08:19am 08 July 2024
NEWS
തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളെന്ന സിപിഎം നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

03/10/2023  08:06 AM IST
nila
 തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളെന്ന സിപിഎം നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു
HIGHLIGHTS

ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ചൂണ്ടിക്കാട്ടി. 

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളെന്ന സിപിഎം നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസം​ഗത്തിനെതിരെ ഇസ്ലാമിക സംഘടനകൾ രം​ഗത്തെത്തി. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. 

ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളിൽ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മതം ഉൾക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇസ്ലാമിക ചിട്ടകൾക്കെതിരെയുള്ള ഒളിയമ്പാണ് സിപിഎം നേതാവിന്റെ പ്രസ്താവനയെന്ന് അബ്ദു സമദ് പൂക്കോട്ടൂർ വിമർശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അനിൽകുമാർ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

 തട്ടമിടാത്തത് പുരോഗമനത്തിന്റെ ലക്ഷണം അല്ലെന്നായിരുന്നു സിപിഎം സഹയാത്രികനായ കെ ടി ജലീലിന്റെ പ്രതികരണം.തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് വനിത കൗൺസിലറുടെ ചിത്രം സഹിതം ആണ് ജലീലിന്റെ കുറിപ്പ്. വീണ ജോർജിനെതിരെ കെഎം ഷാജി നടത്തിയ പരാമർശത്തെ പോലെ അനിൽകുമാറിന്റെ വാക്കുകളെ തള്ളണമെന്നും ജലീൽ പറയുന്നു. 

യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം ഉണ്ടായത്. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

Tags     
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA