09:20am 03 July 2024
NEWS
ബഹിരാകാശ നിലയം മസ്ക് എങ്ങനെയാണ് തകർക്കുന്നത് എന്നറിയേണ്ടേ?

29/06/2024  04:41 PM IST
nila
ബഹിരാകാശ നിലയം മസ്ക് എങ്ങനെയാണ് തകർക്കുന്നത് എന്നറിയേണ്ടേ?

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുന്നതിന് 84.3 കോടി ഡോളറിന്റെ (7035 കോടി രൂപയുടെ) കരാറാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എന്ന കമ്പനി നേടിയത്. 2030 ആകുമ്പോഴേക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കാനും ബഹിരാകാശത്ത് നിന്നും നീക്കം ചെയ്യാനുമാണ് നാസ പദ്ധതിയിടുന്നത്. 

അന്താരാഷ്ട്ര നിലയം പ്രവർത്തന ര​​ഹിതമായതിന് ശേഷമാണ് ബരികാരാശത്ത് നിന്നും നിലയം നീക്കം ചെയ്യാനുള്ള സ്പേസ് എക്സിന്റെ ദൗത്യം ആരംഭിക്കുക. അതിന് മുമ്പ് തന്നെ ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിന്ന് നീക്കുന്നതിനും ഭൗമാന്തരീക്ഷത്തിൽ ഇടിച്ചിറക്കുന്നതിനും വേണ്ടിയുള്ള ബഹിരാകാശ പേടകം വികസിപ്പിക്കുകയാണ് സ്‌പേസ് എക്‌സിന്റെ ചുമതല. സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും.

ഓരോ ഘട്ടങ്ങളായാവും ബഹിരാകാശ നിലയം തകർക്കുക. ആദ്യഘട്ടത്തിൽ സൗരോർജ പാനലുകളും, റേഡിയേറ്ററുകളും വേർപെടുത്തും. രണ്ടാം ഘട്ടത്തിൽ നിലയത്തിന്റെ നട്ടെല്ലെന്നറിയപ്പെടുന്ന ട്രസിൽ നിന്നും വിവിധ മോഡ്യൂളുകൾ വേർപെടുത്തും. ക്രമേണ ഇവയുടെ പ്രധാനഭാഗങ്ങൾ കത്തിയമരും. നശിക്കാതെ അവശേഷിക്കുന്ന വലിയ ഭാ​ഗങ്ങൾ സമുദ്രത്തിൽ പതിക്കും.

പസഫിക് സമുദ്രത്തിൽ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്താണ് ബഹിരാകാശ നിലയത്തിന്റെ കത്തിയമരാതെ അവശേഷിക്കുന്ന ഭാ​ഗങ്ങൾ പതിക്കേണ്ടത്. കരയിൽ നിന്ന് 2700 കീലോമീറ്റർ ദൂരുപരിധിയിലുള്ള ഈ സമുദ്രഭാഗം ബഹിരാകാശ ശ്മശാനം എന്നാണ് അറിയപ്പെടുന്നത്. പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളും മറ്റ് മനുഷ്യ നിർമിത ബഹിരാകാശ അവശിഷ്ടങ്ങളും വന്ന് പതിക്കാറുള്ളത് ഇവിടെയാണ്. മാത്രവുമല്ല ഈ മേഖലയിൽ ചരക്കുനീക്കം ഉൾപ്പടെയുള്ള മനുഷ്യന്റെ ഇടപെടൽ ഒട്ടുമില്ലാത്ത ഇടമാണ്.

1998-ൽ വിക്ഷേപിച്ച നിലയത്തിൽ 2000 മുതൽ സ്ഥിരമായ മനുഷ്യ സാന്നിധ്യമുണ്ട്. യഥാർത്ഥത്തിൽ 15 വർഷം വരെ പ്രവർത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 2028 ൽ ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തീരുമാനം. 2030 വരെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലയത്തിനുണ്ടെന്നും അതുവരെ പ്രവർത്തനം തുടരാനുമാണ് നാസയുടെ പദ്ധതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD