11:44am 05 July 2024
NEWS
ലോക്സഭാ തെരഞ്ഞെടുപ്പിന് മണ്ണൊരുക്കി നവകേരള സദസ്
20/11/2023  05:54 PM IST
nila
ലോക്സഭാ തെരഞ്ഞെടുപ്പിന് മണ്ണൊരുക്കി നവകേരള സദസ്
HIGHLIGHTS

ചിട്ടയായ സംഘാടനമാണ് നവകേരള സദസ്സിനെ ശ്രദ്ധേയമാക്കുന്നത്.

കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് നവകേരളസദസ്. നവ കേരള സദസ്സിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ എതിർക്കുമ്പോഴും ജനസദസിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. അതുപോലെ തന്നെ യുഡിഎഫിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും കഴിഞ്ഞു എന്നാണ് സിപിഎം വിലയിരുത്തുന്നത്. മുസ്ലീം ലീ​ഗ് നേതാക്കളും പ്രവർത്തകരും നവകേരള സദസ്സിലേക്ക് എത്തുമെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുന്നത് തന്നെ യുഡിഎഫ് നേതാക്കളെ അങ്കലാപ്പിലാക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തങ്ങളുടെ സംഘടനാ സംവിധാനത്തെ സർക്കാർ ചിലവിൽ സജ്ജമാക്കുകയാണ് ഇടതു മുന്നണി എന്ന വിമർശനവും ഉയരുന്നുണ്ട്. 

ചിട്ടയായ സംഘാടനമാണ് നവകേരള സദസ്സിനെ ശ്രദ്ധേയമാക്കുന്നത്. മുഖ്യമന്ത്രി പരാതികൾ നേരിട്ട് സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപം ഉയർത്താൻ ശ്രമിക്കുമ്പോഴും മുഖ്യമന്ത്രി പരാതികൾ കയ്യിൽ വാങ്ങാൻ ശ്രമിച്ചാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് സർക്കാർ സംവിധാനങ്ങളെ ഉപയോ​ഗിച്ച് പരാതികൾ വാങ്ങുന്നത്. നവകേരള സദസ്സിന്റെ ക്രമസമാധാന ചുമതലയുള്ള പൊലീസുകാരുടെ ജനങ്ങളോടുള്ള പെരുമാറ്റം പോലും വളരെ സൗഹാർദ്ദപരമാണെന്നത് പരിപാടിയുടെ ജനകീയത വർധിപ്പിക്കുന്നുണ്ട്.

മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള ബസ് സംബന്ധിച്ച് ചില മാധ്യമങ്ങളും യുഡിഎഫ് - ബിജെപി സൈബർ പോരാളികളും നടത്തിയ കുപ്രചരണങ്ങളും ബസ് റോഡിലെത്തിയതോടെ പൊളിഞ്ഞിരുന്നു. ഇരുപത് മന്ത്രിമാരും സ്വന്തം കാറുകളിൽ പരിപാടിയിലേക്കെത്തിയാൽ ജനങ്ങൾക്കുണ്ടാകുമായിരുന്ന ബുദ്ധിമുട്ട് ഇതിലും വലുതാകുമായിരുന്നു. കാബിനറ്റ് ബസ് ഒരു ആഡംബര ബസാണെന്ന പ്രചാരണവും പൊളിഞ്ഞു.

ഇതിന് പിന്നാലെയാണ് നവകേരള സദസ്സിൽ ലീഗിന്റെ നേതൃനിരയിലുള്ള എൻ.എ. അബൂബക്കറുടെ സാന്നിധ്യം പ്രതിപക്ഷത്തെ വെട്ടിലാക്കിയത്. കഴിഞ്ഞ ദിവസം നവകേരള സദസ്സിൻറെ പ്രഭാതയോഗത്തിലാണ് അബൂബക്കർ എത്തിയത്. കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകർ വിശദീകരിക്കുമ്പോഴും മുസ്ലീം ലീ​ഗ് നേതാവ് പരിപാടിയിലെത്തിയത് രാഷ്ട്രീയ വിജയമായെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്. എന്നാൽ, എൻ എ അബുബക്കർക്ക് പാർട്ടിയിൽ ഔദ്യോ​ഗിക ചുമതലകൾ ഒന്നുമില്ലെന്നാണ് മുസ്ലീം ലീ​ഗ് നേതാക്കൾ വ്യക്തമാക്കുന്നത്.

എന്നാൽ, നവകേരള സദസ്സിനെ അതിന്റെ വഴിക്ക് വിടാൻ പ്രതിപക്ഷം ഒരുക്കമല്ല എന്ന സുചനകളാണ് പുറത്തുവരുന്നത്. ഇന്നും അതിരൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് നവകേരള സദസ്സിനെ വിമർശിച്ചത്. ജനങ്ങളെ കബളിപ്പിച്ച സർക്കാർ അത് മറയ്ക്കാൻ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ ആരോപണം.ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്സിൽ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

 അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതികൾ പോലും പരിഹരിക്കപ്പെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ചെലവിൽ നടക്കുന്ന നാടകമാണിതെന്നും എന്തു പ്രയോജനമാണ് ഇതു കൊണ്ട് ഉണ്ടാകുന്നതെന്നും വിഡി സതീശൻ ചോദിച്ചു. 9 ലക്ഷം പേർ ലൈഫിൽ വീടിന് കാത്തിരിക്കുകയാണ്. സപ്ലൈക്കോ പൂട്ടാറായി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പോലും പണം നൽകാത്ത സർക്കാർ കെട്ടുകാഴ്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  യുഡിഎഫിലെ ഒരാളും ഇതിന്റെ ഭാഗമാവില്ലെന്ന് ആവർത്തിച്ച സതീശന് മുസ്ലീം ലീ​ഗിലെ ചില നേതാക്കളുടെ പ്രസ്താവനയെ കുറിച്ചും പ്രതികരിക്കേണ്ടി വന്നു. എൻ എ നെല്ലിക്കുന്ന് നവകേരള സദസിനെ പരിഹസിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 

നവകേരള സദസ് ഇടതു മുന്നണിയുടെ രാഷ്ട്രീയ പ്രചരണമാണെന്ന് പ്രതിപക്ഷവും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കേവലം വിമർശനങ്ങളിൽ ഒതുങ്ങാതെ ക്രിയാത്മകമായി പ്രവർത്തിക്കാൻ തന്നെയാണ് യുഡിഎഫും ശ്രമിക്കുന്നത്. നവകേരള സദസ്സിന് ബദൽ പരിപാടിയാണ് യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. ഡിസംബർ രണ്ടു മുതൽ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA