10:50am 01 July 2024
NEWS
സ്‌കൂള്‍ തുറന്നു, കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണേ
08/06/2024  12:05 PM IST
Preethi R Nair
സ്‌കൂള്‍ തുറന്നു, കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണേ

വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നു, മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആകുലതയും ഏറുന്നു. എന്ത് ഭക്ഷണം സ്‌കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം, എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു.

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാല്‍ ഉല്‍പ്പന്നങ്ങളായ തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.

കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. ജങ്ക് ഫുഡ്‌സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ചുവന്ന ഇറച്ചികളുടെ ഉപയോഗം നിയന്ത്രിക്കണം. സംസ്‌ക്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH