10:33am 08 July 2024
NEWS
ആർജെഡി പ്രതിപക്ഷത്തിൻ്റെ ആണിക്കല്ല്: അനു ചാക്കോ
04/07/2024  09:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആർജെഡി പ്രതിപക്ഷത്തിൻ്റെ ആണിക്കല്ല്: അനു ചാക്കോ

ജനാധിപത്യവും ഭരണഘടനയും അനുദിനം വേട്ടയാടപ്പെടുന്ന സമകാലീന ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിർത്തുന്ന ആണിക്കല്ലായി മാറിയിരിക്കയാണ് ആർജെഡിയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ അഭിപ്രായപ്പെട്ടു. ലോക്നായക് ജയപ്രകാശ് നാരായണൻ്റെ ശിഷ്യനായ ലാലു പ്രസാദ് യാദവ്ജി ബിഹാറിൽ കെട്ടിയുയർത്തിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ആർജെഡി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും വളർച്ചയിലും വഹിച്ച പങ്ക് അവിസ്മരണീയമാണ്. 1997 ജൂലൈ അഞ്ചിനു രൂപീകരിച്ച ആർജെഡി ബിഹാറിൽ ഭരണത്തിലും പ്രതിപക്ഷത്തും ജനാധിപത്യ ദൗത്യങ്ങൾ കൃത്യതയോടെ നിർവഹിച്ചിട്ടുണ്ട്. ഇന്നു ബിഹാറിൽ കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും തണലായി നിൽക്കുന്നത് ലാലു യാദവെന്ന വടവൃക്ഷമാണ്. ജനതാദൾ യു നേതാവ് നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യ കൺവീനറാക്കാൻ വിട്ടുവീഴ്ച കാണിക്കണമെന്ന ലാലുജിയുടെ ഉപദേശം കോൺഗ്രസ് മാനിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യാസഖ്യം ഇന്ത്യ ഭരിച്ചേനേ. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ ആൾ രൂപമായ ലാലു പ്രസാദ് യാദവിൻ്റെ ഉപദേശ നിർദേശങ്ങൾക്കു വില കൽപിക്കുകയാണെങ്കിൽ ഇന്ത്യാസഖ്യം ശക്തി പ്രാപിക്കാനും അധികാരത്തിലെത്താനും ദീർഘകാലം കാത്തിരിക്കേണ്ടി വരില്ല. ആർ ജെ ഡി യുടെ ജനാധിപത്യ സോഷ്യലിസ്റ്റ് പാരമ്പര്യം പിന്തുടരാൻ എല്ലാ മതേതര ശക്തികളും തയാറാകണം. ബിജെ പി യുമായി ഒരു കാലത്തും സന്ധി ചെയ്തിട്ടില്ലാത്ത കക്ഷിയാണ് ആർജെ ഡി . ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി തുടരാനും ഭരണഘടന ദുർബലമാകാതിരിക്കാനും ആർജെ ഡി യുടെ രാഷ്ട്രീയ മാതൃക മറ്റു കക്ഷികൾക്കും വഴി കാട്ടിയാകട്ടെയെന്ന് അനു ചാക്കോ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL