പ്രവർത്തനം ദേശീയ തലത്തിലേക്ക് വികസിപ്പിക്കാനായി കഴിഞ്ഞ വർഷമാണ് കെസിആർ തെല ങ്കാന രാഷ്ട്ര സമിതി, ഭാരത് രാഷ്ട്ര സമിതി എന്നാക്കിയത്.

നവംബർ മുപ്പതിനാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ആകെയുള്ള  119 മണ്ഡലങ്ങളിൽ നിലവിൽ 98ഉം ബി ആർ എസ്സിന്റെ കയ്യിലാണ്. കോൺഗ്രസ്സ് 7, അസറുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 7, ബിജെപി 3, സ്വതന്ത്രർ 3, ഒഴിവ് 1-ഇതാണ് കക്ഷിനില. അധികാരം നിലനിർത്തി മകൻ കെ ടി രാമറാവുവിനെ മുഖ്യമന്ത്രി യാക്കുകയാണ് കെ സി ആറിന്റെ മനസ്സിലിരിപ്പ്. എന്നാൽ ഭരണവിരുദ്ധവികാരം ശക്തമാണ്. രാഷ്ട്രീയ കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്.

ബിജെപി സ്വാധീനമുറപ്പിക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും ബി ആർഎസിനെയും കോൺഗ്രസ്സിനെയും ഒരുപോലെ നേരിട്ട് മുന്നേറാനുള്ള കരുത്താർജ്ജിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. ഹൈദരാബാദിനടുത്ത മുലുഗുവിൽ നിന്നാണ് രാഹുലും പ്രിയങ്കയും 'വിജയഭേരി യാത്ര' തുടങ്ങിയത്. ആദ്യഘട്ട പ്രചാരണത്തിൽ മൂന്നുദിവസം രാഹുലും പ്രിയങ്കയും സംസ്ഥാനത്തുണ്ടാവും. "ബിജെപിയെ ഞങ്ങൾ തോൽപ്പിച്ചുകഴിഞ്ഞു.

മത്സരം കോൺഗ്രസ്സും ബി ആർ എസ്സും തമ്മിലാണ്. അഴിമതിയിൽ മുങ്ങിയ ബി ആർ എസ്സിനെ അധികാരത്തിൽ നിന്ന് തൂത്തെറിയാൻ വോട്ടർമാർ കാത്തിരിക്കുകയാണ്. എന്നാൽ ബി ആർ എസ്സിനെ പിന്തുണക്കുന്ന നിലപാടാണ് ബിജെപിയും ഉവൈസിയും സ്വീകരിക്കുന്നത്" രാഹുൽ ഗാന്ധി പറഞ്ഞു.  തലയെടുപ്പുള്ള  സംസ്‌ഥാനനേതാക്കളില്ല എന്നതാണ് തെലങ്കാനയിൽ കോൺഗ്രസ്സ് നേരിടുന്ന പ്രശ്നം. അഞ്ചുവർഷം മുമ്പ് ടിഡിപി വിട്ടുവന്ന നേതാവാണ്‌  പി സി സി അധ്യക്ഷൻ രേവന്ത്  റെഡ്‌ഡി.2019 ൽ മൽകജ്ഗിരി മണ്ഡലത്തിൽ നിന്ന്‌ കോൺഗ്രസ്സ് ടിക്കറ്റിൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും രേവന്ത് റെഡ്‌ഡിയുടെ  സംസ്ഥാനതല സ്വാധീനം പരിമിതമാണ്. ഭൂരിപക്ഷം ലഭിച്ചാൽ ആരെ മുഖ്യമന്ത്രിയാക്കും എന്നതും കോൺഗ്രസിനെ അലട്ടുന്നുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL