02:11pm 05 July 2024
NEWS
ഭരണഘടനയുടെ പരിശുദ്ധി സംരക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം- സിദ്ധരാമയ്യ

08/09/2023  01:37 PM IST
വിഷ്ണുമംഗലം കുമാർ
ഭരണഘടനയുടെ പരിശുദ്ധി സംരക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം- സിദ്ധരാമയ്യ
HIGHLIGHTS

നാം ഒത്തുചേർന്ന് ഭരണഘടനയുടെ സംരക്ഷണത്തിനായി രാഹുൽഗാന്ധിയുടെ പിന്നിൽ അണിനിരക്കേണ്ടതുണ്ട്. 

ബെംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനയുടെ പരിശുദ്ധിയും സംരക്ഷിക്കാനും നമ്മുടെ സമ്പത്ത് ഒരുവിഭാഗം ആളുകൾ കൊള്ളയടിക്കുന്നത് തടയാനുമായി രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്നു  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാമനഗറിൽ നടന്ന മാരത്തോണിൽ പങ്കെടുത്തശേഷം 'എക്സി'ലാണ് സിദ്ധരാമയ്യ ഈ അഭിപ്രായം പങ്കുവച്ചത്.  

"ഇതു വെറുതെ ഇരിക്കാനുള്ള സമയമല്ല. നാം ഒത്തുചേർന്ന് ഭരണഘടനയുടെ സംരക്ഷണത്തിനായി രാഹുൽഗാന്ധിയുടെ പിന്നിൽ അണിനിരക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താനായി പോരാടുന്ന രാഹുൽഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. വിഭജന ശക്തികൾക്കെതിരെ പോരാടി ഒരു പുതിയ കർണാടകയും പുതിയ ഇന്ത്യയും കെട്ടിപ്പടുക്കേണ്ട സന്ദർഭമാണിത്". സിദ്ധരാമയ്യ ആഹ്വാനം ചെയ്യുന്നു.

"സ്വാതന്ത്ര്യത്തിനുവേണ്ടി  പോരാടിയ മഹാത്മജി, ഡോക്ടർ അംബേദ്‌കർ, ജവഹർലാൽ നെഹ്‌റു, മൗലാനാ അബ്ദുൾകലാം ആസാദ്, സർദാർ വല്ലഭായി പട്ടേൽ തുടങ്ങിയ മഹാരഥന്മാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതുപോലെ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും മഹത്തായ സേവനങ്ങളും വിസ്മരിച്ചുകൂടാ"  മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

"മൂന്നുപതിറ്റാണ്ടുമുമ്പ് എൽ കെ അദ്വാനി നടത്തിയ രഥയാത്രയാണ് സമൂഹത്തിൽ സാമുദായികമായ വിള്ളലുണ്ടാക്കിയത്. ഈ മഹാരാജ്യത്തിന്റെ നെഞ്ചിൽ രഥയാത്രയേൽപ്പിച്ച ആഴത്തിനുള്ള മുറിവുകൾ ഉണക്കേണ്ടതുണ്ട്" അദ്ദേഹം പ്രത്യാശിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും  മന്ത്രിമാരും മാരത്തോണിൽ സിദ്ധ  രാമയ്യയോടൊപ്പമുണ്ടായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL