10:29am 01 July 2024
NEWS
ഡൽഹിയിലെ വെള്ളക്കെട്ടിൽ തരൂരിന്റെ നയതന്ത്രം; ലെഫ്. ​​ഗവർണർക്ക് പ്രശംസ

28/06/2024  07:57 PM IST
nila
 ഡൽഹിയിലെ വെള്ളക്കെട്ടിൽ തരൂരിന്റെ നയതന്ത്രം; ലെഫ്. ​​ഗവർണർക്ക് പ്രശംസ

ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയെ പ്രശംസിച്ച് കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മവസാക്ഷിയുള്ള സിവിൽ സർവന്റ് എന്നാണ് സക്സേനയെ തരൂർ വിശേഷിപ്പിച്ചത്. ഡൽഹിയിൽ പെയ്ത കനത്തമഴയെ തുടർന്ന്  ഡൽഹി ല്യുട്ടിൻസിലെ വസതിയിലും വെള്ളം കയറിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തരൂർ സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തരൂരിന്റെ പോസ്റ്റ് ശ്രദ്ധയിൽപെട്ട വികെ സക്‌സേന തരൂരിനെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും വിഷയം സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലെഫ്.​ഗവർണറെ പ്രശംസിച്ച് തരൂർ മറ്റൊരു പോസ്റ്റിട്ടത്. 

രാവിലെ എഴുന്നേറ്റപ്പോൾ വീടിന്റെ അകം മുഴുവനും വെള്ളം കയറിയിരുന്നെന്നും കാർപ്പറ്റ്, വീട്ടുപകരണങ്ങൾ അങ്ങനെ തറയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നശിച്ചെന്നും തരൂർ പറയുന്നു. സമീപപ്രദേശത്തും വെള്ളം നിറഞ്ഞിരുന്നതിനാൽ പുറത്തേക്ക് ഒഴുകാൻ മാർഗമില്ലായിരുന്നു. ആളുകൾക്ക് വൈദ്യുതാഘാതം ഏൽക്കാതിരിക്കാനുള്ള മുൻകരുതലായി രാവിലെ ആറുമണിയോടെ വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചിരുന്നു. ബോട്ട് ഇല്ലാതെ പാർലമെന്റിലേക്ക് എത്തിപ്പെടാനായേക്കില്ലെന്ന് പാർലമെന്റിലെ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നഗര അധികൃതർ റോഡിൽനിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളഞ്ഞതിനാൽ കൃത്യസമയത്ത് പാർലമെന്റിൽ എത്തിച്ചേരാൻ കഴിഞ്ഞെന്നും തരൂർ എക്‌സിലെ കുറിപ്പിൽ പറഞ്ഞു.

30 മിനിറ്റിനുശേഷം, ശശി തരൂർ മറ്റൊരു പോസ്റ്റ് ഇട്ടു - ഇത്തവണ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ തന്റെ പോസ്റ്റിനോട് വളരെ പെട്ടെന്ന് പ്രതികരിച്ചതിനെ പ്രശംസിച്ചായിരുന്നു തരൂരിന്റെ പോസ്റ്റ്. ഡൽഹി ഒരു കേന്ദ്രഭരണപ്രദേശമായതിനാൽ അധികാരനിർവ​​ഹണത്തിലെ വീതംവെയ്ക്കലാണ് പ്രശ്നമെന്ന് അദ്ദേ​ഹം ചൂണ്ടിക്കാട്ടിയെന്നും തരൂർ വ്യക്തമാക്കുന്നു.

“ഈ ട്വീറ്റ് മിനിറ്റുകൾക്കുള്ളിൽ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറിൽ നിന്ന് തന്നെ ഒരു ഫോൺ കോളിന് കാരണമായതിൽ ആശ്ചര്യവും മതിപ്പുളവുമുണ്ട്! വികെ സക്‌സേന മര്യാദയുള്ളവനും പ്രതികരണശേഷിയുള്ളവനുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഉത്തരവാദിത്ത വിഭജനം മൂലമുണ്ടാകുന്ന ഫലപ്രദമായ നടപടികളുടെ തടസ്സങ്ങൾ അദ്ദേഹം വിശദീകരിച്ചു.” -ശശി തരൂർ പറഞ്ഞു.

“കൃത്യമായി വൃത്തിയാക്കാതെ അഴുക്കുചാലുകൾ അടയുന്നതാണ്  പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അടുത്ത വലിയ മഴയ്ക്ക് മുമ്പ് ഇത് ചെയ്യുമെന്ന് ഉറപ്പാക്കാൻ തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുമെന്ന് അദ്ദേ​ഹം ഉറപ്പ് തന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL