12:23pm 05 July 2024
NEWS
ലീ​ഗ് വേദിയിൽ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച തരൂരിനെതിരെ വിമർശനം കനക്കുന്നു
27/10/2023  07:38 AM IST
nila
ലീ​ഗ് വേദിയിൽ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച തരൂരിനെതിരെ വിമർശനം കനക്കുന്നു
HIGHLIGHTS

ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല

മലപ്പുറം: മുസ്ലീം ലീ​ഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗം ശശി തരൂരിന്റെ പ്രസം​ഗം വിവാദമാകുന്നു. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു തരൂരിന്റെ പ്രസം​ഗം. ലീ​ഗ് നേതാവ് എം കെ മുനീർ അതേ വേദിയിൽ വെച്ചുതന്നെ തരൂരിനെ തിരുത്തിയിരുന്നു. അതിന് പിന്നാലെയാണ് സിപിഎം നേതാവ് എം സ്വരാജ് ഉൾപ്പെടെയുള്ളവർ തരൂരിനെതിരെ രം​ഗത്തെത്തിയത്. 

 മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ കോഴിക്കോട് കടപ്പുറത്ത് ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നായിരുന്നു സ്വരാജ് ആരോപിച്ചത്. ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി തരൂരിന്റെ പരാമർശം അത്ഭുതപ്പെടുത്തിയെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ നിന്ന് ശശി തരൂർ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകി എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചാണ് തരൂർ പ്രസംഗിച്ചത്. പലസ്തീൻ വിഷയം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ശശി തരൂർ എം പി പറഞ്ഞു. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ വാൾമുങ്ങണം ഈ യുദ്ധം അവസാനിക്കാൻ. മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോൾ സന്തോഷമുണ്ട്. പലസ്തീനികൾക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിർത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും ശശി തരൂർ പ്രസംഗിച്ചിരുന്നു.

എന്നാൽ, പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് എം.കെ മുനീർ തിരുത്തി. പലസ്തീന്റെ പ്രതിരോധത്തെയാണ് നമ്മൾ പിന്തുണക്കേണ്ടതെന്നും മുനീർ പറഞ്ഞു. ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസുമൊക്കെ ബ്രിട്ടീഷുകാർക്ക് ഭീകരവാദികളായിരുന്നുവെന്നും മുനീർ വേദിയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA