10:17am 08 July 2024
NEWS
ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ 'ഇന്ത്യ' യെ പിന്തുണക്കും- സോഷ്യലിസ്റ്റ് പാർട്ടി
30/10/2023  12:05 PM IST
വിഷ്ണുമംഗലം കുമാർ
ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ 'ഇന്ത്യ' യെ പിന്തുണക്കും- സോഷ്യലിസ്റ്റ് പാർട്ടി
HIGHLIGHTS

ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞേ മതിയാകൂ. അതിനായി രാജ്യമെമ്പാടും ശക്തമായ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്

ബംഗളുരു: മതേതര സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ അവഗണിച്ചും ഭരണഘടനാമൂല്യങ്ങൾ തകർത്തും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ പരിശ്രമിക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനായി സോഷ്യലിസ്റ്റ് പാർട്ടി 'ഇന്ത്യ' മുന്നണിയെ പിന്തുണ യ്ക്കുമെന്ന് ദേശീയ അധ്യക്ഷൻ തമ്പാൻ തോമസ് വ്യക്തമാക്കി. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യുടെ കർണാടക കോൺഫറൻസിൽ ആമുഖം പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. "അടുത്ത വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്   പ്രാധാന്യമേറെയുണ്ട്.

ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞേ മതിയാകൂ. അതിനായി രാജ്യമെമ്പാടും ശക്തമായ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്. അതിനായി രൂപംകൊണ്ട 'ഇന്ത്യ'യെ നയിക്കുന്ന കോൺഗ്രസിന് കുറ്റവും കുറവുമില്ലെന്നല്ല. കോൺഗ്രസിന്റെ നയങ്ങളോട് സോഷ്യലിസ്റ്റ് മനസ്സുള്ളവർക്ക് യോജിക്കാനാവില്ല. എന്നാൽ ബിജെപിയെ താഴെയിറക്കുകയാണ് അടിയന്തിര ആവശ്യം. അതിനായുള്ള 'ഇന്ത്യ'യുടെ കർമ്മപദ്ധതിയെ സോഷ്യലിസ്റ്റ് പാർട്ടിയും പിന്തുണക്കും. കോൺഗ്രസിൽ സോഷ്യലിസം തിരിച്ചുകൊണ്ടുവരാൻ പുറത്തുനിന്ന് ഞങ്ങൾ സമ്മർദ്ദം ചെലുത്തുകയും ചെയ്യും" തമ്പാൻ തോമസ് വിശദീകരിച്ചു.

പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം അധികാരലബ്ധിയ്ക്കായി അഴിമതിയുടെ ഗന്ധമുള്ള അതിസമ്പന്നതയുടെയും അത്യാഡംബരത്തിന്റെയും വഴി തെരഞ്ഞെടുത്തപ്പോൾ മണ്ണിൽ ചവുട്ടി നിന്നുകൊണ്ട് സത്യസന്ധവും ജനക്ഷേമകരവുമായ പ്രവർത്തനം തുടരുന്ന തനതു രാഷ്ട്രീയ പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് പാർട്ടി. 2021 സപ്റ്റംബർ 28-30 തിയ്യതികളിൽ ഗുജറാത്തിലെ വാർധയിൽ നടന്ന നാഷണൽ കോൺഫറൻസിലാണ് കേരളത്തിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് തമ്പാൻ തോമസ് ദേശീയഅധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 

യു പിയിൽ നിന്നുള്ള സന്ദീപ് പാന്ധേയാണ് ജനറൽ സെക്രട്ടറി. മുൻമന്ത്രി ബി ടി ലളിതാ നായക്, മുൻ എം എൽ എ മൈക്കിൾ ഫെർണാണ്ടസ് ഉൾപ്പെടെയുടെ നിസ്വാർത്ഥരായ നേതാക്കളാണ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കർണാടക ഘടകത്തെ നയിക്കുന്നത്. ലളിതാനായക് സംസ്ഥാന അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് പാർട്ടിയുടെ നയപരിപാടികളോട് ആഭിമുഖ്യമുള്ള ഏതാനും  കർഷക, ദളിത് ,പിന്നോക്കവിഭാഗം നേതാക്കളും പരിസ്ഥിതി പ്രവർത്തകരും കോൺഫറൻസിൽ പങ്കുകൊണ്ടു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL