12:18pm 08 July 2024
NEWS
പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത
27/12/2023  10:19 AM IST
web desk
പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത
HIGHLIGHTS

ക്ഷണം സ്വീകരിക്കില്ലെന്ന് ഉടനടി പറഞ്ഞ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആര്‍ജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിലെ ക്ഷണവുമായി ബന്ധപ്പെട്ട സമീപനത്തില്‍ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സുപ്രഭാതം എന്ന സമസ്തയുടെ മുഖപത്രത്തിലാണ് വിമർശനം. ക്ഷണം സ്വീകരിക്കില്ലെന്ന് ഉടനടി പറഞ്ഞ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആര്‍ജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പള്ളി പൊളിച്ചിടത്ത് കോണ്‍ഗ്രസ് കാലുവെക്കുമോ എന്ന് മുഖപ്രസംഗത്തിലൂടെ സമസ്ത ചോദിച്ചു.

മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചതെന്ന് സമസ്ത മുഖപത്രത്തിൽ പറയുന്നു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത്. മതസൗഹാർദ്ദം തകർക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന യച്ചുരിയുടെ നിലപാട് മാതൃകാപരമെന്നും പത്രത്തിൽ പറയുന്നു.

കോൺഗ്രസിൻ്റെ മൃദുഹിന്ദുത്വ നിലപാട് അവരിൽ പ്രതീക്ഷ അർപ്പിക്കുന്ന ന്യൂനപക്ഷങ്ങളിൽ ആശങ്ക ഉളവാക്കുന്നു. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ അവർക്ക് വിശ്വാസമുളള മറ്റ് ബദൽ പ്രസ്ഥാനങ്ങളിൽ അഭയം തേടുമെന്നും രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി രാജയും അര്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നുവെന്നും പറയുന്നു.

ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ ക്ഷേത്രോദ്‌ഘാടനത്തിൽ പങ്കെടുക്കാമെന്നാണ് കോൺഗ്രസ് നിലപാട്. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വര്‍ഷം ഇന്ത്യഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെങ്കിലും ഒരു പുനര്‍ചിന്തനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ 2024ലും ബി.ജെ.പി തന്നെ രാജ്യം ഭരിക്കും. രാജ്യത്തെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ മുന്നില്‍നിന്നു നയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രപുസ്തകങ്ങളില്‍ ചവറുമാത്രമായി ഒതുങ്ങുമെന്നും സമസ്ത വിമർശിക്കുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA