11:43am 05 July 2024
NEWS
ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; ഗവർണർക്കെതിരെ രണ്ടാം ഹർജി സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍
08/11/2023  01:29 PM IST
web desk
ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; ഗവർണർക്കെതിരെ രണ്ടാം ഹർജി സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍
HIGHLIGHTS

2022 നവംബറിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സർക്കാർ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 

ന്യൂഡല്‍ഹി: ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ രണ്ടാം ഹർജിയും സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. 2022 നവംബറിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സർക്കാർ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 

വെള്ളിയാഴ്ച മറ്റ് ഹര്‍ജികള്‍ക്കൊപ്പം ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. എട്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തോളമായി തീരുമാനം വൈകുന്നത് ചോദ്യം ചെയ്താണ് കേരളം പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. പൊതുജനാരോഗ്യ ബില്‍ ഉള്‍പ്പടെയുള്ള ജനക്ഷേമ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതകാലം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് നിയമനിര്‍മ്മാണ സഭയോടുമുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നായിരുന്നു 2022 നവംബര്‍ 30ലെ ഹൈക്കോടതി വിധി. വിധി ചോദ്യം ചെയ്യാതിരിക്കുന്നത് അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന ആലോചനയെ തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയിരിക്കുന്നത്.

എട്ടു ബില്ലുകളിലാണ് ഗവർണർ ഇതുവരെയും ഒപ്പിടാഞ്ഞത്. നവംബർ 1 നാണ് ആദ്യ ഹർജി ഹർജി സർക്കാർ ഫയൽ ചെയ്തത്. രണ്ട് ബില്ലുകൾ പിടിച്ചുവെച്ചിട്ട് രണ്ട് വർഷത്തിലേറെയും മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹർജി നൽകിയത്.

ബില്ലുകൾ വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരേയാണ് ഗവർണറുടെ നടപടിയെന്നും ഹർജി പറയുന്നു.

അതേസമയം, നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരേ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത അധികാരികളല്ല തങ്ങളെന്ന വസ്തുത ഗവര്‍ണര്‍മാര്‍ മറക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം.

ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുന്നതുവരെ കാത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA