06:59am 29 June 2024
NEWS
രജനികാന്തും ഭാനുപ്രിയയും ചിത്രയുടെ അപരയും
14/07/2022  09:48 PM IST
ആർ. പവിത്രൻ
രജനികാന്തും ഭാനുപ്രിയയും ചിത്രയുടെ അപരയും

തമിഴ് സൂപ്പർസ്റ്റാർ രജനികാന്തുമായി ഒരഭിമുഖത്തിന് സമയം ചോദിച്ചുകൊണ്ട് ബന്ധപ്പെട്ടപ്പോൾ, അടുത്ത ദിവസം രാവിലെ എട്ട് മുതൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിനായി അദ്ദേഹം വാഹിനി സ്റ്റുഡിയോയിൽ ഉണ്ടാവുമെന്നും, അവിടെ വന്നാൽ മതിയെന്നും മറുപടി ലഭിച്ചു. അതനുസരിച്ച് ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിയുമായി പത്തുമണി കഴിഞ്ഞു വാഹിനി  സ്റ്റുഡിയോയിലെത്തി.

പഴയ സ്റ്റുഡിയോ ആണ്. ചെറിയ വീടുകളുടേയും അമ്പലത്തിന്റെയുമൊക്കെ സ്ഥിരം സെറ്റുകളുണ്ട്. നീളത്തിൽ മുറികളും വരാന്തകളുമുള്ള പഴക്കം ചെന്ന ഒരു കെട്ടിടത്തിലായിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്നത്.

പരിചയപ്പെടുത്തിയപ്പോൾ കൈപിടിച്ചു കുലുക്കിക്കൊണ്ട് സന്തോഷത്തോടെ രജനികാന്ത് പറഞ്ഞു:  നാനാ പത്രിക ഈസ് വെരി ഫെയ്മസ് ഇൻ മദ്രാസ് ആൾസോ...
യാതൊരു തലക്കനവുമില്ലാത്ത, വിനയവും ലാളിത്യവും നിറഞ്ഞ പെരുമാറ്റം. താരത്തിന്റെ പളപളപ്പുകളില്ല. കറുത്തനിറം.

തൊട്ടടുത്ത ഒരു മുറിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. വരാന്തയിൽ നിരത്തിവച്ചിരുന്ന കുറയേധികം ചാക്കുകെട്ടുകൾ. കട്ട് പറയുമ്പോൾ അദ്ദേഹം ഓടിവന്നു ഒരു ചാക്കുകെട്ടിൽ കൈമുട്ടുകളൂന്നി, മുന്നോട്ടു ആഞ്ഞിരുന്നു ശബ്ദം താഴ്ത്തി സംസാരിക്കും. സെറ്റ് റെഡി എന്ന അറിയിപ്പു കേൾക്കുമ്പോൾ ഓടിപ്പോകും. കട്ട് പറഞ്ഞാലുടൻ തിരിച്ചുവന്നു സംഭാഷണം പുനരാരംഭിക്കും. ഇങ്ങനെ രണ്ട് മണിക്കൂറോളം സമയമെടുത്താണ് അഭിമുഖം പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് അദ്ദേഹം അകത്തേയ്ക്ക് നോക്കി വിളിച്ചു: ഭാനുപ്രിയാ.. വാങ്കോ...'
ഷൂട്ടിംഗ് സെറ്റിൽ നിന്ന് മെലിഞ്ഞുനീണ്ട ഒരു പെൺകുട്ടി ഇറങ്ങി വന്നു. തുടുത്ത കവിളുകൾ. ഇരു നിറം. ആരെയും കൊളുത്തിട്ട് വലിക്കുന്ന വലിയ കരിമഷിക്കണ്ണുകൾ.

'ഇത് പുതുമുഖം ഭാനുപ്രിയ. മൈ ഹീറോയിൻ. നാനയിലൂടെ കേരളത്തിൽ ഇൻട്രഡ്യൂസ് ചെയ്യണം. വെരി ടാലന്റഡ് ഗേൾ...'

ഭാനുപ്രിയയെക്കുറിച്ച് 'നാന'യിൽ വിശദമായ ഒരു റൈറ്റപ്പ് കൊടുത്തു. അധികം താമസിയാതെ ഭാനുപ്രിയ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടികളിലൊരാളായി.

അനുബന്ധം: മലയാളി അല്ലെങ്കിലും രൂപത്തിലും ശരീരഭാഷയിലും തനി മലയാളിയെന്ന് തോന്നിപ്പിക്കുന്ന നടിയാണ് ചിത്ര. നല്ലപോലെ മലയാളം സംസാരിക്കും. ശാലീനഭാവം. മികച്ച അഭിനയ ചാതുരി. മലയാളത്തിൽ തിരക്കേറി വരുന്ന സമയം. ചിത്രയെ കണ്ട് ഫോട്ടോകളെടുക്കാനും, അഭിമുഖം നടത്താനുമായി പ്രൊഡക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെ ബന്ധപ്പെട്ടു. അയാൾ നൽകിയ നമ്പരിൽ വിളിച്ചു കൂടിക്കാഴ്ച നിശ്ചയിച്ചു. എട്ടുപത്തുകിലോമീറ്റർ അകലെയാണ് താമസം.

അടുത്ത ദിവസം ഒൻപതുമണി കഴിഞ്ഞു ചിത്ര താമസിക്കുന്ന ഫ്‌ളാറ്റിലെത്തി. നാലുനില കെട്ടിടം. താഴത്തെ നിലയിലാണ് താമസിക്കുന്നത്. കോളിംഗ് ബെല്ലടിച്ചു. കുറച്ചുകഴിഞ്ഞു കറുത്തുതടിച്ചു, മൂക്കുത്തിയും വലിയ കമ്മലുകളുമണിഞ്ഞ ഒരു മധ്യവയസ്‌ക്ക വാതിൽ തുറന്നു.. ഒട്ടും മയമില്ലാത്ത പരുക്കൻ ശബ്ദത്തിൽ ചോദിച്ചു: യാര്...?

ഞങ്ങൾ വിവരം പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാത്ത മുഖത്തോടെ അവർ പറഞ്ഞു: 'കോവിലുക്ക് പോയിട്ടിറുക്കേ.. ശീഘ്രം വരും...'

ഞങ്ങൾ പുറത്തുകാത്തുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ തുറന്നുകിടന്നിരുന്ന ഗെയ്റ്റിലൂടെ ശരം വിട്ടതുപോലെ ഒരു കറുത്ത അംബാസിഡർ കാർ പാഞ്ഞുവന്നു ശബ്ദത്തോടെ ബ്രേക്കിട്ടു നിന്നു.. പിന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആറടിയോളം നീളവും തടിയുമുള്ള, കൂളിംഗ് ഗ്ലാസ് വച്ച ഒരു മുപ്പത്തഞ്ചുകാരി ചാടിയിറങ്ങി. 'വണക്കം സാർ.. വണക്കം...' എന്ന് അഭിവാദ്യം ചെയ്തുകൊണ്ട് ഞങ്ങൾക്കരികിലേക്ക് വന്നു.

ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞങ്ങൾ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL