10:04am 08 July 2024
NEWS
സ്ട്രിക്ടായ പ്രിൻസിപ്പാൾ സിനിമയിൽ സ്ത്രീവേഷം ചെയ്തപ്പോൾ സ്കൂളിലെ പെൺകുട്ടികളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം
28/06/2022  08:58 AM IST
എം.എസ്. ദാസ് മാട്ടുമന്ത
സ്ട്രിക്ടായ പ്രിൻസിപ്പാൾ സിനിമയിൽ സ്ത്രീവേഷം ചെയ്തപ്പോൾ സ്കൂളിലെ പെൺകുട്ടികളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം
HIGHLIGHTS

സുധീർ കരമനയുടെ അഞ്ജനം വീട്ടിൽ എല്ലാവരും തിരക്കിലാണ്‌, മധുരമീ ജീവാമൃത ബിന്ദു

കരമന ജനാര്ദ്ദനന് നായര്ക്ക് മകന് സുധീറിനെക്കുറിച്ച് വല്ലാത്ത പ്രതീക്ഷയായിരുന്നു. പഠിക്കുന്ന കാലത്ത് കലാമത്സരങ്ങളിലൊക്കെ സുധീര് ഒന്നാമതെത്തിയപ്പോള് പത്രങ്ങള്ക്ക് അതൊരു വാര്ത്തയായിരുന്നു. മകന് അച്ഛന്റെ പാരമ്പര്യം കാത്തു, കരമനയുടെ മകന് ഒന്നാം സ്ഥാനം തുടങ്ങിയ വാര്ത്തകള് കരമനയുടെ മനസ്സിലും സന്തോഷം പകര്ന്നു. 

പക്ഷേ, കലാരംഗത്ത് ശോഭിച്ചു നില്ക്കുന്ന മകന് നല്ലൊരു ജോലി ലഭിക്കണമെന്നത് കരമനയുടെ ആഗ്രഹമായിരുന്നു. കരമന ജനാര്ദ്ദനന് നായര് സിനിമയില് സജീവമായിരുന്ന ഘട്ടത്തിലാണ് സുധീര് കരമന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. കരമനയുടെ മകനെന്ന നിലയിലുള്ള ഇമേജും, പ്രക്ഷുബ്ധമായ യൗവ്വനത്തിന്റെ ആര്ജ്ജവവും സുധീര് കരമനയെ എസ്.എഫ്.ഐയിലെത്തിച്ചു. കോളേജില് സുധീര് കരമന എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലുള്ള സംസ്കാരയെന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റായിരുന്നു. 

89 ലെ കോളേജ് കലോത്സവത്തില് ഫാന്സിഡ്രസ്സ് മത്സരത്തില് ഒന്നാംസമ്മാനം ലഭിച്ച സുധീറിന് സമ്മാനം നല്കിയത് മുഖ്യാതിഥിയായി പങ്കെടുത്ത അച്ഛന് കരമന ജനാര്ദ്ദനന് നായരായിരുന്നു. ഇതേവര്ഷം നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലും ഫാന്സിഡ്രസ്സില് ഒന്നാംസമ്മാനം ലഭിച്ചപ്പോള് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരില് നിന്ന് സമ്മാനം ഏറ്റുവാങ്ങിയ സുധീര് കരമന കോളേജിലെ മൂന്നാംവര്ഷ ബിരുദ വിദ്യാര്ത്ഥിയായിരുന്നു.

ഒരുദിവസം യൂണിവേഴ്സിറ്റി കോളേജില് വിദ്യാര്ത്ഥികള് തമ്മില് അടിയുണ്ടായി. രാഷ്ട്രീയപശ്ചാത്തലത്തിലുണ്ടായ സംഘട്ടനമായതിനാല് എസ്.എഫ്.ഐ നേതാവായിരുന്ന സുധീര് കരമനയെ പോലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ചു.വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സിനിമാതാരമായ അച്ഛന് കരമന ജനാര്ദ്ദനന്നായര് മകനെ പോലീസ് സ്റ്റേഷനില് നിന്നും ഇറക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ കോളേജ് രാഷ്ട്രീയത്തില് പ്രവര്ത്തിക്കുവാന് സുധീര് കരമനയ്ക്ക് അവസരം ലഭിക്കാതെ പോയി. ഇപ്പോള്, കരമന ജനാര്ദ്ദനന്നായരുടെ മകന് സുധീര് കരമന കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയില് നിറഞ്ഞുനില്ക്കുകയാണ്. താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഏറ്റവും കൂടുതല് വോട്ട് നേടി വിജയിച്ച സുധീര് കരമന ഒരുപാട് ഇഷ്ടത്തോടെ തന്റെ ഹൃദയത്തോട് ചേര്ത്ത് നിര്ത്തിയ അധ്യാപക ജീവിതത്തില് നിന്നും വി.ആര്.എസ് എടുത്തിരിക്കുന്നു.

ഇനി, നമുക്ക് സുധീര് കരമനയുടെ കുടുംബവിശേഷങ്ങളിലേക്ക് കടക്കാം. തിരുവനന്തപുരം ബൈപ്പാസില് ലുലുമാളിന് സമീപം ആനയറയിലുള്ള അഞ്ജനം എന്ന വീട്ടില് ഇപ്പോള് സുധീര് കരമനയും ഭാര്യയും മക്കളുമുണ്ട്. ഇവര് ഒന്നിച്ചുകൂടുമ്പോള് പഴയ പാട്ടുകളുടെയും പുതിയ കാലത്തെ വെസ്റ്റേണ് മ്യൂസിക്കിന്റെയും വഴികളിലൂടെ സഞ്ചരിക്കുന്നു. ഭാര്യ അഞ്ജന ശാസ്തമംഗലം ആര്.കെ.ഡി.എന്.എസ്.എസ് ഹയര് സെക്കണ്ടറി സ്ക്കൂളിലെ രസതന്ത്രം അധ്യാപികയാണ്. മൂത്തമകന് സൂര്യനാരായണന്, ബി.ടെക് പഠനം പൂര്ത്തിയാക്കി ഇന്റര്നാഷണല് ബിസിനസ്സ് മാനേജ്മെന്റ് പഠനത്തിനായി വിദേശത്ത് പോവാനുള്ള തയ്യാറെടുപ്പിലാണ്. മകള് ഗൗരി കല്യാണി ബാംഗ്ലൂരിലെ രാജരാജേശ്വരി മെഡിക്കല് കോളേജില് രണ്ടാംവര്ഷ എം.ബി.ബി.എസ് വിദ്യാര്ത്ഥിനിയാണ്.

ആമുഖമായി സുധീര് കരമനയാണ് സംസാരിച്ചു തുടങ്ങിയത്. അധ്യാപനം അതിമധുരമെന്ന് പറയുന്നതുപോലെ ഏറെ ഇഷ്ടപ്പെട്ട അധ്യാപകവൃത്തിയില് നിന്ന് വി.ആര്.എസ് എടുക്കേണ്ടി വന്നപ്പോള് എന്തുതോന്നിയെന്ന് ചോദിച്ചപ്പോള് സുധീര് കരമന ഇങ്ങനെ പറഞ്ഞു.

ഇരുപത്തിമൂന്നാമത്തെ വയസ്സില് അധ്യാപകനായി ജോലിയില് പ്രവേശിച്ചയാളാണ് ഞാന്. ബി.എഡ.് കഴിഞ്ഞ് സെന്ട്രല് ഫോര് എര്ത്ത് സയന്സ് സ്റ്റഡീസില് ജോലിക്ക് ചേര്ന്നെങ്കിലും മനസ്സില് അധ്യാപകനാവണമെന്ന മോഹമായിരുന്നു. പിന്നെ, ആ ജോലി ഉപേക്ഷിച്ച് കവടിയാറിലെ ക്രൈസ്റ്റ് നഗര് സ്ക്കൂളില് അധ്യാപകനായി ചേര്ന്നു. പിന്നീട് 1993 ല് ഖത്തറിലേക്ക് പോയി. അവിടുത്തെ എം.ഇ.എസ് ഇന്ത്യന് സ്ക്കൂളില് അധ്യാപകനായി ചേര്ന്നു. ഈ വിദ്യാലയത്തില് ബാസ്കറ്റ് ബോള് കോച്ചായും കള്ച്ചറല് സെന്ററിന് വേണ്ടി പ്രോഗ്രാമുകള് ചെയ്യാനും ഞാന് മുന്നിലുണ്ടായിരുന്നു. 1998 ലാണ് ഖത്തറില് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് ഒരു ഗവ. എയ്ഡഡ് ഹയര് സെക്കണ്ടറി സ്ക്കൂളില് അധ്യാപകനായി ജോലിയില് പ്രവേശിച്ചു. 2001 ല് മൂവായിരത്തോളം പെണ്കുട്ടികള് പഠിക്കുന്ന ഈ വിദ്യാലയത്തിലെ പ്രിന്സിപ്പാളായി ചുമതലേയറ്റു. അന്നെനിക്ക് മുപ്പത് വയസ്സായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രിന്സിപ്പല് ഞാനായിരുന്നു. കഴിഞ്ഞ 21 വര്ഷമായി ഞാന് തന്നെയായിരുന്നു പ്രിന്സിപ്പാള്. ജോലിയില് നിന്ന് വി.ആര്.എസ് എടുത്തെങ്കിലും സിനിമയില് തിരക്ക് കുറയുമ്പോള് അധ്യാപകന്റെ റോളില് ഞാനുണ്ടാവും.

സിനിമയില് അഭിനയിക്കുന്നതിന് എനിക്കെന്നും പ്രോത്സാഹനവും സഹകരണവും നല്കിയത് സ്ക്കൂളിന്റെ മുന് മാനേജര് അഡ്വ. ഗിരീഷ് കുമാറാണ്. അദ്ദേഹം നല്കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാനാവില്ല.

സുധീര് കരമനയുടെ ജീവിത സഖിയായ അഞ്ജന തിരുവനന്തപുരം സെക്രട്ടറിയേറ്റില് നിന്നും അഡീഷണല് സെക്രട്ടറിയായി വിരമിച്ച രാജശേഖരന് നായരുടേയും രാജകുമാരിയുടേയും മകളാണ്. സിനിമയില് തിരക്കേറിയതോടെ അധ്യാപക ദമ്പതികളിലൊരാളായ ഭര്ത്താവ് സുധീര് കരമന അധ്യാപക ജീവിതത്തില് നിന്ന് വി.ആര്.എസ് എടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള് അഞ്ജന ടീച്ചറുടെ മറുപടി ഇങ്ങനെ.

പന്തളം എന്.എസ്.എസ് കോളേജില് നിന്ന് പി.ജി കഴിഞ്ഞാണ് ബി.എഡിന് ചേര്ന്നത്. ബി.എഡ് പൂര്ത്തിയായതും ചേട്ടനുമായുള്ള വിവാഹം കഴിഞ്ഞു. ഞങ്ങള് ഖത്തറിലേക്ക് പോയി. ചേട്ടന് ജോലി ചെയ്ത ഖത്തറിലെ എം.ഇ.എസ് ഇന്ത്യന് സ്ക്കൂളില് ഞാനും അധ്യാപികയായി ജോയിന് ചെയ്തു. ഒരു വര്ഷത്തിനുശേഷം ഡെലിവറിയുമായി ബന്ധപ്പെട്ട് ഞാന് നാട്ടിലേക്ക് തിരിച്ചുവന്നു. അധ്യാപനമെന്നത് ചേട്ടന് ഇഷ്ടപ്പെട്ട ജോലിയാണ്. സിനിമയില് തിരക്കായതുകൊണ്ട് അധ്യാപക ജോലിയില് നിന്ന് താല്ക്കാലികമായൊരു വിടപറയല് മാത്രമാണിത്. ഇനി, ജിയോഗ്രാഫി അധ്യാപകനും പ്രിന്സിപ്പാളുമായിരുന്ന സുധീര് കരമനയെന്ന സിനിമാതാരത്തോട് കുട്ടികളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് സൂചിപ്പിച്ചപ്പോള് മറുപടി പറഞ്ഞത് സുധീര് കരമനയാണ്.

എന്നും നിന്റെ മൊയ്തീന് എന്ന ചിത്രത്തില് മുക്കം ഭാസിയെന്ന കഥാപാത്രമായിരുന്ന ഞാന് ശാരദാംബരം എന്ന ഗാനരംഗത്തില് പെണ്വേഷം കെട്ടിയാണ് പ്രത്യക്ഷപ്പെട്ടത്. ശാരദാംബരം ജനങ്ങള് ശരിക്കും ഏറ്റെടുത്തു. മൂവായിരത്തോളം പെണ്കുട്ടികള് പഠിക്കുന്ന ഗേള്സ് ഹയര് സെക്കണ്ടറി സ്ക്കൂളില് പ്രിന്സിപ്പാളെന്ന നിലയില് ഞാന് വളരെ സ്ട്രിക്റ്റായിരുന്നു. ഞാന് രാവിലെ സ്ക്കൂളിലെത്തുമ്പോള് ഗുഡ് മോണിംഗ് പറഞ്ഞ കുട്ടികള് എന്ന് നിന്റെ മൊയ്തീന് ഹിറ്റായതോടെ ശാരദാംബരം നന്നായിട്ടുണ്ടെന്ന് എന്നോട് പറയാനും ധൈര്യം കാണിച്ചു.

സുധീര് കരമന അഭിനയിച്ച സിനിമകളിലെ ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ച് കുടുംബത്തിന്റെ വിലയിരുത്തല് കേള്ക്കാം.
അഞ്ജന ടീച്ചറാണ് അച്ഛന്റെയും ഭര്ത്താവിന്റെയും ഇഷ്ടകഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഫാമിലിയിലേക്കെത്തുമ്പോള് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അച്ഛന്റെ സിനിമകളില് എനിക്കേറെയിഷ്ടം തിങ്കളാഴ്ച നല്ല ദിവസമാണ്. അച്ഛന്റെ കഥാപാത്രം അതിമനോഹരമാണ്. കളിയൂഞ്ഞാല് പോലുള്ള സിനിമകളും എനിക്കിഷ്ടമാണ്. ചേട്ടന്റെ സിനിമകളിലേക്ക് വരുമ്പോള് വില്ലന് കഥാപാത്രങ്ങളോട് അത്രയ്ക്ക് താല്പ്പര്യമില്ല. കോമഡി കഥാപാത്രങ്ങളോടായിരുന്നു എനിക്കിഷ്ടം. ശരിക്കും ചേട്ടന്റെയുള്ളില് ഒരു  നടനുണ്ടെന്ന് കണ്ടെത്തിയത് ഗോപിയങ്കിളാണ്. ഗോപിയങ്കിളിന്റെ(കൊടിയേറ്റം ഗോപി) മറവിയുടെ മണം എന്ന ടെലിഫിലിമിലാണ് ചേട്ടന് ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് വാസ്തവത്തിലൂടെ സിനിമയിലേക്കെത്തി. വില്ലനിസമാണെങ്കിലും വാസ്തവത്തിലെ പാമ്പ് വാസുവും  സണ്ഡേ ഹോളിഡേയിലെ ബെന്നിയെന്ന കഥാപാത്രവും ഇന്നും മനസ്സില് തങ്ങിനില്ക്കുന്നു. സപ്തമശ്രീ തസ്കര, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഉറുമ്പുകള് ഉറങ്ങാറില്ല തുടങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ഇഷ്ടമാണ്.

മകന് സൂര്യനാരായണന് പറയുന്നു. എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അപ്പൂപ്പന് മരണപ്പെട്ടത്. അപ്പൂപ്പനെ കണ്ട ഓര്മ്മയില്ല. സിനിമകളിലൂടെ അച്ഛന് പറഞ്ഞാണ് ഞാനെന്റെ അപ്പൂപ്പനെ അടുത്തറിയുന്നത്. അപ്പൂപ്പന്റെ സിനിമകളില് എനിക്കേറെയിഷ്ടം സ്ഫടികത്തിലെ പള്ളീലച്ചനാണ്. എലിപ്പത്തായത്തിലെ അപ്പൂപ്പന് അവതരിപ്പിച്ച ക്യാരക്ടര് മറക്കാനാവില്ല. അച്ഛന്റെ കഥാപാത്രങ്ങളില് ഇഷ്ടമായത് സപ്തമശ്രീ തസ്കരയിലേക്ക് ലീഫ് വാസുവിനേയും, ഉറുമ്പുകള് ഉറങ്ങാറില്ല എന്ന ചിത്രത്തിലെ കേളുവാശാനെയുമാണ്.

മകള് ഗൗരി കല്യാണി പറഞ്ഞതിങ്ങനെയാണ്- മുത്തശ്ശനെ നേരില് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എനിക്കിഷ്ടപ്പെട്ട അപ്പൂപ്പന്റെ സിനിമ എലിപ്പത്തായമാണ്. അപ്പൂപ്പന്റേത് ഗംഭീരമായ കഥാപാത്രമാണ്. അച്ഛന്റെ സിനിമകളില് മികച്ചത് എന്നും നിന്റെ മൊയ്തീനിലെ മുക്കം ഭാസിയാണ്. എന്റെ ഫ്രണ്ട്സിന്റെ ഇടയിലും ഈ കഥാപാത്രം ചര്ച്ചാവിഷയമായിരുന്നു. ശാരദാംബരം എന്ന പാട്ടിലെ അച്ഛന്റെ സ്ത്രീവേഷത്തിലുള്ള പെര്ഫോമന്സ് മറക്കാനാവുന്നില്ല. പിന്നെ, ആമേന് എന്ന ചിത്രത്തിലെ കഥാപാത്രത്തേയും ഇഷ്ടമാണ്.

സുധീര് കരമനയേയും ഭാര്യയേയും മക്കളേയും മാനസികമായി ഒന്നിപ്പിക്കുന്നത് സംഗീതവും നൃത്തവുമാണ്. സുധീര് കരമന പഴയ മലയാളം പാട്ടുകളുടെ ഇഷ്ടക്കാരനാണെങ്കില് ഭാര്യ പഴയ ഹിന്ദി പാട്ടുകളുടെ ആരാധികയാണ്. മക്കളായ സൂര്യനാരായണനും ഗൗരി കല്യാണിയും നര്ത്തകരും പാട്ടുകാരുമാണ്. സൂര്യനാരായണന് ഓപ്പറ ഗാനങ്ങളിലാണ് മനസ്സര്പ്പിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കുകള്ക്കിടയിലും കുടുംബവുമായി ചെലവഴിക്കാന് സമയം കണ്ടെത്തുന്ന സുധീര് കരമനയെന്ന കുടുംബനാഥനെക്കുറിച്ചും ഇവര് പറയുന്നു.

അഞ്ജനടീച്ചര്: ചേട്ടന് പ്രിയം വീട്ടിലെ ഭക്ഷണമാണ്. സിനിമയുടെ തിരക്കില് നിന്നും മാറി വീട്ടിലെത്തുമ്പോള് മക്കളുടെ കാര്യങ്ങളിലൊക്കെ ശ്രദ്ധ ചെലുത്താറുണ്ട്. ഒഴിവുസമയത്ത് അമ്പലങ്ങളിലൊക്കെ ദര്ശനം നടത്താറുണ്ട്. പിന്നെ, പാട്ടിന്റെ കാര്യമാണെങ്കില് എനിക്കിഷ്ടം പഴയ ഹിന്ദി ഗാനങ്ങളാണ്. മുഹമ്മദ് റാഫിയുടേയും, കിഷോര് കുമാറിന്റെയും ലതാമങ്കേഷ്കറിന്റെയും പാട്ടുകള് എത്ര കേട്ടാലും മതിവരില്ല. ചേട്ടനാണെങ്കില് പഴയ മലയാളം പാട്ടുകളുടെ ആരാധകനാണ്. യാത്രാ സമയങ്ങളില് പഴയ ഹിന്ദി-മലയാളം പാട്ടുകള് കേള്ക്കാറുണ്ട്.

സൂര്യനാരായണന്: ശരിക്കും പറഞ്ഞാല് ഞാനും എന്റെ അനിയത്തിയും ഡാന്സേഴ്സാണ്. വെസ്റ്റേണ്, കണ്ടമ്പററി, ഷ്യൂഷന്, ഇന്ത്യന് ഡാന്സ് എന്നിവയൊക്കെ ഞങ്ങള് പഠിച്ചിട്ടുണ്ട്. പിന്നെ അച്ഛന്റെയും അമ്മയുടേയും പാട്ടിനോടുള്ള ഇഷ്ടം വ്യത്യസ്തമാണ്. ഏജ് മാറുമ്പോള് ടേസ്റ്റും മാറും. എനിക്കിപ്പോള് ഓപ്പറ സോംഗാണ് ഇഷ്ടം. മനസ്സ് ശാന്തമാവാനും, ആഹ്ലാദിക്കാനും, സ്ട്രെസ്സ് ഇല്ലാതാക്കാനും ഓപ്പറ സോംഗിന് കഴിയുന്നുണ്ട്. അച്ഛനും ഞാനും നല്ല സൗഹൃദമാണ്. അച്ഛന്റെ ആഗ്രഹം പോലെ നല്ലൊരു ജോലി കിട്ടാനുള്ള പഠനത്തിലാണ്. ജോലി ലഭിച്ചതിന് ശേഷം മറ്റ് കാര്യങ്ങള് തീരുമാനിക്കും.

ഗൗരി കല്യാണി: ചെറുപ്പം മുതല്ക്കേ ഡാന്സിനോട് വല്ലാത്ത ഇഷ്ടമാണ്. അഞ്ച് വര്ഷം ഭരതനാട്യം പഠിച്ചിട്ടുണ്ട്. അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പുകള് നടത്തുന്നതിനിടയിലാണ് എം.ബി.ബി.എസിന് ചേര്ന്നത്. അച്ഛനും അമ്മയും പാട്ട് കേള്പ്പിച്ചുതരുമായിരുന്നു. അച്ഛന്റെ ആഗ്രഹം പോലെ എനിക്കും ഒരു ഡോക്ടറാവണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കാന് കഴിയുമല്ലോയെന്ന ചിന്തയാണ് എം.ബി.ബി.എസ് പഠനത്തിലേക്ക് എന്നെ നയിച്ചത്. എല്ലാവരേയും സഹായിക്കാന് കഴിയുന്ന നല്ലൊരു ഡോക്ടറായി മാറാനാണ് ഞാന് പരിശ്രമിക്കുന്നത്.

യഥാര്ത്ഥത്തില്, സുധീര് കരമനയുടെ അഞ്ജനം വീട്ടില് എല്ലാവരും തിരക്കിലാണ്. കൈനിറയെ ചിത്രങ്ങളുമായി സുധീര് കരമന വൈവിധ്യമാര്ന്ന കഥാപാത്രങ്ങളുടെ മാനസിക വിചാരങ്ങളിലൂടെ സഞ്ചരിക്കുമ്പോള് അഞ്ജന ടീച്ചര് അധ്യാപനത്തിന്റെ അതിമധുരവുമായി കുട്ടികളിലേക്കിറങ്ങുന്നു. മനസ്സില് ഡാന്സും ഓപ്പറ സോംഗുമായി മൂത്തമകന് സൂര്യനാരായണന് ഉപരിപഠനത്തിനായി വിദേശത്ത് പോവാനുള്ള തിരക്കിലാണ്. മകള് ഗൗരികല്യാണിയാവട്ടെ ആതുരസേവനരംഗത്ത് സ്തുത്യര്ഹമായ സേവനം നടത്തുന്ന നല്ലൊരു ഡോക്ടറാവാനുള്ള പഠനത്തിന്റെ അശ്രാന്ത പരിശ്രമത്തിലാണ്.
എം.എസ്. ദാസ് മാട്ടുമന്ത

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM