01:28pm 05 July 2024
NEWS
ഇന്ത്യക്കു കരുത്തേകാന്‍ വനിതകള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകം: രാഹുല്‍ 
01/12/2023  03:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യക്കു കരുത്തേകാന്‍ വനിതകള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകം: രാഹുല്‍ 

കൊച്ചി:ഇന്ത്യയുടെ കരുത്താര്‍ന്ന ഭാവി പടുത്തുയര്‍ത്തുന്നതില്‍ വനിതകള്‍ക്കു നിര്‍വഹിക്കാനുള്ള ചുമതല നിര്‍ണ്ണായകമെന്ന് രാഹുല്‍ ഗാന്ധി എം.പി.  വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റെ ആശയമാണെന്നും പാര്‍ലമെന്റ് ബില്‍ പാസാക്കിയെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിയമം നടപ്പാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും  മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഉത്സാഹ്' കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ രാഹുല്‍ പറഞ്ഞു.


മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍ എംപി തുടങ്ങിയവര്‍ സംസാരിച്ചു.14 ജില്ലകളിലെയും മഹിളാ കോണ്‍ഗ്രസ് ഘടകങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് എന്ന മുദ്രാവാക്യവുമായുള്ള ഉത്സാഹ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഉത്സാഹ് ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടര്‍ന്ന് ബ്ലോക്കുകളിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച ശേഷമാണ് ഉത്സാഹ് സംസ്ഥാന കണ്‍വെന്‍ഷന്‍ നടക്കുന്നത്.

 

നേരത്തെ, രാഹുല്‍ ഗാന്ധിക്ക് കൊച്ചി നേവല്‍ ബേസില്‍ വിമാനം ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെച്ചൊല്ലി , ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപണവുമായി രംഗത്തു വന്നിരുന്നു. നേവല്‍ ബേസില്‍ വിമാനം ഇറക്കാനാവില്ലെന്നറിഞ്ഞതോടെ കണ്ണൂരില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍  രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണെത്തിയത്. 


അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൗസിലേക്ക് പോയി. കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ യാത്ര മാനന്തവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി, രണ്ട് പൈലറ്റ് വാഹനങ്ങള്‍ മാനന്തവാടിക്ക് തിരിച്ചു. പക്ഷേ, രാഹുല്‍ ഗാന്ധിയും എസ്‌കോര്‍ട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കാണു പോയത്. ബൈപ്പാസ് ജങ്ഷന്‍ എത്തിയപ്പോള്‍ രാഹുലിന്റെ കാര്‍ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായി. തുടര്‍ന്ന് വാഹനം റസ്റ്റ് ഹൗസിലേക്ക് തിരിച്ചുവിട്ടു. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam