07:39am 03 July 2024
NEWS
കർണാടകത്തിൽ ശ്രീനാരായണ ഗുരു പഠനകേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യ
11/12/2023  11:41 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിൽ ശ്രീനാരായണ ഗുരു പഠനകേന്ദ്രം സ്ഥാപിക്കും:  മുഖ്യമന്ത്രി സിദ്ധരാമയ്യ
HIGHLIGHTS

 സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കമായിരുന്ന ജനവിഭാഗത്തിന്റെ  സർവ്വതോൻമുഖമായ ഉന്നമനത്തിനാണ് ഗുരു യത്നിച്ചത്

ബംഗളുരു: "ജനങ്ങളെ   വിവേചനമില്ലാതെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി സ്വജീവിതം സമർപ്പിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കമായിരുന്ന ജനവിഭാഗത്തിന്റെ  സർവ്വതോൻമുഖമായ ഉന്നമനത്തിനാണ് ഗുരു യത്നിച്ചത്. അദ്ദേഹത്തിന്റെ തത്വ ചിന്തകളും വീക്ഷണങ്ങളും ഇന്നും ഏറെ പ്രസക്തമാണ്" കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസ്താവിച്ചു. ആര്യ ഈഡിഗ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബംഗളുരു പാലസ് മൈതാനിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകത്തിലെ ഈഡിഗ സമുദായവും എസ് എൻഡിപി, ശ്രീനാരായണ സമിതി ഉൾപ്പെടെയുള്ള ഇരുപത്തഞ്ചോളം ഉപസമുദായങ്ങളും ചേർന്നുള്ള കൂട്ടായ്മയാണ് ആര്യ ഈഡിഗ സംഘം. ശ്രീനാരായണ ഗുരുവിനെ ആരാധിക്കുകയും ഗുരുചിന്തകൾ ആധാരമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളാണ് ഇവ.

"ഗുരുസൂക്തങ്ങൾ പുതുതലമുറയും ആഴത്തിലറിയേണ്ടതുണ്ട്. അതിനായി ആധുനിക സംവിധാനങ്ങളും ഗവേഷണ സൗകര്യവുമുള്ള ബ്രഹ്മശ്രീ നാരായണ ഗുരു പഠനകേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കും" സിദ്ധരാമയ്യ ഉറപ്പു നൽകി. "നിയമസഭാസമ്മേളനം നടക്കുന്നതിനാൽ ആര്യ ഈഡിഗ മുന്നോട്ട് വെച്ച മറ്റു ആവശ്യങ്ങൾ പരിഗണിക്കാൻ നിയമപരപരമായ തടസ്സമുണ്ട്. അവയെക്കുറിച്ച് പിന്നീട് ആലോചിക്കാം" മുഖ്യമന്ത്രി വ്യക്തമാക്കി. ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഈഡിഗ നേതാക്കളായ വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ, സൂപ്പർസ്റ്റാർ ശിവരാജ് കുമാർ, മറ്റു മന്ത്രിമാർ ,നേതാക്കൾ തുടങ്ങിയ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ഈഡിഗ സമുദായത്തിലെ പ്രമുഖനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ബി കെ ഹരിപ്രസാദ് സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL