11:41am 01 July 2024
NEWS
എ.ഐ.സാങ്കേതികവിദ്യയിൽ ഇംഗ്ലീഷിൽ ഡബ്ബിങ്ങാകുന്ന സിമ്പുവിന്റെ ചിത്രം.
26/06/2024  01:02 PM IST
എ.ഐ.സാങ്കേതികവിദ്യയിൽ ഇംഗ്ലീഷിൽ ഡബ്ബിങ്ങാകുന്ന സിമ്പുവിന്റെ ചിത്രം...

 'എ.ഐ'. എന്ന പുതിയ സാങ്കേതിക വിദ്യ ഇപ്പോൾ പല സിനിമകളിലും ഉപയോഗിച്ചു വരികയാണ്. അടുത്തുതന്നെ റിലീസാകാനിരിക്കുന്ന കമൽഹാസൻ, ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. 'ഇന്ത്യൻ' ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സി.ബി.ഐ. ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എ.ഐ. സാങ്കേതിക വിദ്യയിലൂടെ 'ഇന്ത്യൻ-2'ൽ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ അടുത്ത് റിലീസാകാനിരിക്കുന്ന 'ദളപതി' വിജയ്‌യുടെ 'GOAT' എന്ന ചിത്രത്തിലും എ.ഐ.സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഈയിടെ മരണമടഞ്ഞ ഗായിക പവധാരണിയുടെ ശബ്ദത്തിൽ 'GOAT' ചിത്രത്തിനായി ഒരു ഗാനം ഒരുക്കിയിട്ടുണ്ട് പവധാരണിയുടെ സഹോദരനും, 'GOAT' ചിത്രത്തിന്റെ സംഗീത സംവിധായകനുമായ യുവൻ ശങ്കർരാജ. ഈ ഗാനം ഈയിടെ പുറത്തുവരികയും, വൈറലാകുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഈ ചിത്രത്തിൽ ഈയിടെ മരണമടഞ്ഞ നടൻ വിജയകാന്തും  എ.ഐ.സാങ്കേതിക വിദ്യയിൽ സിനിമാ ആരാധകർക്ക് സർപ്രൈസ് കൊടുക്കാൻ പോകുന്നുണ്ട് എന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.   
  ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ സിമ്പുവിന്റെ 'മാനാട്' എന്ന ചിത്രം എ.ഐ. സാങ്കേതിക വിദ്യയിലൂടെ ഇംഗ്ലീഷിൽ ഡബ്ബിങ്ങായി പുറത്തുവരാനിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.  ഇംഗ്ലീഷിൽ ഡബ്ബിങ്ങായി പുറത്തുവരുമ്പോൾ ചിത്രത്തിൽ അഭിനയിച്ച എല്ലാ നടീ, നടന്മാരും തങ്ങളുടെ സ്വന്ത ശബ്ദത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് പോലെയിരിക്കും  എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. 
  'ടൈം ലൂപ്പ്'  അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണ് 'മാനാട്' ചിത്രത്തിന്റേത്‌. ഈ  ചിത്രം സിമ്പുവിൻ്റെ ഒരു തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. നിരൂപകമായും വാണിജ്യപരമായും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്ത ഈ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ  ഇംഗ്ലീഷിൽ ഡബ്ബ് ആകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA