08:52am 08 July 2024
NEWS
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ; സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്
11/12/2023  08:02 AM IST
Sunny Lukose cherukara
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ; സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക.

2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹര്‍ജികളിലെ വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ്.

അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്. വാദങ്ങളില്‍ കോടതിയെ സഹായിക്കാൻ രണ്ട് അഭിഭാഷകരെയും നിയമിച്ചിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജമ്മുകശ്‌മീരിലെ ജനങ്ങളിലേക്ക്‌ എത്തുന്നതിന്‌ തടസ്സമായിരുന്നെന്ന്‌ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ഈ പ്രത്യേക അനുച്ഛേദം 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചു. ജമ്മുകശ്‌മീരിന്‌ പുറമേ ഇന്ത്യൻ യൂണിയനില്‍ ലയിച്ച മറ്റ്‌ നാട്ടുരാജ്യങ്ങള്‍ക്കും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. ഇതൊക്ക പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL