02:21pm 05 July 2024
NEWS
ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ സിദ്ധരാമയ്യ ഗവണ്മെന്റിൽ ഭിന്നത രൂക്ഷം
23/11/2023  12:00 PM IST
വിഷ്ണുമംഗലം കുമാർ
ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ സിദ്ധരാമയ്യ ഗവണ്മെന്റിൽ ഭിന്നത രൂക്ഷം
HIGHLIGHTS

ഉന്നത വിദ്യാഭ്യാസമന്ത്രി ഡോക്ടർ എം സി സുധാകറും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. രാഷ്ട്രീയം വേറെ സമുദായം വേറെ എന്നാണ് ശിവകുമാർ വ്യക്തമാക്കിയത്.

ബംഗളുരു: ജാതി സെൻസസ് പ്രസിദ്ധപ്പെടുത്തരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന വൊക്കലിഗ സംഘത്തിന്റെ നിവേദനത്തിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഒപ്പിട്ടതോടെ സിദ്ധരാമയ്യ ഗവണ്മെന്റിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോക്ടർ എം സി സുധാകറും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. രാഷ്ട്രീയം വേറെ സമുദായം വേറെ എന്നാണ് ശിവകുമാർ വ്യക്തമാക്കിയത്. പിന്നോക്ക -അവശ വിഭാഗങ്ങളോട് നീതി പുലർത്താനായി ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ചു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ 'എക്‌സി'ൽ കുറിച്ച സാഹചര്യത്തിലാണ് ഗവണ്മെന്റിൽ നിലനിൽക്കുന്ന ഭിന്നത പുറത്തുവരുന്നത്.

പ്രബല സമുദായങ്ങളായ     ലിങ്കായത്തും വൊക്കലിഗരും റിപ്പോർട്ടിനെ ശക്തമായി എതിർക്കുകയാണ്. റിപ്പോർട്ട് തികച്ചും അശാസ്ത്രീയമാണെന്നും പല വിഭാഗങ്ങളെയും പരിഗണിച്ചിട്ടില്ലെന്നും അഭിപ്രായപ്പെടുന്ന സമുദായ സംഘടനകൾ റിപ്പോർട്ട് തള്ളി സത്യസന്ധമായ രീതിയിൽ വീണ്ടും സർവ്വേ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഓൾ ഇന്ത്യ വീരശൈവ മഹാസഭ അധ്യക്ഷനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ശാമന്നൂർ ശിവശങ്കരപ്പ മുമ്പുതന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആദ്യ തവണ മുഖ്യമന്ത്രിയായിരിക്കെ 2015ൽ സിദ്ധരാമയ്യയാണ് ജാതി  സെൻസസ് നടത്താൻ ഉത്തരവിട്ടത്. കോടികൾ ചെലവിട്ട് സെൻസസ് പൂർത്തിയാക്കിയിരുന്നെങ്കിലും 2018ൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ്- ജെഡിഎസ് കൂട്ടുകക്ഷി ഗവണ്മെന്റും തുടർന്ന് അധികാരം കയ്യാളിയെ ബിജെപി ഗവണ്മെന്റും റിപ്പോർട്ട് പരിഗണിച്ചില്ല.

റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇതിനകം ലീക്കാകു കയും സംസ്ഥാനമൊട്ടാകെ ചർച്ചയാകുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, സദാനന്ദ ഗൗഡ, കേന്ദ്ര മന്ത്രി ശോഭ കരന്ത്ലാജെ, പ്രതിപക്ഷ നേതാവ് ആർ അശോക്, ജെഡിഎസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി തുടങ്ങിയ പ്രമുഖ നേതാക്കളും വൊക്കലിഗ സംഘത്തിന്റെ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി റിപ്പോർട്ട് പുറത്തുവിടാനാണ് സിദ്ധരാമയ്യ ആഗ്രഹിച്ചത്. എന്നാൽ പ്രബല സമുദായങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും ഗവണ്മെന്റിൽ ഭിന്നത ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താനുള്ള സാധ്യത കുറവാണ്.റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് സിദ്ധരാമയ്യ അന്തിമമായി കൈക്കൊണ്ടിട്ടുള്ളത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL