11:00am 08 July 2024
NEWS
സ്ഥലംമാറ്റ സിൻഡിക്കേറ്റ്, നിഴൽ മുഖ്യമന്ത്രി; കർണാടകത്തിൽ വിവാദം കൊഴുക്കുന്നു
19/11/2023  11:49 AM IST
വിഷ്ണുമംഗലം കുമാർ
സ്ഥലംമാറ്റ സിൻഡിക്കേറ്റ്, നിഴൽ മുഖ്യമന്ത്രി; കർണാടകത്തിൽ വിവാദം കൊഴുക്കുന്നു
HIGHLIGHTS

യതീന്ദ്ര ഫോണിലൂടെ പരാമർശിച്ചത് സ്ഥലമാറ്റ പട്ടികയല്ലെന്നും വരുണ മണ്ഡലത്തിലെ അഞ്ചു സ്കൂളുകളുടെ കാര്യമാണെന്നുമാണ് സിദ്ധരാമയ്യ മറുപടി നൽകിയത്

ബംഗളുരു: സർക്കാർ ജീവനക്കാരുടെ സ്ഥലമാറ്റത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്ര കൈകടത്തുന്നു എന്നാരോപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പുറത്തുവിട്ട വീഡിയോ കർണാടകത്തിൽ വൻ വിവാദത്തിനാണ് വിത്തിട്ടത്. യതീന്ദ്ര ഫോണിലൂടെ പരാമർശിച്ചത് സ്ഥലമാറ്റ പട്ടികയല്ലെന്നും വരുണ മണ്ഡലത്തിലെ അഞ്ചു സ്കൂളുകളുടെ കാര്യമാണെന്നുമാണ് സിദ്ധരാമയ്യ മറുപടി നൽകിയത്. യതീന്ദ്രയും കോൺഗ്രസ്സ് നേതൃത്വവും അത് ശരിവെച്ചു. ഒരു വിവേകാനന്ദയെപറ്റി വീഡിയോയിലെ ഫോൺ സംഭാഷണത്തിൽ യതീന്ദ്ര പറയുന്നുണ്ട്. അത് മൈസൂരിലെ ബിഇഒ ആണെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

ആ വാദം തള്ളിയ കുമാരസ്വാമി ആരോപണം ശക്തിപ്പെടുത്തി. സ്ഥലംമാറ്റത്തിന് വിധേയരായ 71 പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക അദ്ദേഹം 'എക്‌സി'ലൂടെ പുറത്തുവിട്ടു. അതിൽ നാലാമത്തെ പേര് ഒരു വിവേകാനന്ദയുടേതാണ്. സംസ്ഥാന ഇന്റലിജൻസിൽ നിന്നും മൈസൂരിലെ വി വി പുരം പോലീസ് സ്റ്റേഷനിലേക്ക്   സ്ഥലംമാറ്റിയ ഈ വിവേകാനന്ദയെ കുറിച്ചാണ് യതീന്ദ്ര പരാമർശിച്ചതെന്ന് കുമാരസ്വാമി വാദിക്കുന്നു. ബിജെപി നേതാക്കളും കുമാരസ്വാമിയോടൊപ്പം ചേർന്ന് ആക്രമണം കടുപ്പിക്കുന്നു. യതീന്ദ്ര വീഡിയോ വൈറലായപ്പോൾ അതിൽ വാസ്തവമുണ്ടെന്ന് തെളിയിച്ചാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചിരുന്നു. അതേറ്റുപിടിച്ച ബിജെപി എസ് സി മോർച്ച പ്രസിഡന്റ് സി നാരായണസ്വാമി, സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സമയം സമാഗതമായിരിക്കുന്നു എന്ന് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും മുഖ്യമന്ത്രിയെയും മകനെയും ശക്തമായി പിന്തുണച്ചു. മുഖ്യമന്ത്രിപദവിയുടെ മഹത്വ മറിയാവുന്ന മുൻമുഖ്യമന്ത്രിയും മുൻപ്രധാനമന്ത്രിയുടെ മകനുമായ കുമാരസ്വാമി തരംതാണ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു.

പോലീസ് വകുപ്പിൽ നടന്നത് സാധാരണ സ്ഥലംമാറ്റം മാത്രമാണെന്നും അതിൽ യതീന്ദ്രയ്ക്ക് യാതൊരു പങ്കുമില്ലെന്നും പരമേശ്വര വ്യക്തമാക്കി. ആരോപണങ്ങൾക്ക് അസംബ്ലി യിൽ വിശദമായ മറുപടി നൽകുമെന്നും ഇതൊക്കെ കുമാരസ്വാമിയുടെ രാഷ്ട്രീയ സ്റ്റണ്ടാണെന്നും സിദ്ധരാമയ്യ പരിഹാസത്തോടെ പ്രതികരിച്ചു.  

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL