07:35am 29 June 2024
NEWS
ഭരണകൂട ഭീകരത സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ യുപിയിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല
09/05/2023  08:44 AM IST
ചെറുകര സണ്ണീലൂക്കോസ്
ഭരണകൂട ഭീകരത സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ യുപിയിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല
HIGHLIGHTS

യോഗി ആദിത്യനാഥ്   പ്രധാനമന്ത്രിയായാൽ: ആർ.എസ്.എസ്സിനും ഹിന്ദുത്വവാദികൾക്കും    യോഗി എന്തുകൊണ്ട് പ്രിയങ്കരനാകുന്നു ? - Part 2

പ്രതികളെ നീതിന്യായ കോടതിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കാതെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വധിക്കുന്നതും ബുൾഡോസറുപയോഗിച്ച് എതിരാളികളുടെ വീടുകളും കെട്ടിടങ്ങളുമൊക്കെ നിലംപരിശാക്കുന്നതും ഉൾപ്പെടെയുള്ള ഭരണകൂട ഭീകരത സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ യുപിയിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല.

ഗുണ്ടാ-രാഷ്ട്രീയനേതാവ് അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും കൊല്ലപ്പെട്ടതോടെ യോഗി സർക്കാരിന്റെ ആറുവർഷത്തെ ഭരണത്തിനിടെ നീതിന്യായ കോടതിക്ക് വിചാരണ നടത്തി ശിക്ഷ വിധിക്കാൻ വിട്ടുകൊടുക്കാതെ ഭരണകൂടം നേരിട്ടോ ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെയോ കൊല ചെയ്യപ്പെട്ട കുറ്റവാളികളുടെയോ കുറ്റാരോപിതരുടെയോ എണ്ണം 185 ആയി ഉയർന്നു.

ഇതിനിടെ 2023 ഏപ്രിൽ 18 ന് നടന്ന സംഭവം യു.പിയിലെ ക്രമസമാധാന പാലനത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖം തുറന്നുകാട്ടുന്നതായിരുന്നു. ഉത്തർപ്രദേശിലെ ഉന്നാവിൽ 2022 ഫെബ്രുവരിയിൽ പീഡനത്തിനിരയായ ദലിത് വിഭാഗത്തിൽപ്പെട്ട 11 വയസ്സുകാരി പെൺകുട്ടിയുടെ വീടിന് പ്രതികൾ തീവെച്ചതിനെ തുടർന്ന് രണ്ടും ആറും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഗുരുതരമായ പൊള്ളലേറ്റതായിരുന്നു ആ സംഭവം.

അതിജീവിതയുടെ 6 മാസം പ്രായമുള്ള കുഞ്ഞിനും 2 മാസം പ്രായമുള്ള സഹോദരിക്കുമാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ ഇരുവരും കോൺപൂർ ആശുപത്രിയിലാണ്. പീഡനത്തിനിരയായ 11 വയസ്സുകാരി പെൺകുട്ടി കഴിഞ്ഞ സെപ്തംബറിലാണ് പ്രസവിച്ചത്. അതിജീവിതയുടെ ബന്ധുക്കളെയും പ്രതികൾ സ്വാധീനിച്ചിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ തന്നെ ഏപ്രിൽ 13 ന് അതിജീവിതയുടെ പിതാവിനെ ആക്രമിച്ചിരുന്നു. പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനടുത്ത ദിവസം തങ്ങൾക്കെതിരായ പീഡനകേസ് പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയേയും അമ്മയേയും വീട്ടിൽ കയറി മർദ്ദിച്ചശേഷം പുല്ലുമേഞ്ഞ കുടിലിന് തീവയ്ക്കുകയായിരുന്നു.

'ബങ്കർമൗൽ' ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗറും സഹോദരനും ചേർന്ന് 18 കാരിയെ പീഡിപ്പിച്ച 2017 ലെ സംഭവത്തിൽ 'ഉന്നാവ്' എന്ന സ്ഥലം നേരത്തെ കുപ്രസിദ്ധി നേടിയിരുന്നതാണ്. പെൺകുട്ടിയുടെ പിതാവിനെ പോലീസും എം.എൽ.എയുടെ സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യപീഡനത്തിനുശേഷം പെൺകുട്ടിയെ സംഘം ചേർന്നുപീഡിപ്പിച്ചു. എം.എൽ.എക്കെതിരെ പരാതി ഉന്നയിച്ചതിന്റെ പേരിൽ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറിൽ ട്രക്കിടിപ്പിച്ചു. നീതിക്കുവേണ്ടിയുള്ള അലച്ചിലിനിടെ പെൺകുട്ടിക്ക് അച്ഛന്റെയും ബന്ധുക്കളുടെയും അടക്കം നാലുപേരുടെ ജീവൻ നഷ്ടമായി. ഉന്നാവ് ബലാൽസംഗക്കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി അമ്പരപ്പോടെ ചോദിച്ചത് ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്.

യു.പിയിലെ ഹാഥറസ് എന്ന സ്ഥലവും പൈശാചികമായ സ്ത്രീപീഡനത്തിന് കുപ്രസിദ്ധി നേടിയ സ്ഥലമാണ്. പത്തൊൻപതുകാരിയായ ദലിത് പെൺകുട്ടിയെ നാല് മേൽജാതിക്കാർ ബജ്‌റ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാൽക്കാരത്തിനിരയാക്കുകയും നട്ടെല്ലിന് ക്ഷതമേൽപ്പിച്ച്, നാവരിഞ്ഞ് വയലിൽ തള്ളുകയും ചെയ്തതായിരുന്നു ആദ്യസംഭവം. രണ്ടാഴ്ചയ്ക്കുശേഷം അവൾ മരിച്ചപ്പോൾ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കത്തിച്ചുകളയാൻ ഒരു മടിയുമുണ്ടായില്ല യോഗിയുടെ പോലീസിന്.

ഇതേ ഹാഥറസിൽ തന്നെ ആറുമാസത്തിനുശേഷം മറ്റൊരു മാനഭംഗക്കേസിൽ ഒരു മാസം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി ഗൗരവ് ശർമ്മ, തനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ ഗ്രാമത്തിലെ ക്ഷേത്രപരിസരത്തുവച്ച് വെടിവെച്ചുകൊന്ന സംഭവവും ഉണ്ടായി.

എന്തിന് നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 13 കാരിയെ ലളിത്പൂർ പാലി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയും ചില പോലീസുകാരും ബലാൽസംഗം ചെയ്തതും യു.പിക്ക് പേരുദോഷമായി മാറി. ഇങ്ങനെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് യോഗി ആദിത്യനാഥിന്റെ യു.പി.

ഭരണക്കാരുടെ പ്രതിലോമ നിലപാടുകൾക്കും നടപടികൾക്കുമെതിരെ പ്രതിഷേധിക്കുന്നവരുടെ വീടും മറ്റു നിർമ്മിതികളും ഇടിച്ചുനിരപ്പാക്കുക എന്ന ബി.ജെ.പി സർക്കാരുകളുടെ കിരാത നടപടിയിലും യു.പി ഒട്ടും പുറകിലായിരുന്നില്ല. പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധവുമായി യു.പിയിലെ പ്രയോഗ് രാജിൽ തെരുവിലിറങ്ങിയ ആക്ടിവിസ്റ്റുകളേയും സംഘടനാ  നേതാക്കളേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷം അവരുടെയൊക്കെ വീടുകൾ അനധികൃത നിർമ്മാണമെന്നാരോപിച്ച് ഇടിച്ചുനിരപ്പാക്കാൻ ഒരു മടിയും ഉണ്ടായില്ല യു.പി. സർക്കാരിന്.

അഞ്ചുതവണ നിയമസഭാംഗവും ഒരു തവണ ലോക്‌സഭാംഗവുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും പോലീസ് കസ്റ്റഡിയിൽ വെടിയേറ്റ സംഭവത്തെയും ഒരു നേട്ടമായി അവതരപ്പിക്കാൻ തയ്യാറാകുന്ന മുഖ്യമന്ത്രിയുള്ള സംസ്ഥാനത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

നൂറ്റമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു ക്രിമിനൽ മാഫിയ നേതാവ് എങ്ങനെ ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭയിലും ലോക്‌സഭയിലുമെത്തി എന്ന ചോദ്യത്തിനുത്തരം നൽകാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ബാധ്യതയുണ്ട്.

ബി.എസ്.പി എം.എൽ.എ രാജപാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിന്റെ വധത്തോടെയാണ് അതീഖ് അഹമ്മദിന് തിരിച്ചടികളേറ്റുതുടങ്ങുന്നത്. 2005 ലാണ് രാജപാൽ കൊല്ലപ്പെട്ടത്. ഉമേഷ്പാൽ ഈ വർഷം ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിലെ വസതിക്ക് പുറത്ത് വെടിയേറ്റുമരിക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഉമേഷിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ അതിഖ് അഹമ്മദ് അടക്കം 16 പേർക്കെതിരെ കേസ് എടുത്തിരുന്നു.

ഇവരെ കൊലപ്പെടുത്തിയത് അതീഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും  സംഘവും ചേർന്നാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. കൊലപാതകത്തിനുശേഷം പ്രതി ചേർക്കപ്പെട്ടതോടെ ഇവർ ഒളിവിൽ പോയി. അതേസമയം അതേ കേസിൽ അറസ്റ്റിലായ അതീഖ് അഹമ്മദിനെ പ്രയാഗ്‌രാജ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡിൽ വിട്ടിരുന്നു.

അതേ ദിവസമാണ് മകൻ കൊല്ലപ്പെട്ടത്. ഏപ്രിൽ 13 ന് അതീഖ് അഹമ്മദിന്റെ മകൻ ആസാദ്, സഹായി ഗുലാം എന്നിവരെ ഝാൻസിയിൽ വെച്ചാണ് പോലീസ് വെടിവച്ചുകൊന്നത്. ഉമേഷ് പാലിന്റെ വീട്ടിലേക്ക് ആസാദും സംഘവും എത്തിയെന്നുപറയുന്ന, വാഹനത്തിന്റെ ഡ്രൈവർ അരബാസിനെ ഫെബ്രുവരി 27 ന് പോലീസ് ഏറ്റുമുട്ടലിൽ വെടിവച്ചുകൊന്നിരുന്നു. മാർച്ച് 6 ന് പ്രതിയെന്നാരോപിക്കപ്പെടുന്ന ഉസ്മാനും പ്രയാഗ്‌രാജിൽ മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിക്കുകയായിരുന്നു.

ഏപ്രിൽ 13 ന് മകൻ കൊല്ലപ്പെട്ടപ്പോൾ പോലീസ് കസ്റ്റഡിയിലായിരുന്ന അതീഖ് അഹമ്മദിന് അറിയാമായിരുന്നു. താനും ഉടൻ കൊല്ലപ്പെടുമെന്ന്. മാർച്ച് 26 ന് ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് ഉത്തർപ്രദേശ് പോലീസ് പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകുമ്പോൾ യു.പി. പോലീസ് തന്നെ കൊലപ്പെടത്തുമെന്ന് ആതീഖ് അഹമ്മദ് പറഞ്ഞിരുന്നു. തന്നെ യു.പി ജയിലിലേക്ക് മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽമാറ്റം തടയണെമെന്നും അഭ്യർത്ഥിച്ച് അതീഖ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ പറഞ്ഞ് സുപ്രീംകോടതി ഒഴിയുകയായിരുന്നു.

പ്രയാഗ്‌രാജിലെ മെഡിക്കൽ കോളേജിലേക്ക് വൈദ്യപരിശോധനയ്ക്ക് എത്തിയ അതീഖും സഹോദരനും ജീപ്പിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുനിയുമ്പോൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ പ്രതികൾ പോലീസ് അനങ്ങാൻ പോലും തയ്യാറാകാതിരിക്കെ 14 തവണയോളം തൊട്ടടുത്തുനിന്ന് വെടിയുതിർത്തു. കൊലപാതകത്തിനുശേഷം അക്രമികൾ ജയ്ശ്രീറാം വിളിക്കുകയും ചെയ്തു. 11 തത്സമയ ക്യാമറകൾക്ക് മുന്നിലാണ് ഈ കൊലപാതകങ്ങൾ നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE