10:05am 08 July 2024
NEWS
സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്
19/11/2023  06:50 PM IST
web desk
സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്
HIGHLIGHTS

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ലിന്‍സി വര്‍ക്കി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ കെന്റിലാണ് താമസിക്കുന്നത്

ദോഹ: സാഹിത്യകാരന്‍ സി വി ശ്രീരാമന്റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിച്ചുവരുന്ന സംസ്‌കൃതി- സി വി ശ്രീരാമന്‍ പത്താമത് സാഹിത്യ പുരസ്‌കാരം ലിന്‍സി വര്‍ക്കി എഴുതിയ 'പാദാന്‍ ആരാമിലെ പ്രണയികള്‍' എന്ന ചെറുകഥയ്ക്ക്.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ലിന്‍സി വര്‍ക്കി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ കെന്റിലാണ് താമസിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സാണ്. ഭര്‍ത്താവ് റെന്നി വര്‍ക്കി. മക്കള്‍: വിവേക്, വിനയ.

2017ലാണ് എഴുതിത്തുടങ്ങിയത്. ഓണ്‍ലൈനിലും ആനുകാലികങ്ങളിലും കഥകള്‍ എഴുതുന്നു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഓഷുന്‍ എന്ന കഥ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസ്സീസ്സി മാസികയില്‍ പ്രസിദ്ധീകരിച്ച ഹാര്‍ട്ട് പെപ്പര്‍ റോസ്റ്റ്, മിയ മാക്സിമ കുല്‍പ, നിശാചരന്‍, ംുേഹശ്‌ല. രീാല്‍ പ്രസിദ്ധീകരിച്ച കുട്ടിയച്ചനും കുട്ടിച്ചാത്തനും, ഡിറ്റന്‍ഷന്‍, മലയാളം മെയില്‍ ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച വാലന്റൈന്‍ എന്നീ കഥകള്‍ക്കും നിരൂപക പ്രശംസ ലഭിച്ചിട്ടുണ്ട്.

തെസ്സലോനിക്കിയിലെ വിശുദ്ധന്‍ എന്ന കഥയ്ക്ക് നല്ലെഴുത്ത് ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച കാഥോദയം അവാര്‍ഡ്, ദ്രവശില എന്ന കഥയ്ക്ക് ഡി സി ബുക്സുമായി ചേര്‍ന്ന് അഥീനിയം യു കെ നടത്തിയ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം, അഡ്രിയാന എന്ന കഥയ്ക്ക് തായംപൊയില്‍ ലൈബ്രറി സുഗതകുമാരിയുടെ സ്മരണക്കായി സംഘടിപ്പിച്ച രാത്രിമഴ അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിര താസമക്കാരായ 18 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികളുടെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച 75 കഥകളില്‍ നിന്നാണ് പുരസ്‌കാരത്തിന് അര്‍ഹമായ കഥ തെരഞ്ഞെടുത്തത്.

പ്രശസ്ത സാഹിത്യകാരന്മാരായ ടി ഡി രാമകൃഷ്ണന്‍, വി ഷിനിലാല്‍, എസ് സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. 2023 ഡിസംബറില്‍ പുരസ്‌കാര സമര്‍പ്പണവും അനുബന്ധ സാംസ്‌കാരിക സമ്മേളനവും നടത്തും. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇ എം സുധീര്‍, സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമിതി കണ്‍വീനര്‍ ബിജു പി മംഗലം എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF