10:19am 01 July 2024
NEWS
ലൈംഗികാതിക്രമപരമ്പര വിവാദം; ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക അപവാദം
09/06/2024  10:36 AM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
ലൈംഗികാതിക്രമപരമ്പര വിവാദം; ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക അപവാദം

യുദ്ധഭൂമി പോലെ സംഘർഷഭരിതവും   ശിഥിലവുമാണ് തെക്കൻ കർണാടകത്തിലെ ഹാസൻ ജില്ല. ജനതാദളി(ജെഡിഎസ്സി)ന്റെ യുവനേതാവും എം പിയുമായ പ്രജ്വൽരേവണ്ണയുടെ ലൈംഗികാതിക്രമ കഥകളും, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരാട്ടങ്ങളുമാണ് ഹാസനെ കലുഷിതമാക്കുന്നത്.
വൊക്കലിഗ സമുദായത്തിൽപെട്ട കർഷകകുടുംബങ്ങളാണ് ഹാസൻ നിവാസികളിലേറെയും. യുവാക്കളാകട്ടെ ഐടി യിലേക്കും മറ്റും മാറിക്കൊണ്ടുമിരിക്കുന്നു.               വൊക്കലിഗരുടെ അനിഷേധ്യ നേതാവായ, കർഷകക്കാരണവരുടെ പ്രതിഛായയുള്ള, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയാണ് ഹാസൻ ജില്ല സ്വന്തം രാഷ്ട്രീയ സാമ്രാജ്യമായി വളർത്തിയെടുത്തത്. അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ഹൊളെനരസിപുരിലെ ഹാറണഹള്ളി ഗ്രാമം ഈ ജില്ലയിലാണ്.1983 ൽ എംഎൽഎയും മന്ത്രിയും, 1994 ൽ മുഖ്യമന്ത്രിയുമായ ദേവഗൗഡ 1996 ൽ പ്രധാനമന്ത്രിയായതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ജനതാദൾ പിളർന്ന് രൂപംകൊണ്ട ജെഡിഎസ്സിന്റെ നേതൃത്വം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. മഹാനായ ജയപ്രകാശ് നാരായൺ ജന്മംകൊടുത്ത ജനതാപ്രസ്ഥാനത്തെ അധികാരത്തിന്റെ സ്വാധീനത്താൽ ദേവഗൗഡ കുടുംബപാർട്ടിയാക്കി പരിമിതപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം കാൽനൂറ്റാണ്ടിലേറെക്കാലമായി ദേവഗൗഡ ബംഗളുരുവിലെ പത്മനാഭനഗറിലാണ്  സ്ഥിരതാമസം. ഇളയമകനും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ വസതിയും ബംഗളുരുവിലാണ്. .

ഹാസനും രേവണ്ണയും                           
1994 ൽ ആണ് ദേവഗൗഡയുടെ മൂത്തമകൻ എച്ച് ഡി രേവണ്ണ ഹൊളെനരസിപുരിൽ നിന്ന് വിജയിച്ച് എംഎൽഎ ആകുന്നത്.2004 മുതൽ തുടർച്ചയായി അദ്ദേഹം ആ മണ്ഡലത്തെ പ്രതിനിധീകരിച്ചുപോരുന്നു.  ദേവഗൗഡ ബംഗളുരുവിലേക്ക് മാറിയതുമുതൽ ഹാസൻജില്ല നിയന്ത്രിക്കുന്നത് രണ്ടുതവണ മന്ത്രിയായിട്ടുള്ള രേവണ്ണയാണ്. രേവണ്ണയുടെ മൂത്തമകനാണ് വിവാദപുരുഷനായ ഹാസൻ എം പി പ്രജ്വൽ. ദേവഗൗഡ പതിവായി വിജയിച്ചുപോന്ന മണ്ഡലമാണ് ഹാസൻ. കഴിഞ്ഞ തവണ രേവണ്ണയുടെ കുടുംബം ദേവഗൗഡയിൽ സമ്മർദ്ദം ചെലുത്തി ഹാസൻ മണ്ഡലം പ്രജ്വലിന് ഒപ്പിച്ചെടുക്കുകയായിരുന്നു. ഒരു പ്രത്യേകതരം സ്വഭാവക്കാരനായ പ്രജ്വൽ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനോട് അയാളുടെ പിതൃസഹോദരനും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമിയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ദേവഗൗഡയുടെ കുടുംബം ശിഥിലമാകാതിരിക്കാൻ അദ്ദേഹവും അതിന് എതിര് നിന്നില്ല എന്നുമാത്രം. ദേവഗൗഡ സുരക്ഷിത മണ്ഡലമായ ഹാസൻ കൊച്ചുമകന് നൽകി തൊട്ടടുത്ത തുമകൂറുവിലേക്ക് മാറുകയായിരുന്നു. അക്കാലയളവിൽ കോൺഗ്രസ്സും ജെഡിഎസ്സും ഒന്നിച്ചായിരുന്നു. ഹാസനിൽ പ്രജ്വൽ വിജയിച്ചപ്പോൾ തുമകൂറുവിൽ ദേവഗൗഡ പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് അദ്ദേഹം രാജ്യസഭയിൽ അംഗമായി. രേവണ്ണയുടെ ഇളയമകൻ സൂരജ് എംഎൽസിയാണ്. രേവണ്ണയുടെ പത്‌നി ഭവാനിയും രാഷ്ട്രീയസ്വാധീനമുള്ള കരുത്തുറ്റ വനിതയാണ്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അവർ എംഎൽഎ സീറ്റിനായി ആവുന്നത്ര പരിശ്രമിച്ചിരുന്നു. കർണാടകം ആരു ഭരിച്ചാലും കഴിഞ്ഞ രണ്ടുദശകത്തോളമായി ഹാസൻ ജില്ലയിൽ അധീശത്വം നിലനിർത്തുന്നത്  രേവണ്ണയുടെ കുടുംബമാണ്. അവിടെ അവർ പറയുന്നതും ആഗ്രഹിക്കുന്നതുമേ നടക്കൂ. കാരണം അധികാര സ്ഥാനങ്ങളെല്ലാം അലങ്കരിച്ചിരുന്നത് ദേവഗൗഡാ കുടുംബത്തോട് കൂറുള്ളവരായിരുന്നു. 

പ്രജ്വലിന്റെ  ലീലാവിലാസങ്ങളും 
രാഷ്ട്രീയ അടിയൊഴുക്കുകളും             രേവണ്ണയെയും മക്കളെയും നിയന്ത്രിച്ചിരുന്നത്                ഭവാനിയാണെന്നാണ് ആ കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നത്.എന്നാൽ എം പി ആയതോടെ പ്രജ്വൽ ഹാസൻ ജില്ലയുടെ 'ഭരണം' തന്റെ നിയന്ത്രണത്തിലാക്കി. ഹാസനിലെ ജനങ്ങളിൽ മിക്കവരും ദേവഗൗഡയുടെ പാർട്ടിക്കാരോ അഭ്യുദയകാംക്ഷികളോ ആണ്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണ് പ്രജ്വൽ അഴിഞ്ഞാടിയത്. എം പി യുടെ പവർ ആ യുവാവിനെ   കാമാന്ധനാക്കി മാറ്റുകയായിരുന്നു എന്നാണ് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നത്. 

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ പ്രജ്വലുമായി  ബന്ധപ്പെട്ട ലൈംഗിക വീഡിയോകളെക്കുറിച്ചുള്ള വാർത്തകൾ രഹസ്യമായി പ്രചരിച്ചിരുന്നു. പ്രജ്വൽ  ഹൈക്കോടതിയിൽ നിന്നും ഇൻജെക്ഷൻ ഓർഡർ സമ്പാദിച്ച് അത് പ്രചരിക്കുന്നത് തടയുകയായിരുന്നു. ഇത്തവണ കർണാടകത്തിൽ രാഷ്ട്രീയ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ബിജെപിയും ജെഡിഎസ്സും  സഖ്യത്തിലായത് മുഖ്യമന്ത്രി സിദ്ധരാമയ്യയും, പിസിസി അധ്യക്ഷപദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറും നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇരുപത് ലോകസഭാസീറ്റുകളിൽ വിജയം ഉറപ്പാണെന്ന വാഗ്ദാനമാണ് സിദ്ധരാമയ്യയും ശിവകുമാറും ഹൈക്കമാന്റിന് നൽകിയിരുന്നത്. അതേസമയം ആകെയുള്ള ഇരുപത്തെട്ട് സീറ്റുകളും തങ്ങൾ നേടുമെന്ന് ബിജെപി- ജെഡിഎസ്സ് സഖ്യം ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയ്ക്കും ഡി കെ യ്ക്കും തെരഞ്ഞെടുപ്പ് വിജയം അഭിമാന പ്രശ്‌നമായി മാറിയത്.

പ്രജ്വൽപെൻഡ്രൈവ് രാഷ്ട്രീയ എതിരാളികളുടെ കയ്യിൽ ചെന്നുചേരുകയും, അവരത് അണുബോംബായി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് വാസ്തവം. വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26 ന് നാലുദിവസം മുമ്പ് ഹാസൻ മണ്ഡലത്തിൽ പ്രജ്വലിന്റെ ലൈംഗികാതിക്രമ വിഡിയോകൾ വ്യാപകമായി പ്രചരിച്ചു. അത് ഏൽപ്പിച്ച       ആഘാതം താങ്ങാനാവാതെയാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ പ്രജ്വൽ രാജ്യംവിട്ടത്.എം പിയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കർണാടക ഗവണ്മെന്റ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും, പ്രശ്‌നത്തിന് വൻപ്രചാരം കൊടുക്കുകയും ചെയ്തതോടെയാണ്       ലൈംഗികാതിക്രമങ്ങൾ ദേശീയ തലത്തിൽ വിവാദമായത്.
പ്രജ്വലിന്റെ ലൈംഗികാതിക്രമ പെൻഡ്രൈവ് ലീക്കായതോടെ ഹാസനിലെ ജനജീവിതത്തിന്റെ താളം തെറ്റിയിരിക്കുന്നു. ചിത്രങ്ങൾ, സ്‌ക്രീൻഷോട്ടുകൾ, ഓഡിയോ ക്ലിപ്പുകൾ, വിഡിയോകൾ ഉൾപ്പെടെ ആരെയും അമ്പരപ്പിക്കുന്ന മൂവായിരത്തോളം ഫയലുകളാണ് പെൻഡ്രൈവിലുള്ളത്. ഹാസൻ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുമുള്ള തൊണ്ണൂറോളം സ്ത്രീകൾ പെൻഡ്രൈവിലെ അശ്ലീലവീഡിയോകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹാസനിലും പരിസരപ്രദേശങ്ങളിലും        ദേവഗൗഡാകുടുംബത്തിന് കൃഷിഭൂമികളും ഫാം ഹൗസുകളുമുണ്ട്. അവയിൽ ഒന്നുരണ്ടു ഫാംഹൗസുകൾ പ്രജ്വലിന്റെ നിയന്ത്രണത്തിലാണ്.   അതിക്രമങ്ങൾ പലതും നടന്നതും ചില വീഡിയോകളും ചിത്രീകരിച്ചതും ഈ ഫാം ഹൗസുകളിലാണെന്നാണ് എസ് ഐ ടി നൽകുന്ന സൂചന.    പെൻഡ്രൈവിൽ കുടുങ്ങിയ സ്ത്രീകളിൽ പലരും അപമാനം ഭയന്ന് വീടുകൾ പൂട്ടി മുങ്ങിയിരിക്കയാണ്. പല കുടുംബങ്ങളും തകർന്നുകഴിഞ്ഞു. മൊബൈലിലുള്ള പ്രജ്വലിന്റെ ഫോട്ടോകൾ പലരും ഡിലിറ്റ് ചെയ്തിരിക്കയാണ്. എസ് ഐ ടിയുടെ മുന്നിലെത്താൻ മിക്ക സ്ത്രീകൾക്കും താല്പര്യമില്ല. വെട്ടുക്കിളികളെപ്പോലെ  പാഞ്ഞടുക്കുന്ന മീഡിയയിൽ നിന്നും രക്ഷപ്പെടാണ്                     

ഇരകളാക്കപ്പെട്ടവർക്ക് തത്രപ്പാട്. ഇനിയും എക്‌സ്‌പോസ് ചെയ്യപ്പെട്ടാൽ ജീവിതം നാറുമെന്ന് അവർ ഭയക്കുന്നുണ്ട്. ഇത്രയും ഭീകരമായ ഒരു വെളിപ്പെടൽ ഉണ്ടാകുമെന്ന് അറിഞ്ഞും അറിയാതെയും പ്രജ്വലിന്റെ വലയിൽ പെട്ടുപോയവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. ദേവഗൗഡാകുടുംബത്തിന്റെ ശക്തിയെയും സ്വാധീനത്തേയും കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആ വിശ്വാസമാണ് തകർന്നുവീഴുന്നത്. എന്നാൽ ഇരകളിൽ മൂന്നാലുപേർ എസ് ഐ ടി യുടെ മുന്നിലെത്തി പരാതിപ്പെടാൻ തയ്യാറെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതിനായി അവർക്ക് മേൽ അതിശക്തമായ സമ്മർദ്ദമുണ്ട്. ഇരകളിലൊരാളെ തട്ടിക്കൊണ്ടുപോയ കേസ്സിൽ അറസ്റ്റിലായ രേവണ്ണ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്. എന്നാൽ ഇര മാധ്യമങ്ങളുടെ മുന്നിലെത്തി, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് വെളിപ്പെടുത്തിയതോടെ അത് കള്ളക്കേസ്സാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജർമ്മനിയിലുണ്ടെന്ന് കരുതുന്ന പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമേ പ്രജ്വൽ തിരിച്ചെത്താനിടയുള്ളൂ. ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും പ്രജ്വലിന്റെ അറസ്റ്റും ചോദ്യം ചെയ്യലും തെളിവെടുപ്പുമൊക്കെയായി ഇനിയുള്ള നാളുകൾ           സംഭവബഹുലമായിരിക്കും.

തിരിച്ചടിക്കാൻ കുമാരസ്വാമി   
പ്രജ്വൽ രേവണ്ണയുടെ ലൈംഗികകേളികളുടെ വീഡിയോകൾ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയും, ദേവഗൗഡാകുടുംബത്തിലെ ഉള്ളുകള്ളികൾ തുറന്നുകാട്ടിയും രാഷ്ട്രീയനേട്ടം കൊയ്യാൻ സിദ്ധരാമയ്യ-ഡി.കെ ശിവകുമാർ കൂട്ടുകെട്ട് ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ തിരിച്ചടിക്കാൻ ആയുധങ്ങൾ സമാഹരിക്കുകയാണ് കുമാരസ്വാമിയും ബിജെപിയും. ലൈംഗിക വീഡിയോകൾ പുറത്തുവിട്ട് നിരവധി സ്ത്രീകളുടെ കുടുംബം തകർത്തവരെയും കണ്ടെത്തി അറസ്റ്റുചെയ്ത് ജയിലിലടക്കണമെന്ന വാദമാണ് കുമാരസ്വാമി ഉയർത്തുന്നത്. രാഷ്ട്രീയ പ്രേരിതമായ എസ് ഐ ടി അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ലെന്നും അന്വേഷണം സി ബി ഐ യ്ക്ക് വിടണമെന്നുമാണ് കുമാരസ്വാമിയും മറ്റുനേതാക്കളും ആവശ്യപ്പെടുന്നത്. സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും  വലിച്ചുകീറാനായി നിയമസഭാ സമ്മേളനത്തിനായി കാത്തിരിക്കുകയാണ് കുമാരസ്വാമിയും ഇതര ജെഡി എസ്സ് ബിജെപി നേതാക്കളും. അതിനാകട്ടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുംവരെ കാത്തിരിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE