09:35am 01 July 2024
NEWS
ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോ അനുവദിക്കാനാകില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി

27/06/2024  03:54 PM IST
nila
ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോ അനുവദിക്കാനാകില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം: ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോ അനുവദിക്കാനാകില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. കുന്നത്തൂർ നിയോജക മണ്ഡലത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് നടക്കില്ലെന്ന് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയവെയാണ് ശാസ്താംകോട്ടയിൽ പൂട്ടിയ സബ് ഡിപ്പോ ഇനിയും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 

ഡിപ്പോയോ സബ് ഡിപ്പോയോ ഓപ്പറേറ്റിം​ഗ് സെന്ററോ അനുവദിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം, നിലവിൽ കെഎസ്ആർടിസിക്ക് വേണ്ടി എംഎൽഎ ഫണ്ട് ഉപയോ​ഗിച്ച് പണിത കെട്ടിടം ഇരിക്കുന്ന സ്ഥലം പഞ്ചായത്തിൽ നിന്നും വിട്ടുകിട്ടിയാൽ അവിടെ കെ എസ് ആർ ടി സിയുടെ പെട്രോൾ പമ്പ് സ്ഥാപിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. 

 ശാസ്താംകോട്ട ടൗണിൽ കോടികൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടവും ഒരേക്കർ സ്ഥലവും കെഎസ്ആർടിസി ഓപ്പറേറ്റിം​ഗ് സ്റ്റേഷനു വേണ്ടി സജ്ജമാക്കിയെന്ന് നിയമസഭയിൽ കോവൂർ കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി. ഒന്നര കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്നും ചിലവഴിച്ചാണ് ശാസ്താംകോട്ട ടൗണിൽ കെ എസ് ആർ ടി സിക്ക് വേണ്ടി കെട്ടിടം പണിതത്. ശക്തൻ ​ഗതാ​ഗത മന്ത്രിയായിരിക്കെയാണ് ഓപ്പറേറ്റിം​ഗ് സെന്ററിനെ സബ് സ്റ്റേഷനായി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് അത് പൂട്ടുകയായിരുന്നെന്നും എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാട്ടി. കെട്ടിടവും ​ഗാരേജും പണിത ശാസ്താംകോട്ടയിൽ ഇപ്പോൾ സബ് ഡിപ്പോയും ഓപ്പറേറ്റിം​ഗ് സെന്ററും ഇല്ലാത്ത സാഹചര്യമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

എന്നാൽ, സബ് ഡിപ്പോ നിർത്തിയത് തനിക്ക് മുമ്പാണെന്നും അത് കെഎസ്ആർടിസിയുടെ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായാണെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുമോൻ കെട്ടിടം പണിതത് പഞ്ചായത്തിന്റെ സ്ഥലത്താണെന്നും അത് കെ എസ് ആർ ടിസിക്ക് എഴുതി തരികയാണെങ്കിൽ അവിടെ ഒരു യാത്രാ ഫ്യൂവൽസ് തുടങ്ങി വാഹനങ്ങൾ വന്നുപോകാൻ സൗകര്യമുണ്ടാക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

കുന്നത്തൂരുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ശാസ്താംകോട്ടയിലെ കെ എസ് ആർടിസി ഡിപ്പോ. ശാസ്താംകോട്ടയിലെയും പരിസര പ്രദേശങ്ങളിലെയും യാത്രാ ദുരിതത്തിന് ഇതോടെ പരിഹാരമാകുമായിരുന്നു. എന്നാൽ, കഴിഞ്ഞ 5 ടേമായി എംഎൽഎ ആയിട്ടുള്ള കോവൂർ കുഞ്ഞുമോന്റെ പിടിപ്പുകേടാണ് കെഎസ്ആർടിസി ഡിപ്പോ ലഭിക്കാതെ പോയത് എന്നാണ് വിമർശനം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam