07:35am 29 June 2024
NEWS
വംശീയ കലാപങ്ങളുടെ പിടിയിലമർന്ന്‌ തമിഴ്‌നാട്ടിലെ വിദ്യാലയങ്ങൾ
30/06/2022  10:10 PM IST
സതീഷ്
വംശീയ കലാപങ്ങളുടെ പിടിയിലമർന്ന്‌ തമിഴ്‌നാട്ടിലെ വിദ്യാലയങ്ങൾ
HIGHLIGHTS

ജാതിയുടെ അടയാളമായി ധരിക്കുന്ന ചരടുകളും മാലകളും ടീ ഷർട്ടുകളും മറ്റും പരസ്പര ജാതി സംഘർഷത്തിന് കാരണമാകുന്നുണ്ട്. ടീ ഷർട്ടുകളിൽ പതിപ്പിക്കുന്ന ജാതി നേതാക്കളുടെ ചിത്രങ്ങൾ സാമൂഹിക സമാഹരണത്തിന് ഭംഗം വരുത്തുകയും ചെയ്യുന്നു.

തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി തുടങ്ങിയ തമിഴ് തെക്കൻ ജില്ലകളിലെ വിദ്യാലയങ്ങളിൽ ജാതിസ്പർദ്ധ വളരുന്നു.  ഒടുവിൽ അത് സെൽവ സൂര്യ എന്ന തേവർ സമുദായത്തിൽപ്പെട്ട ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ എത്തിനിൽക്കുന്നു. മുൻകാലങ്ങളിൽ ജാതീയവിദ്വേഷം കൂടാതെ പരസ്പര സഹകരണത്തോടെ കഴിഞ്ഞ വിദ്യാർത്ഥികളിൽ ചുരുങ്ങിയ കാലം കൊണ്ടാണ് ജാതീയ മത്സരം അരങ്ങേറുന്നതും അത് കലാപമായി വളർന്ന് കൊലപാതകത്തിൽ കലാശിക്കുന്നതും. അതിനുപിന്നിൽ പുരോഗമന ചിന്തയുടെ വെളിച്ചം നഷ്ടപ്പെട്ട ഒരു കൂട്ടം ആൾക്കാരുടെ രഹസ്യപിന്തുണയും നേതൃത്വവും ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇവിടെ പിന്നോക്ക സമുദായമായ തേവർ വിഭാഗത്തിൽപ്പെട്ട സെൽവ സൂര്യ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം താലൂക്കിൽപ്പെട്ട അടൈച്ചാനി ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിയായിരുന്നു. പലപ്പോഴും സ്ക്കൂളിലെ പട്ടികജാതിയിൽപ്പെട്ട അരുന്ധതിയാർ കുട്ടികളുൾപ്പെടെ പലർക്കും സെൽവ സൂര്യയുടെ ജാതിയുടെ പേരിൽ അപമാനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. തമിഴ്നാടിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ താമസിക്കുന്ന പ്രബല പട്ടികജാതിയാണ് അരുന്ധതിയാരന്മാർ. തേവർ സമുദായത്തിൽപ്പെട്ടവർ സാമൂഹികമായ പല സന്ദർഭങ്ങളിലും ഇവരുൾപ്പെടുന്ന പട്ടികജാതിക്കാരെ അധിക്ഷേപിക്കുക പതിവായിരുന്നു. അതുകൊണ്ടുതന്നെ പല പട്ടിക വിഭാഗക്കാരും ഭക്ഷണത്തോടെയാണ് അംബാസമുദ്രം മേഖലയിൽ കഴിഞ്ഞിരുന്നത്. ചിലർ സ്ഥലം കയ്യിൽ കിട്ടിയ കാശിന് വിറ്റുകളഞ്ഞ് മറ്റിടങ്ങൾ തേടിപ്പോവുകയും പതിവാക്കിയിരുന്നു. കുട്ടികളെ വിദൂര സ്ക്കൂളുകളിൽ ചേർക്കുകയും ചെയ്തിരുന്നു. അതിന് കഴിവില്ലാത്തവരാണ് അടൈച്ചാനി ഗ്രാമത്തിലെ സ്ക്കൂളിൽ പഠിക്കാൻ അയച്ചിരുന്നത്. അവിടെയാണ് സെൽവസൂര്യയെപ്പോലുള്ള വിദ്യാർത്ഥിയുടെ ജാതിവിദ്വേഷവും അപമാനവും പട്ടികജാതിയിൽപ്പെട്ട കുട്ടികൾക്ക് നേരിടേണ്ടി വന്നത്.

സ്ക്കൂളിലെ നിത്യപ്രശ്നക്കാരനായ സെൽവ സൂര്യ ആദ്യം പഠിച്ച സ്ക്കൂളിൽ നിന്നും മാറ്റം വാങ്ങിയാണ് അടൈച്ചാനി സ്ക്കൂളിൽ എത്തിയതെന്ന് പറയപ്പെടുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ  ഉച്ചഭക്ഷണം കഴിക്കുമ്പോൾ അതിലേക്ക് അഴുക്കുവെള്ളം ഒഴിക്കുന്നതുൾപ്പെടെ പല അനുഭവങ്ങളും ഇവനിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇരുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പരസ്പരം കണ്ടാൽ യുദ്ധസന്നദ്ധരായി നിൽക്കുന്ന സാഹചര്യത്തിലാണ് അദ്ധ്യാപകർ സെൽവസൂര്യയെ ഏതോ കുറ്റകരമായ പ്രവൃത്തിയുടെ പേരിൽ ക്ലാസ്സിൽ നിന്ന് പുറത്താക്കിയത്. ക്ലാസ്സിൽ നിന്നും റെസ്റ്റ് റൂമിലെത്തിയ തങ്ങളെ ആക്രമിക്കാനെത്തിയതാണെന്ന ധാരണയിൽ അവിടെയുണ്ടായിരുന്ന രണ്ട് മുസ്ലീം വിദ്യാർത്ഥികളും ഒരു അരുന്ധതിയാർ കുട്ടിയും സെൽവസൂര്യയെ ആക്രമിക്കുകയും കടപ്പാക്കല്ലുകൊണ്ട് തല തകർക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ മുസ്ലീം വിദ്യാർത്ഥികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും അരുന്ധതിയാർ വിദ്യാർത്ഥിയെ ശിക്ഷയുടെ ഭാഗമായി ജുവനൈൽ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തു.

ജാതിയുടെ അടയാളമാകുന്ന ചരടുകളും മാലകളും ടീഷർട്ടുകളും
ജാതിയുടെ അടയാളമായി ധരിക്കുന്ന ചരടുകളും മാലകളും ടീ ഷർട്ടുകളും മറ്റും പരസ്പര ജാതി സംഘർഷത്തിന് കാരണമാകുന്നുണ്ട്. ടീ ഷർട്ടുകളിൽ പതിപ്പിക്കുന്ന ജാതി നേതാക്കളുടെ ചിത്രങ്ങൾ സാമൂഹിക സമാഹരണത്തിന് ഭംഗം വരുത്തുകയും ചെയ്യുന്നു. മാത്രമല്ല പ്രത്യേക ജാതിവിഭാഗങ്ങൾ കൂട്ടമായി കഴിയുന്ന പ്രദേശങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിൽ പ്രത്യേക ഇനം ചായം തേച്ച് മറ്റുള്ളവരെ പ്രകോപനപ്പെടുത്തുകയും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ പതിവുകാഴ്ചയായിരിക്കുന്നു. ആ പ്രവണത കേരളത്തിൽ ചില എസ്.ഡി.പി.ഐ- ആർ.എസ്.എസ് മേഖലകളിൽ കാണാൻ കഴിയും. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി മേഖലകളിൽ സഞ്ചരിച്ചാൽ പോസ്റ്റുകൾ നോക്കി ആ പ്രവിശ്യകളിൽ ആരാണ് കൂടുതൽ താമസിക്കുന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. തേവർ സമുദായമാണെങ്കിൽ ഇലക്ട്രിക് പോസ്റ്റുകളിൽ തേച്ച ചായത്തിന്റെ നിറം മഞ്ഞയും ചുവപ്പുമായിരിക്കും. ദലിത് സമുദായങ്ങളായ പറയന്മാരും ദേവേന്ദ്ര കുലവെള്ളാളന്മാരും അരുന്ധതിയാരന്മാരും അധിവസിക്കുന്ന മേഖലകളിലെ ഇലക്ട്രിക് പോസ്റ്റുകളിൽ നീലയും ചുവപ്പും ചായങ്ങളായിരിക്കും തേച്ചിരിക്കുക. പേസ്റ്റിലെ നിറങ്ങൾക്ക് സാമൂഹിക സംഘർഷങ്ങൾ വളർത്താൻ കഴിയുന്നതുപോലെ കയ്യിൽ കെട്ടിയ ചരടും മാലയും ടീഷർട്ടുമൊക്കെ ജാതീയ വിദ്വേഷത്തിന്റെ വിത്തുകൾ പോലെ ചെറുതും വലുതുമായ കടകളിൽ വിൽക്കുന്നുണ്ടുതാനും. ചരട് ജാതീയ വിപ്ലവം വിദ്യാർത്ഥികളിൽ തുടക്കം കുറിച്ച നാളുകളിൽ സെൽവസൂര്യ ആക്രമിക്കപ്പെട്ട സ്ക്കൂൾ കവാടത്തിൽ പ്രധാനാദ്ധ്യാപകനും മറ്റ് അദ്ധ്യാപകരെ കയ്യിലെ ചരടഴിപ്പിച്ചുമാത്രമേ വിദ്യാലയത്തിലേക്ക് കടത്തിവിടുന്നുള്ളൂ. എങ്കിലും സ്ക്കൂൾ വിട്ട് പുറത്തിറങ്ങുന്ന കുട്ടികൾ അത് അണിഞ്ഞ് കലാപസന്നദ്ധരാകുകയും ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ സാമുദായിക ചിഹ്നങ്ങളായ കൊടികളും അതിന്റെ നിറങ്ങളും സ്വസമുദ്യത്തിലെ വിശിഷ്ട വ്യക്തികളുടെ ചിത്രങ്ങളും കലാപത്തിന് കാരണമാകുന്നുവെന്നത് ലജ്ജിക്കേണ്ട കാര്യമാണ്. തേവർ സമുദായക്കാർ മുത്തുരാമലിംഗ തേവരുടേയും സുഭാഷ് ചന്ദ്രബോസിന്റെയും (ബോസ് തേവരല്ലെങ്കിലും) ജന്മദിനങ്ങൾ ആർഭാടമായി ആഘോരിക്കുമ്പോൾ ദേവേന്ദ്ര കുല വെള്ളാളന്മാർ ഇമ്മാനുവൽ ശേഖരന്റെയും അരുന്ധതിയാന്മാർ മധുരൈ വീരന്റെയും ജന്മദിനമായിരിക്കും സമുചിതമായി കൊണ്ടാടപ്പെടുക.

തമിഴ്നാട്ടിൽ തൊണ്ണൂറുകൾ മുതൽക്കാണ് പട്ടികജാതി വിഭാഗക്കാർക്ക് പ്രധാന രാഷ്ട്രീയപാർട്ടികളിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കപ്പെട്ടുതുടങ്ങിയത്. അവർ ദ്രാവിഡപ്പാർട്ടികളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും ഇടപെട്ടുതുടങ്ങിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിന്നും ബ്രാഹ്മണാധിനിവേശം ഒരുപരിധിവരെ ഒഴിവാക്കാനായി. അത് പിൽക്കാലത്ത് തമിഴ്നാടിന്റെ പ്രവിശ്യകളിൽ പിന്നോക്ക സമുദായങ്ങളും പട്ടികജാതിക്കാരും തമ്മിലുള്ള അധികാര മത്സരത്തിന് കാരണമാവുകയായിരുന്നു. തമിഴ്നാടിന്റെ ജാതിയ പ്രവിശ്യകളെ വിലയിരുത്തിയാൽ പിന്നോക്ക വിഭാഗക്കാരായ വണ്ണിയാന്മാർ വടക്കൻ ജില്ലകളിലും ഗൗണ്ടർമാർ പടിഞ്ഞാറൻ ജില്ലകളിലും തേവർമാർ തെക്കൻ ജില്ലകളിലുമാണ് ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. പട്ടികജാതിക്കാരായ പറയന്മാർ തമിഴ്നാടിന്റെ എല്ലാ മേഖലകളിലും ചെറിയ സാന്നിധ്യമറിയിക്കുന്ന വിഭാഗമാണ്. അരുന്ധതിയാരന്മാർ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ദേവേന്ദ്ര കുല വെള്ളാളന്മാർ തെക്കൻ പ്രവിശ്യയിലുമാണ് കൂടുതലുള്ളത്. ഈ പട്ടികജാതിക്കാരും പിന്നോക്ക വിഭാഗക്കാരും തമ്മിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാരമത്സരത്തിന്റെ കലാപത്തിന്റെ അവസാന സംഭവമാണ് സെൽവ സൂര്യയുടെ മരണം.

മത്സരത്തിന്റെ, മരണത്തിന്റെ തുടർക്കഥ
സെൽവസൂര്യയുടെ മരണം അവമതിപ്പിൽ നിന്നും നിലനിൽപ്പിനുവേണ്ടിയുള്ള സമരത്തുടർച്ചയുടെ അവസാനത്തെ സംഭവമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകനും മുൻ ഇടതുപക്ഷ വിദ്യാർത്ഥി യുവജനസംഘടനാ നേതാവുമായ മുരുകൻ കണ്ണൻ പറയുന്നത്. പല സന്ദർഭങ്ങളിലും അധിനിവേശ- ഉയർന്ന സമുദായക്കാരുടെ പീഡനം പട്ടികജാതിക്കാർ അനുഭവിച്ചിട്ടുണ്ട്. കയ്യിൽ പിന്നോക്ക ജാതിയെ മറവ സമുദായത്തിന്റെ പച്ചയും ചുവപ്പും ചരടു ധരിച്ചതിന്റെ പേരിൽ 1999 ൽ വിദ്യാർത്ഥിയായ ഇസക്കി രാജ കൊല്ലപ്പെട്ടത്. തിരുനെൽവേലി ബസ് സ്റ്റാൻഡിൽ വച്ചാണ്. അതുപോലെ 2016 ൽ വെങ്കിടേഷ് എന്ന വിദ്യാർത്ഥിയും വിദ്യാലയ വളപ്പിൽ കൊല്ലപ്പെട്ടു. വെങ്കിടേഷിന്റെ മരണത്തെത്തുടർന്ന് വമ്പിച്ച ജനക്കൂട്ടം ഹോസ്പിറ്റൽ വളയുകയും ജഡം സ്വീകരിക്കാൻ വിമുഖത കാട്ടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ 2018 ൽ ഒരു യുവ ആട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെടാനുണ്ടായ കാരണം അയാൾ കയ്യിൽ ദേവേന്ദ്ര കുല വെള്ളാളന്മാരുടെ അടയാളമായ പച്ചയും ചുവപ്പും ചരടുകെട്ടിയതും റിക്ഷയിൽ ഇമ്മാനുവൽ ശേഖരന്റെ ചിത്രം പതിപ്പിച്ചതുമാണ്. ആ ജാതിസ്പർദ്ധയുടെ മരണത്തിന്റെ തുടർച്ച ഇപ്പോൾ എത്തിനിൽക്കുന്നത് കഴിഞ്ഞ ഏപ്രിൽ 25 ന് സെൽവ സൂര്യയുടെ മരണത്തിലാണ്. ഇനിയാരാണ് ജാതിയുടെയും അധികാരമത്സരത്തിന്റെയും അടുത്ത ഇരയെന്ന് കണ്ടറിയേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ വംശാധിപത്യ കൊലപാതകങ്ങൾ ഇല്ലാതാക്കാൻ ഒരിക്കൽ ജില്ലാഭരണകൂടം ഓരോ സ്ക്കൂളിലും മോണിറ്ററിംഗ് കമ്മിറ്റിയെ ഏർപ്പെടുത്തിയിരുന്നു. കായികാദ്ധ്യാപകർക്കായിരുന്നു തിരുനെൽവേലി ജില്ലയിലെ സ്ക്കൂളുകളുടെ പ്രധാന ചുമതല. അവർ സമയാസമയങ്ങൾ അദ്ധ്യാപക- രക്ഷാകർത്തൃയോഗങ്ങൾ സംഘടിപ്പിച്ച് വിദ്യാലയങ്ങളിലെ ജാതി സ്പർദ്ധകൾ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. അതിനിടയിലാണ് സെൽവസൂര്യയുടെ മരണം നടന്നിരിക്കുന്നു.

ബസ്സുകളിലെ പാട്ടിൽ തുടങ്ങിയ വിദ്വേഷം
സ്ക്കൂളിലേയ്ക്കുള്ള യാത്രയിൽ ബസ്സ് ജീവനക്കാർ ഇടുന്ന ഗാനങ്ങൾ ചില വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടില്ല. അവർ തങ്ങളുടെ ജാതിയിൽപ്പെടുന്ന, അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന നായകനടന്റെ പാട്ടുകൾ ഇടാൻ നിർബന്ധിക്കുകയും അതിനനുസരിച്ച് നൃത്തം ചെയ്യുന്നതും പതിവായിരുന്നു. അതുപിന്നെ ഓരോ വിഭാഗക്കാരും ആരാധിക്കുന്ന ദൈവത്തിലേക്കും താമസിക്കുന്ന ഗ്രാമത്തിലേയ്ക്കും ജാതീയമായ ആചാരാനുഷ്ഠാങ്ങളിലേക്കും കൂപ്പുകുത്തി. അങ്ങനെ ദൈവങ്ങളേയും നടന്മാരേയും സെലിബ്രിറ്റികളെയും കുത്തകയാക്കി തമ്മിൽ തല്ലാൻ തുടങ്ങിയ വിദ്യാർത്ഥികൾ ഒടുവിൽ മുടിയിൽ പ്രത്യേകനിറം ചേർത്തുവരുന്ന കുട്ടികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ വരെയെത്തി. അതുപോലെ യാദവ, നാടാർ തുടങ്ങിയ മറ്റുചില പിന്നോക്ക ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ പ്രത്യേകനിറം കയ്യിൽ ചരടുകെട്ടുന്നതിനൊപ്പം അതേ നിറത്തിലുള്ള കരയുള്ള മുണ്ടും ധരിച്ചു വിദ്യാലയങ്ങളിൽ വന്ന്, മറ്റുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പ്രകോപിതരാക്കാനും തുടങ്ങി. ചെറിയൊരു തീപ്പൊരിയിൽനിന്ന് വലിയൊരു കലാപത്തിലേക്ക് അത് ആളിപ്പടരാൻ അത് കാരണമാക്കിയിരുന്നു.

പരിഹാരത്തിന്റെ വഴി തേടി
സെൽവസൂര്യയുടെ മരണത്തോടെ വിദ്യാലയങ്ങളിൽനിന്നും ഇത്തരം ജാതീയ പ്രകോപനപരമായ പ്രവണതകൾ ഇല്ലാതാക്കാൻ ഇപ്പോൾ അടിയന്തിരമായ നീക്കങ്ങൾ നടന്നുവരുന്നു. തിരുനെൽവേലി ജില്ലാ കളക്ടർ വി. വിഷ്ണു അതിനായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും സ്ക്കൂൾ അഡൈ്വസറി മാനേജ്മെന്റ് കമ്മിറ്റികൾ രൂപപ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പൂർണ്ണ അധികാരമുള്ള കമ്മികളുടെ പ്രധാന ചുമതലകൾ സ്ക്കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെ കയ്യിലെ ജാതീയ ചിഹ്നങ്ങളായ ചരടുകൾ നീക്കം ചെയ്യുക, ആധുനിക രീതിയിലുള്ള പ്രത്യേക ഹെയർ സ്റ്റൈലുമായി എത്തുന്നവരെ അനുസരണയുടെയും മാന്യതയുടെയും രീതിയിൽ മുടിവെട്ടിവയ്ക്കുക, സ്ക്കൂൾ അന്തരീക്ഷത്തിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായി നിയന്ത്രിക്കുക എന്നതാണ്. ഈ തീരുമാനങ്ങൾ സത്യസന്ധമായിരി പരിപാലിക്കുകയാണെങ്കിൽ ജാതീയ അധിനിവേശങ്ങളും കലാപങ്ങളും വിദ്യാലയങ്ങളിൽ നിന്നും ഒഴിവാക്കപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL