07:48am 03 July 2024
NEWS
വെള്ളാപ്പള്ളിക്ക്
കള്ളുഷാപ്പും വിദ്യാലയങ്ങളും
ഒരുപോലെ
-സുഭാഷ് വാസു

13/01/2020  10:38 AM IST
KERALASABDAM
വെള്ളാപ്പള്ളിക്ക് കള്ളുഷാപ്പും വിദ്യാലയങ്ങളും  ഒരുപോലെ -സുഭാഷ് വാസു
HIGHLIGHTS

ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഗുരു കൊടുത്തിരുന്നത് വിദ്യാലയങ്ങള്‍ക്കായിരുന്നു. കാരണം വിദ്യ ഉണ്ടായെങ്കില്‍ മാത്രമേ ഒരുവന് തിരിച്ചറിവും, ആത്മീയവും ഭൗതികവുമായ ഉന്നതിയും ഉണ്ടാവുകയുള്ളൂ. 

 

കൂടെക്കിടക്കുന്നവര്‍ക്കേ പനിയുടെ ചൂടറിയൂ. എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്‍റും, എസ്.എന്‍.ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും, സ്പൈസസ് ബോര്‍ഡ്  ചെയര്‍മാനുമൊക്കെയായ സുഭാഷ് വാസു കഴിഞ്ഞ 15 വര്‍ഷക്കാലം വെള്ളാപ്പള്ളി നടേശന്‍റെ സന്തത സഹചാരിയായിരുന്നു. വെള്ളാപ്പള്ളി ചെയ്തുകൊണ്ടിരുന്ന പല പ്രവര്‍ത്തികളും നിശ്ശബ്ദം വീക്ഷിക്കേണ്ടി വന്ന അനുചരന്‍. 
 സുഭാഷ് വാസുവിന്‍റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ അതൊരു ശക്തിസംഭരണകാലമായിരുന്നു. വെള്ളാപ്പള്ളിക്കെതിരേ രംഗത്തുവരാനുള്ള ശക്തിസംഭരണകാലം ഇന്നിപ്പോള്‍ ആ കാലം വന്നു എന്ന് വിശ്വസിക്കുന്ന സുഭാഷ് വാസു വെള്ളാപ്പളളിക്കെതിരെ പൊരിഞ്ഞ പോരിലാണ്.


സുബാഷ് വാസുവുമായി 'കേരളശബ്ദം' നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്...


? എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും അദ്ദേഹത്തിന്‍റെ മകനും ബി.ഡി.ജെ.എസ് പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളിയുമായും വളരെ അടുത്തബന്ധമായിരുന്നല്ലോ താങ്കള്‍ക്കുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഇനിയൊരടുപ്പം അസാധ്യമാകുംവിധം  തമ്മില്‍ അകന്നിരിക്കുന്നു. എന്താണ് ഈ അകല്‍ച്ചയ്ക്ക് കാരണം.


ഗുരുദേവന്‍ ധര്‍മ്മപ്രചാരണാര്‍ത്ഥം സ്ഥാപിച്ച ഒരു സ്ഥാപനമാണ് ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ആ ആശയങ്ങളും ആ ധര്‍മ്മത്തിന്‍റെ മൂല്യവും അതേ ശക്തിയോടുകൂടി ഇന്നും നിലനില്‍ക്കുന്നു എന്നുള്ളതു തന്നെ, മറ്റേത് ദിവ്യപുരുഷന്‍മാരില്‍ നിന്നും വ്യത്യസ്തമായി ശ്രീനാരായണ ഗുരുവിന്‍റെ ആശയാദര്‍ശങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ പ്രസക്തിയുണ്ട് എന്നാണ് തെളിയിക്കുന്നത്. അത്രയും ദൈവികമായ ശക്തിയുള്ള ഒരാചാര്യന്‍റെ അല്ലെങ്കില്‍ ഗുരുവിന്‍റെ വീക്ഷണങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ചിന്തകള്‍ക്കും സമൂഹത്തില്‍ പരിവര്‍ത്തനം ഉള്‍ക്കൊണ്ട് അദ്ദേഹം എന്തെല്ലാം വിഭാവന ചെയ്തിട്ടുണ്ടോ അതിനൊക്കെ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഗൂഢസംഘമായിട്ടാണ് കഴിഞ്ഞ ഇരുപത്തിമൂന്നുവര്‍ഷമായി എസ്.എന്‍.ഡി.പിയോഗവും എസ്.എന്‍.ട്രസ്റ്റും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


? എന്നുപറയുമ്പോള്‍, താങ്കളും  ഈ ഗൂഢസംഘത്തിന്‍റെ ഒരു ഭാഗമായിരുന്നു എന്നല്ലേ കരുതേണ്ടത്.


ഞാന്‍ പത്തുവര്‍ഷക്കാലം ശാഖാപ്രസിഡന്‍റായിരുന്നു. പിന്നെ പതിനാലുവര്‍ഷമായി യോഗവുമായും ഒമ്പത് വര്‍ഷമായി ട്രസ്റ്റുമായും അടുത്ത ബന്ധത്തിലാണ്. അതായത്, ശാഖ, യൂണിയന്‍ തുടങ്ങി പത്തിരുപത്തിനാലുവര്‍ഷത്തെ പാരമ്പര്യം എന്‍റെ സംഘടനാപ്രവര്‍ത്തനത്തിനുണ്ടെന്നു സാരം. പക്ഷേ കഴിഞ്ഞ എട്ടോ ഒന്‍പതോ വര്‍ഷക്കാലത്ത് മാത്രമാണ് അതിലേക്കൊക്കെ കൂടുതലായി ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയത്.
ട്രസ്റ്റിലേക്ക് വരുമ്പോള്‍ എന്‍റെ ഒരു ധാരണ, അവിടെ അഡ്മിഷനും പോസ്റ്റിംഗിനും വാങ്ങുന്ന പണം അവിടേക്കുതന്നെ വരുന്നു എന്നായിരുന്നു. എന്നാല്‍ ട്രസ്റ്റിനകത്ത് വന്നപ്പോഴും എത്ര പോസ്റ്റുകളിലേക്ക് ഒഴിവുവരുന്നുണ്ടെന്നോ, എത്ര പണം വാങ്ങുമെന്നോ ഒന്നും എന്നോട് ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. അതൊന്നും ഞാനത്ര കാര്യമായി എടുത്തിരുന്നതുമില്ല. പക്ഷേ ഇരുപത്തിമൂന്ന് വര്‍ഷത്തിനിടെ ആയിരക്കണക്കിന് പോസ്റ്റിംഗ് ഉണ്ടായി എന്ന് അടുത്തകാലത്ത് അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ മൂന്നുനാലുവര്‍ഷമായി അത് ഞാന്‍ ശ്രദ്ധയോടെ നോക്കിവരികയായിരുന്നു. അന്നൊക്കെ ട്രസ്റ്റില്‍ ക്രമക്കേട് ആരോപിച്ച് ആളുകള്‍ സമരം ചെയ്യുമ്പോള്‍ അതൊക്കെ ശത്രുക്കളുടെ ചുമ്മാ ചെയ്തികളാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ പിന്നീട് അതിലേക്ക് ഇറങ്ങിച്ചെല്ലുകയും പഠിക്കുകയും ചെയ്തപ്പോഴാണ്, സമരക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്ന കാര്യങ്ങള്‍ പലതും വാസ്തവമായിരുന്നെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമേ ട്രസ്റ്റ് എക്സിക്യുട്ടീവില്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളൂ. അപ്പോഴാണ് മനസ്സിലായത്, അഡ്മിഷന്‍ ഇനത്തില്‍ മാത്രം കോടികളാണ് പ്രതിവര്‍ഷം വന്നുചേരുന്നതെന്ന്. കഴിഞ്ഞവര്‍ഷം 11.5 കോടി രൂപ അഡ്മിഷന്‍ ഇനത്തില്‍ വന്നുചേര്‍ന്നെങ്കിലും 3.5 കോടി രൂപയുടെ നഷ്ടക്കണക്കാണ് കാണിച്ചത്.


ഗുരു വീടുകള്‍ കയറി ഭിക്ഷയെടുത്താണ് സ്ഥാപനങ്ങളുണ്ടാക്കിയത്. ആ മാതൃകയും മഹത്വവും ഉള്‍ക്കൊണ്ട് ആര്‍. ശങ്കറിനെപ്പോലുള്ള മഹാന്മാര്‍ പില്‍ക്കാലങ്ങളില്‍ ശ്രമിച്ചതിന്‍റെ ഫലമായാണ് കൊല്ലം കോളേജുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്. അത് കേരളത്തിലെ സാധാരണക്കാരായ പിന്നോക്കവിഭാഗക്കാര്‍ക്ക് പഠിക്കുവാന്‍ സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഗുരു കൊടുത്തിരുന്നത് വിദ്യാലയങ്ങള്‍ക്കായിരുന്നു. കാരണം വിദ്യ ഉണ്ടായെങ്കില്‍ മാത്രമേ ഒരുവന് തിരിച്ചറിവും, ആത്മീയവും ഭൗതികവുമായ ഉന്നതിയും ഉണ്ടാവുകയുള്ളൂ. 

ജനുവരി 16-31 ലക്കത്തില്‍

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW