09:43am 08 July 2024
NEWS
സംസ്കൃത സര്‍വ്വകലാശാലയില്‍
റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് 12ന് തുടങ്ങും

07/09/2023  07:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സംസ്കൃത സര്‍വ്വകലാശാലയില്‍  റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് 12ന് തുടങ്ങും
HIGHLIGHTS

മാനവികസാമൂഹികശാസ്ത്ര മേഖലകളിലെ ഗവേഷകരെ ഉദ്ദേശിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന റിസര്‍ച്ച് സ്കോളേഴ്സ് മീറ്റില്‍ പ്രദേശ പഠനം, തദ്ദേശീയ സാഹിത്യം, സംസ്കാരം, സമൂഹം എന്നീ ഗവേഷണ മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ത്രിദിന റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് 2023, സെപ്തംബര്‍12ന് കാലടി മുഖ്യക്യാമ്പസില്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനവികസാമൂഹികശാസ്ത്ര മേഖലകളിലെ ഗവേഷകരെ ഉദ്ദേശിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന റിസര്‍ച്ച് സ്കോളേഴ്സ് മീറ്റില്‍ പ്രദേശ പഠനം, തദ്ദേശീയ സാഹിത്യം, സംസ്കാരം, സമൂഹം എന്നീ ഗവേഷണ മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സംസ്കൃത പഠനത്തെയും ഗവേഷണത്തെയും ആധുനിക മൂല്യവ്യവസ്ഥയുമായി ചേര്‍ത്ത് നിര്‍ത്തുന്നതിന് പ്രാദേശികമായുള്ള അതിന്‍റെ ചരിത്രവും പ്രയോഗത്തിന്‍റെ മൂര്‍ത്ത സന്ദര്‍ഭങ്ങളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സംസ്കൃതത്തിന്‍റെ അറിയപ്പെടാതെ കിടക്കുന്ന മതാതീതമായ പ്രയോഗ സന്ദര്‍ഭങ്ങളും ജനജീവിതത്തിന്‍റെ വിവിധ മേഖലകളിലെ പ്രാദേശികമായ അറിവ് രൂപങ്ങളുമായി അതിനുണ്ടായിരുന്ന വിനിമയ ബന്ധങ്ങളും കണ്ടെടുക്കേണ്ടത് പുതിയ കാലഘട്ടത്തില്‍ ആവശ്യമാണ്. രാജ്യത്തെ പന്ത്രണ്ടോളം സര്‍വകലാശാലകളില്‍ നിന്നായി 54 പ്രബന്ധങ്ങള്‍ ഗവേഷക സംഗമത്തില്‍ അവതരിപ്പിക്കും. 22 സെഷനുകളും അഞ്ച് പ്ലീനറി സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് വേദികളിലായാണ് പ്രബന്ധാവതരണം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിവിധ നാടന്‍ കലാരൂപങ്ങളുടെ അവതരണം ഉണ്ടായിരിക്കും. പൊട്ടന്‍ തെയ്യം, ചിന്ത്പാട്ട്, ശാസ്താംപാട്ട്, മുടിയാട്ടം, കാളകളി പാട്ട്, കളമെഴുത്ത്, കടല്‍ (അണ്ണാവി) പാട്ട്, ബ്ലാവലി (കിടാവലി) പാട്ട് എന്നീ നാടന്‍ കലാരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുക. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി സമൂഹത്തിന്‍റെ അടിത്തട്ടില്‍ നിന്നും രൂപീകരിക്കപ്പെടുന്ന ജനകീയ അറിവുകളെയും അനുഭവങ്ങളെയും തിരിച്ചറിയാനുള്ള ശ്രമമായാണ് സര്‍വ്വകലാശാല ഗവേഷണത്തെ നോക്കിക്കാണുന്നത്. സംസ്കൃതം (എട്ട്), ഫിലോസഫി (ഒന്ന്), മലയാളം (ഇരുപത്തഞ്ച്), ഹിന്ദി (അഞ്ച്), ഹിസ്റ്ററി (മൂന്ന്), ഡാന്‍സ് (ഒന്ന്), സോഷ്യോളജി (രണ്ട്), ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (ഏഴ്), ജ്യോഗ്രഫി (ഒന്ന്), സംഗീതം (ഒന്ന്) എന്നീ വിഷയങ്ങളില്‍ 54 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 47 വിഷയ വിദഗ്ധര്‍ പങ്കെടുക്കും. സര്‍വകലാശാലയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് സെല്‍, ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, സ്ട്രൈഡ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിലാണ് റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് 2023സംഘടിപ്പിച്ചിരിക്കുന്നത്, പ്രൊഫ. എം.വി. നാരായണന്‍ പറഞ്ഞു.

സെപ്തംബര്‍ 12ന് രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി. കെ. മൈക്കിള്‍ തരകന്‍ റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് 2023 ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ പ്രൊഫ എം. ബി. ഗോപാലകൃഷ്ണന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ പ്രൊഫ. കെ. ശ്രീലത, റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് ക്യുറേറ്റര്‍മാരായ പ്രൊഫ. പി. പവിത്രന്‍ പ്രൊഫ. കെ. എ. രവീന്ദ്രന്‍, പ്രൊഫ. സൂസന്‍ തോമസ്, റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് കണ്‍വീനര്‍ ഡോ. ബിജു വിന്‍സെന്‍റ് എന്നിവര്‍ പ്രസംഗിക്കും. സെപ്തംബര്‍ 14ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ പ്രൊഫ. കെ ശ്രീലത, പ്രൊഫ. പി. പവിത്രന്‍, പ്രൊഫ. കെ. എ. രവീന്ദ്രന്‍, പ്രൊഫ. സൂസന്‍ തോമസ്, ഡോ. ബിജു വിന്‍സെന്‍റ് എന്നിവര്‍ പ്രസംഗിക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA