10:02am 08 July 2024
NEWS
മോദിയും അദാനിയും തമ്മിലെന്ത്? കേന്ദ്രത്തിനെതിരെ രാഹുൽ
08/02/2023  07:51 AM IST
Veena
മോദിയും അദാനിയും തമ്മിലെന്ത്? കേന്ദ്രത്തിനെതിരെ രാഹുൽ
HIGHLIGHTS

ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ടെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും   ഗൗതം അദാനിയുമായുള്ള  ബന്ധം പാർലമെൻറിൽ തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ലെന്നും പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ടെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. അദാനിക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തിയെന്നും ഇരുവരും തമ്മിലെന്താണ് ബന്ധമെന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും രാഹുൽ പറഞ്ഞു.

'തമിഴ്‌നാടും കേരളവും മുതൽ ഹിമാചൽ പ്രദേശ് വരെ രാജ്യത്തുടനീളം അദാനിയെന്ന പേരാണ് കേൾക്കുന്നത്. പല ബിസിനസുകളിൽ പണം മുടക്കുന്ന അദാനി ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും ഇത് എങ്ങനെയാണ് സാധിക്കുന്നതെന്നും ആളുകൾ എന്നോട് ചോദിച്ചു.'- രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.

2014നും 2022നും ഇടയ്ക്ക് അദാനി മൊത്തം സമ്പാദ്യം 800 കോടി ഡോളറിൽ നിന്ന് 14,000 കോടി ഡോളറിലേക്ക്‌ എങ്ങനെയാണ് ഉയർത്തിയതെന്ന് രാഹുൽ ചോദിച്ചു. മോദിയുമായി അദാനിയുടെ സൗഹൃദം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ്. അദാനി മോദിക്കൊപ്പം തോളോട് തോൾ ചേർന്നു നിന്നു. അദ്ദേഹം പ്രധാനമന്ത്രിയുടെ വിധേയനായിരുന്നു. പുതിയ ചെയ്ത ഗുജറാത്ത് എന്ന ആശത്തിനായി അദാനി മോദിക്കൊപ്പം നിന്നു, എന്നാൽ ശരിയായ അത്ഭുതം സംഭവിച്ചത് മോദി 2014-ൽ ഡൽഹിയിൽ എത്തിയപ്പോഴാണെന്ന് രാഹുൽ പറഞ്ഞു.

'ആറ് വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ നിയമങ്ങൾ മാറ്റിയെഴുതി. പിന്നാലെ, ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന മുംബൈ വിമാനത്താവളം സി.ബി.ഐ, ഇ.ഡി എന്നീ ഏജൻസികളെ ഉപയോഗിച്ച് ജി.വി.കെയിൽ നിന്ന് തട്ടിയെടുത്ത് അദാനിക്ക് നൽകി. മുൻ പരിചയമില്ലാത്തവരെ വിമാനത്താവള വികസനത്തിൽ പങ്കെടുപ്പിക്കരുതെന്ന് നിയമമുണ്ടായിരുന്നു. ഇത് കേന്ദ്രസർക്കാർ തിരുത്തി. മോദി ഇസ്രയേൽ സന്ദർശിച്ചതിന് പിന്നാലെ ഡ്രോണുകൾ നിർമ്മിച്ച് പരിചമില്ലാത്ത അദാനിക്ക് കരാർ ലഭിച്ചു. മോദി ബംഗ്ലാദേശിൽ പോയതിന് പിന്നാലെ പവർ ഡെവലപ്‌മെന്റ് ബോർഡ് അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരാർ അദാനിക്ക് നൽകണമെന്ന് മോദി സമ്മർദ്ദം ചെലുത്തിയതായി മുൻ പ്രസിഡന്റ് രജപക്‌സെ പറഞ്ഞതായി ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ പർലമെന്ററി ബോർഡിനെ അറിയിച്ചു.'- രാഹുൽ ആരോപിച്ചു. നേരത്തെ, മോദി അദാനിയുടെ വിമാത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കിൽ ഇന്ന് അദാനി മോദിയുടെ വിമാനത്തിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ഇലക്ടറൽ ബോണ്ടുകൾ വഴി അദാനി ബി.ജെ.പിക്ക് എത്ര തുക നൽകിയെന്നും രാഹുൽ ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL