12:55pm 05 July 2024
NEWS
എത്ര വേദനിക്കുന്നുവെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല, ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചുവരും; ഡേവിഡ്‌ മില്ലർ
02/07/2024  10:10 PM IST
Kallus
എത്ര വേദനിക്കുന്നുവെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല, ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചുവരും; ഡേവിഡ്‌ മില്ലർ

കേപ്ടൗണ്‍: ലോക ക്രിക്കറ്റിൽ ഏറ്റവും നിർഭാഗ്യവരായ രാജ്യം ഏതെന്ന ചോദ്യത്തിന്‌ എല്ലാവർക്കും ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ. അത് ദക്ഷിണാഫ്രിക്കയാണ്‌. ക്രിക്കറ്റിലെ തന്നെ മഹാരഥന്മാരായ ഹാൻസി ക്രോണി, ഹെർഷൽ ഗിബ്സ്, ജോണ്ടി റോഡ്സ്, ജാക്ക്സ് കാലിസ്, ഷോൺ പൊള്ളോക്ക് അങ്ങനെ പല തലമുറ കളിച്ചിരുന്ന സമയത്തും അവർക്കൊരു ലോക കിരീടം നേടാനായിട്ടില്ല. സെമി ഫൈനലിലോ അതിനും മുൻപോ അവർ കാലിടറി വീഴാറാണ്‌ പതിവ്. ഇക്കുറി അത് ഫൈനലിൽ ആയെന്ന് മാത്രം. ബോളിംഗും ബാറ്റിംഗും ഫീൽഡിഗും ക്യാപ്റ്റൻസിയുമൊക്കെ ഒത്തു വന്നിരുന്ന കാലത്തും ഇത് തന്നെയായിരുന്നു അവസ്ഥ. ശരിക്കും കളിക്കളത്തിലെ പോരാട്ട വീര്യത്തിനും കളിമികവിനും അവർ ഒരു ലോക കിരീടം എന്നേ അർഹിക്കുന്നുണ്ട്.

ഇപ്പോഴിതാ ട്വന്റി 20 ലോക കപ്പ് ഫൈനലിൽ ഇന്ത്യയോട് തോറ്റ് കിരീടം കൈവിട്ടതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍. ഫൈനലിൽ സംഭവിച്ചത് ഏറെ വേദനിപ്പിക്കുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. എത്രമാത്രം താന്‍ വേദനിക്കുന്നുവെന്ന് പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. എങ്കിലും ഇത്ര വലിയ പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തനിക്ക് അഭിമാനമുണ്ടെന്നും മില്ലര്‍ പറഞ്ഞു. ഈ യാത്ര ഏറെ മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് മാസം ഉയര്‍ച്ചയും താഴ്ചയും ഉണ്ടായി. ടീമിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമായി തിരിച്ചുവരുമെന്നും ഡേവിഡ് മില്ലര്‍ വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ച ടീം അപ്രതീക്ഷിതമായി വീഴുകയായിരുന്നു. അതും ഡേവിഡ് മില്ലറിന്റെ വിക്കറ്റാണ് നിര്‍ണായകമായത്. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ 16 റണ്‍സ് വേണമായിരുന്നു. ആദ്യ പന്തില്‍ സിക്‌സ് അടിക്കാനുള്ള മില്ലറിന്റെ ശ്രമം ലോങ് ഓഫില്‍ സൂര്യകുമാര്‍ യാദവ് പിടികൂടി. അതും ഒരു അവിശ്വസനീയ ക്യാച്ച്. പിന്നാലെ ഏഴ് റണ്‍സ് അകലെ ദക്ഷിണാഫ്രിക്കന്‍ സംഘം ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS