08:04am 03 July 2024
NEWS
വെള്ളാപ്പള്ളിയുടേയും മകന്‍റേയും ഫോട്ടോയുമായിറങ്ങിയാല്‍ കെട്ടി വെച്ച കാശ് കിട്ടില്ല -സുഭാഷ് വാസു (ബി.ഡി.ജെ.എസ് പ്രസിഡന്‍റ്)
10/09/2020  12:31 PM IST
KERALASABDAM
വെള്ളാപ്പള്ളിയുടടേയും മകന്‍റേയും  ഫോട്ടോയുമായിറങ്ങിയാല്‍ കെട്ടി വെച്ച കാശ് കിട്ടില്ല സുഭാഷ് വാസു (ബി.ഡി.ജെ.എസ് പ്രസിഡന്‍റ്)
HIGHLIGHTS

കോടിക്കണക്കിന് രൂപയുടെ ഇന്‍കം ടാക്സ്  വെട്ടിപ്പാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ആയിരിക്കണക്കിന് ജനങ്ങളെയല്ലിയോ അഡ്മിഷന്‍റെ കാര്യത്തിലും മറ്റും പിഴിഞ്ഞിട്ടുള്ളത്. ഒരാള്‍ക്കെങ്കിലും രശീത് കൊടുത്തിട്ടുണ്ടോ? ഉദ്യോഗത്തിന് പണം കൊടുത്തിട്ട്, മറ്റ് ഉദ്യോഗം കിട്ടിപ്പോകുമ്പോള്‍ പണം മടക്കിക്കൊടുത്തിട്ടില്ല. ഇങ്ങനൊരു വ്യക്തിയെ ഗവണ്‍മെന്‍റ് സംരക്ഷിക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതൊക്കെക്കൊണ്ടാണ് ഞാന്‍ പറയുന്നത്, വെള്ളാപ്പള്ളി നടേശന്‍റെയും മകന്‍റേയും ഫോട്ടോയുമായി ഏത് പ്രസ്ഥാനം ഇറങ്ങിയാലും അവര്‍ക്ക് കെട്ടിവച്ചകാശ് കിട്ടില്ല. 

കേരള രാഷ്ട്രീയത്തില്‍ ഈഴവരാദി  പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റം മുന്നില്‍ കണ്ട് ആറുവര്‍ഷം മുന്‍പ് രൂപം കൊണ്ട ബി.ഡി.ജെ.എസും രണ്ടായി. ബി.ഡി.ജെ.എസിന്‍റെ രജിസ്റ്റേര്‍ഡ് പ്രസിഡന്‍റായ സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം, തുഷാര്‍ വെള്ളാപ്പള്ളിയേയും കൂട്ടരേയും ഒഴിവാക്കിക്കൊണ്ടാണ് ബി.ഡി.ജെ.എസിനെ, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പുനരുജ്ജീവിപ്പിക്കുന്നത്.


സുഭാഷ് വാസുവുമായി 'കേരളശബ്ദം' നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്.


? ഒടുവില്‍ ബി.ഡി.ജെ.എസും രണ്ടായി. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇങ്ങനെനെടുകെ പിളര്‍ന്നുമാറിയ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം വേറെ കാണുമെന്ന് തോന്നുന്നില്ല. അതിന് ചുക്കാന്‍ പിടിച്ച വ്യക്തി എന്ന നിലയില്‍ എന്താണ് താങ്കളുടെ വിലയിരുത്തല്‍.


ബി.ഡി.ജെ.എസില്‍ സംഭവിച്ചത് ഒരു പിളര്‍പ്പല്ല. 2014 കാലത്ത് രൂപം കൊണ്ട ബി.ഡി.ജെ.എസ് ഇതാദ്യമായി, അതിന്‍റെ യഥാര്‍ത്ഥ അവകാശികളുടെ കയ്യില്‍ എത്തിച്ചേരുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒത്തിരി നല്ല ഉദ്ദേശലക്ഷ്യങ്ങളോടെ രൂപീകരിച്ച ബി.ഡി.ജെ.എസിനെ ഇത്രയും കാലം സ്വന്തം വ്യാവസായിക സാമ്പത്തിക നേട്ടത്തിനായി സമ്മര്‍ദ്ദരാഷ്ട്രീയം കളിക്കുവാനുള്ള ഉപകരണമാക്കി മാറ്റുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി ചെയ്തത്. അതിനൊരന്ത്യം വരുത്തി പാര്‍ശ്വവര്‍ത്തികളുടേയും സ്തുതി പാഠകരുടെയും കയ്യില്‍നിന്നു ബി.ഡി.ജെ.എസിനെമോചിപ്പിച്ച് യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ കൈകളില്‍ എത്തിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.


ഇന്നിപ്പോള്‍ ബി.ഡി.ജെ.എസിന്‍റെ എല്ലാമെല്ലാം താനാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുമ്പോള്‍ സുഭാഷ് വാസു എന്ന ഞാനാണ് അതിന്‍റെ പ്രസിഡന്‍റ് എന്നും, എന്‍റെ പേരിലാണ് ബി.ഡി.ജെ.എസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമുള്ളതിന്‍റെ എല്ലാ രേഖകളും ഇലക്ഷന്‍ കമ്മിഷനുമുന്നിലുണ്ട്. പാന്‍ കാര്‍ഡുണ്ട്. ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകള്‍ ഒക്കെയുണ്ട്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അഞ്ച്  മണ്ഡലങ്ങളില്‍ തുഷാറിനുള്‍പ്പെടെ റെക്കമന്‍റ് ചെയ്തത് ഞാനാണ്. പാര്‍ട്ടി പ്രസിഡന്‍റ് എന്ന നിലയില്‍ ആ സമയത്തും തുഷാര്‍ പറഞ്ഞുകൊണ്ടിരുന്നത് താനാണ് പ്രസിഡന്‍റ് എന്നാണ്.  അത്തരത്തില്‍ വിടുവായിത്തം പറയുന്ന ഒരു മനുഷ്യന്‍റെ കയ്യില്‍ യാതൊരുവിധ ജനാധിപത്യ മര്യാദയുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാര്‍ട്ടി ഇപ്പോള്‍ വെള്ളാപ്പള്ളി കുടുംബത്തില്‍ നിന്ന് വിടുതല്‍ നേടി ജനാധിപത്യമര്യാദയോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ പോവുകയാണ്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ജില്ലാ കമ്മിറ്റി ഓഫീസുകളായി. തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റി ഓഫീസുമായി. അതേസമയം തുഷാറിന്‍റേതെന്ന് അയാള്‍ പറയുന്ന പാര്‍ട്ടിക്ക് ഒരു സംസ്ഥാനകമ്മിറ്റി ഓഫീസുപോലുമില്ല.


തുടക്കക്കാലത്ത് അഞ്ചാറുമാസം സംസ്ഥാനകമ്മിറ്റി ഓഫീസും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതൊന്നും പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചില്ല. അതെന്നല്ല യഥാര്‍ത്ഥ സംഘടനാ പ്രവര്‍ത്തനവും അനുവദിച്ചില്ല. അങ്ങനെജനാധിപത്യ മര്യാദയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുവാന്‍ പറ്റാത്തതുകൊണ്ടാണ്,  പാര്‍ട്ടിയെ  അവരില്‍നിന്നും അടര്‍ത്തിമാറ്റി, കേരളത്തിലെ ജനങ്ങള്‍ക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റണം എന്ന ചിന്തയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത്.

 

16-30 സെപ്തംബര്‍  2020 ലക്കത്തില്‍

Photo Courtesy - keralasabdam

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA