11:24am 08 July 2024
NEWS
അനുയായികൾക്ക് സീറ്റുറപ്പാക്കാൻ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും : ലക്ഷ്യം മുഖ്യമന്ത്രി പദം

03/01/2023  12:36 PM IST
വിഷ്ണുമംഗലം കുമാർ
അനുയായികൾക്ക് സീറ്റുറപ്പാക്കാൻ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും : ലക്ഷ്യം മുഖ്യമന്ത്രി പദം
HIGHLIGHTS

വിശ്വസ്ത അനുയായികൾക്ക് സീറ്റുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇരുനേതാക്കളും ഇപ്പോൾ

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും. 2013-ൽ  മുഖ്യമന്ത്രിയായി അഞ്ചുവർഷം തികച്ചുഭരിച്ച അനുഭവസമ്പത്തുള്ള സിദ്ധരാമയ്യയാണ് മുന്നിലെങ്കിലും ഹൈക്കമാന്റിന്റെ (സോണിയാഗാന്ധിയുടെ)  ആശീർവാദവും രഹസ്യ പിന്തുണയുമുള്ള ശിവകുമാറും തൊട്ടുപിറകിൽ തന്നെയുണ്ട്. തങ്ങളുടെ വിശ്വസ്ത അനുയായികൾക്ക് സീറ്റുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇരുനേതാക്കളും ഇപ്പോൾ ഏർപ്പെട്ടിട്ടുള്ളത്‌. 

224 മണ്ഡലങ്ങളിലേക്ക് 1350 സ്ഥാനാർത്ഥിമോഹികളുടെ പട്ടികയാണ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. അതിൽ നിന്ന്‌ ഓരോ മണ്ഡലത്തിലേക്കും ജയസാധ്യതയുള്ള മൂന്നുപേർ വീതമുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കി സമർപ്പിക്കാനാണ്‌ ശിവകുമാർ ഡിസിസികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്‌. ജയസാധ്യതയുള്ളവരിൽ സിദ്ധരാമയ്യയെ പിന്തുണക്കുന്നവരും ശിവകുമാറിനെ പിന്തുണക്കുന്നവരുമുണ്ട്. അന്തിമതീരുമാനം               എഐസിസിയുടേതായിരിക്കും. 

എഐസിസി അദ്ധ്യക്ഷനായി മല്ലികാർജുന ഖാർഗെ അവരോധിതനായതോടെ അദ്ദേഹത്തിനും സ്ഥാനാർഥിപ്പട്ടികയിൽ നിർണ്ണായക സ്വാധീനം ചെലുത്താനാവും. നിലവിലെ  69എംഎൽ എ മാർക്കും സീറ്റുനൽകാൻ  പൊതുവിൽ ധാരണയായിട്ടുണ്ട്. അതിനുപുറമെ മുപ്പത്തഞ്ചു മണ്ഡലങ്ങളിൽ സിദ്ധരാമയ്യയുടെയും  ശിവകുമാറിന്റെയും അനുയായികൾ സീറ്റിനായി പരസ്പരം പൊരുതുന്നുണ്ട്.

പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ സീറ്റ് അനുവദിക്കണമെന്ന നിലപാടാണ്‌ എഐ സിസിയ്ക്കുള്ളത്. സംസ്ഥാനത്തിന്റെ ചുമതലയുളള എഐ സിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല സർവ്വേയുടെ പ്രാധാന്യം സിദ്ധരാമയ്യയെയും ശിവകുമാറിനെയും അറിയിച്ചിട്ടുണ്ട്. പ്രമുഖരായ  രണ്ടു നേതാക്കളും തമ്മിൽ ശീതസമരം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ കോൺഗ്രസിന് അധികാരം കിട്ടുമെന്ന പ്രതീക്ഷ മിക്ക നേതാക്കളും അനുയായികളും വെച്ചുപുലർത്തുന്നുണ്ട്‌. ആരു മുഖ്യമന്ത്രിയാകും എന്നകാര്യത്തിലേ കോൺഗ്രസ്സുകാർക്ക്  ആശങ്കയുള്ളൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL